
തിരുവനന്തപുരം: ട്രഷറിയിലെ ധന പ്രതിസന്ധി മറികടക്കാൻ റിസർവ് ബാങ്കിന്റെ ഓവർ ഡ്രാഫ്റ്റ് (ഒ.ഡി.) സൗകര്യത്തെ ആശ്രയിക്കുന്ന സംസ്ഥാനങ്ങൾക്ക് ഇനി കാര്യങ്ങൾ അത്ര എളുപ്പമാകില്ല. ഒ.ഡിയിൽ തുടരാവുന്ന ദിവസങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന നിർദേശവുമായി റിസർവ് ബാങ്ക് നിയോഗിച്ച ഉപദേശക സമിതി. തുടർച്ചയായി 14 ദിവസം വരെ ഒ.ഡിയിൽ തുടരാനുള്ള നിലവിലെ പരിധി 10 ദിവസമാക്കാനാണ് ശുപാർശ.
ഒരു സാമ്പത്തികവർഷത്തിലെ ഓരോ പാദത്തിലും ഒ.ഡി. എടുക്കാവുന്ന ആകെ ദിവസങ്ങളുടെ പരിധിയും 36ൽനിന്ന് 30 ദിവസമായി കുറയ്ക്കാനാണ് നിർദേശം. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങൾ റിസർവ് ബാങ്കിന്റെ താൽക്കാലിക വായ്പാ സൗകര്യങ്ങളെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് സമിതി വ്യക്തമാക്കി.
കേരളത്തെ സംബന്ധിച്ചിടത്തോളം നിർദേശങ്ങൾ നിർണായകമാണ്. ട്രഷറിയിലെ പണലഭ്യത ഉറപ്പാക്കുന്നതിനായി വേയ്‌സ് ആൻഡ് മീൻസ് വായ്പയും ഒ.ഡി. സംവിധാനവും കേരളം പതിവായി ഉപയോഗിക്കുന്നുണ്ട്. പുതിയ നിയന്ത്രണങ്ങൾ നിലവിൽ വന്നാൽ പണഞെരുക്കമുള്ള ഘട്ടങ്ങളിൽ സംസ്ഥാനത്തിന് ലഭിക്കുന്ന താൽക്കാലിക ആശ്വാസത്തിന്റെ പരിധി കുറയാനിടയുണ്ട്.
കർണാടക മുൻ അഡീഷണൽ ചീഫ് സെക്രട്ടറി എസ്.എൻ. പ്രസാദ് അധ്യക്ഷനായ സമിതിയാണ് ശുപാർശകൾ സമർപ്പിച്ചത്. കേരള ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലും സമിതിയിലെ അംഗമാണ്.
വേയ്‌സ് ആൻഡ് മീൻസ് പരിധിയിൽ നേരിയ വർധന മാത്രം
റിസർവ് ബാങ്കുമായുള്ള ധാരണപ്രകാരം സംസ്ഥാന സർക്കാരിന് ബാങ്കിൽ ദിവസവും 1.66 കോടി രൂപയുടെ മിനിമം ബാലൻസ് നിലനിർത്തേണ്ടതുണ്ട്. ബാലൻസ് കുറയുന്ന സാഹചര്യത്തിൽ ആദ്യം സ്പെഷ്യൽ ഡ്രോയിങ് ഫെസിലിറ്റി ഉപയോഗിക്കാം. കൺസോളിഡേറ്റഡ് സിങ്കിങ് ഫണ്ട്, ഗ്യാരന്റി റിഡംപ്ഷൻ ഫണ്ട് എന്നിവയുടെ വലുപ്പം കണക്കിലെടുത്ത് കേരളത്തിന് നിലവിൽ 3362.9 കോടി രൂപ വരെ ഈ സൗകര്യം ലഭിക്കും.
ഇതിന് ശേഷവും പണലഭ്യതാ പ്രതിസന്ധി തുടരുകയാണെങ്കിൽ വേയ്‌സ് ആൻഡ് മീൻസ് വായ്പയിലേക്ക് കടക്കാം. കേരളത്തിന്റെ നിലവിലെ പരിധി 2308 കോടി രൂപയാണ്.
മൊത്തം ചെലവിന്റെ അടിസ്ഥാനത്തിൽ വേയ്‌സ് ആൻഡ് മീൻസ് പരിധി നിശ്ചയിക്കുന്നതിന് പകരം മൊത്തം റവന്യൂ വരുമാനം അടിസ്ഥാനമാക്കണമെന്നാണ് സമിതിയുടെ മറ്റൊരു നിർദേശം. റവന്യൂ വരുമാനം കണക്കാക്കുമ്പോൾ ലോട്ടറി വരുമാനം ഒഴിവാക്കണമെന്നും ശുപാർശയുണ്ട്.
പുതിയ മാനദണ്ഡം പ്രാബല്യത്തിൽ വന്നാൽ കേരളത്തിന്റെ വേയ്‌സ് ആൻഡ് മീൻസ് പരിധി 2308 കോടിയിൽനിന്ന് 2503 കോടി രൂപയായി ഉയരും. 8.5 ശതമാനം മാത്രമാണ് വർധന.
കേരളത്തിന്റെ റവന്യൂ വരുമാനം 2022-23ൽ 1.32 ലക്ഷം കോടി രൂപയായിരുന്നത് 2024-25ൽ 1.25 ലക്ഷം കോടി രൂപയായി കുറഞ്ഞിട്ടുണ്ട്.
സിങ്കിങ് ഫണ്ടിൽ ഇളവ്, പക്ഷേ കേരളത്തിന് പരിമിതി
സിങ്കിങ് ഫണ്ടിന്റെ 50 ശതമാനം വരെ സ്പെഷ്യൽ ഡ്രോയിങ് ഫെസിലിറ്റിയായി ഉപയോഗിക്കാനുള്ള പരിധി 75 ശതമാനമാക്കാനും സമിതി നിർദേശിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിന്റെ സിങ്കിങ് ഫണ്ട് പര്യാപ്തമല്ലാത്തതിനാൽ ഈ നിർദേശം സംസ്ഥാനത്തിന് വലിയ അധിക സാമ്പത്തിക ഇടം നൽകണമെന്നില്ല.
ഒ.ഡി. ഉപയോഗിക്കാവുന്ന ദിവസങ്ങൾ കുറയ്ക്കുകയും വായ്പാ പരിധി കണക്കാക്കുന്ന രീതി മാറ്റുകയും ചെയ്യുന്നതോടെ സംസ്ഥാനങ്ങളുടെ സാമ്പത്തിക ആസൂത്രണത്തിന് കൂടുതൽ പ്രാധാന്യം നൽകേണ്ട സാഹചര്യമാണുണ്ടാകുന്നത്. പ്രത്യേകിച്ച് താൽക്കാലിക പണഞെരുക്കം മറികടക്കാൻ റിസർവ് ബാങ്കിന്റെ സൗകര്യങ്ങളെ കൂടുതലായി ആശ്രയിക്കുന്ന കേരളത്തിന് നിർദേശങ്ങൾ ശ്രദ്ധേയമാണ്.










