
ദോഹ : നോബിൾ ഇൻ്റർനാഷണൽ സ്കൂളിൽ 77-ാമത് റിപ്പബ്ലിക് ദിനം വിപുലമായ പരിപാടികളോടെആഘോഷിച്ചു. സ്കൂൾ ട്രാൻസ്‌പോർട്ടഷൻ ഡയറക്ടർ ആർ എസ് മൊയ്‌ദീൻ, മാനേജ്മെന്റ് ഡയറക്ടർ ബോർഡ് മെമ്പർ നാസർ കെ, പ്രിൻസിപ്പൽ ഡോ. ഷിബു അബ്ദുൾ റഷീദ് എന്നിവർ ചേർന്ന് ദേശീയ പതാക ഉയർത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ജയ്‌മോൻ ജോയ് സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ ഡോ. ഷിബു അബ്ദുൾ റഷീദ് മുഖ്യ പ്രഭാഷണം നടത്തി. രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിൽ ഓരോ പൗരൻ്റെയും പങ്ക് അത്യന്തം നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു. ദേശസ്നേഹം എന്നത് വാക്കുകളിൽ മാത്രമല്ല, ഉത്തരവാദിത്തമുള്ള പ്രവൃത്തികളിലൂടെയും പ്രകടമാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും അവതരിപ്പിച്ച ദേശഭക്തിഗാനങ്ങൾ, നൃത്തനൃത്യങ്ങൾ തുടങ്ങിയ സാംസ്കാരിക പരിപാടികൾ ചടങ്ങിന് നിറച്ചാർത്ത് നൽകി. വൈസ് പ്രിൻസിപ്പൽസ് സ്മിത നെടിയപറമ്പത്ത്, റോബിൻ കെ ജോസ്, ഷിഹാബുദ്ധീൻ എo തുടങ്ങിയവർ സംബന്ധിച്ചു. റിപ്പബ്ലിക് ദിനാഘോഷം വിദ്യാർത്ഥികളിൽ ദേശീയബോധവും പൗരബോധവും വളർത്തുന്നതിനൊപ്പം ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതിൻ്റെ സന്ദേശവും നൽകി.











