ഫ്ലൈ പാസ്റ്റും

കൊച്ചി: റിപ്പബ്ലിക്ക് ദിനാഘോഷത്തിൻ്റെ ഭാഗമായി ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് വർണ്ണാഭമായ പരേഡും ഫ്ലൈ പാസ്റ്റും.സീ കേഡറ്റ്സിലെയും എൻ സിസിയിലെയും സേനാംഗങ്ങൾ പങ്കെടുത്ത പരേഡിൽ ദക്ഷിണ നാവികസേനാ മേധാവി വൈസ് അഡ്മിറൽ വി.ശ്രീനിവാസ് അഭിവാദ്യം സ്വീകരിച്ചു. ഇതിന് മുന്നോടിയായി രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത സേനാംഗങ്ങളെ അനുസ്മരിച്ച് ഐഎൻഎസ് വെണ്ടുരുത്തിയിലെ യുദ്ധസ്മാരകത്തിൽ അദ്ദേഹം പുഷ്പച്ചക്രം സമർപ്പിച്ചു. കോമഡോർ അമിത് തിവാരിയുടെ നേതൃത്വത്തിലായിരുന്നു പരേഡ്. നാവികസേനയുടെ ചേതക്ക് ഹെലികോപ്റ്ററുകൾ പങ്കെടുത്ത ആകർഷകമായ ഫ്ലൈ പാസ്റ്റും നടന്നു.
പരേഡിൽ പങ്കെടുത്ത സേനാംഗങ്ങളെ വൈസ് അഡ്മിറൽ വി.ശ്രീനിവാസ് പ്രശംസിച്ചു. എഴുപത്തിയാറാം റിപ്പബ്ലിക്കൻ ദിനത്തിൽ എല്ലാ സേനാംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും അദ്ദേഹം ആശംസകൾ അർപ്പിച്ചു. ശാസ്ത്ര, സാങ്കേതിക, ആരോഗ്യ മേഖലകളിലും ബഹിരാകാശ, ഡിജിറ്റൽ രംഗത്തും രാജ്യം കൈവരിച്ച അതിശയകരമായ നേട്ടങ്ങൾ അദ്ദേഹം എടുത്തു പറഞ്ഞു. രാജ്യത്തിൻ്റെ സുരക്ഷയും സുസ്ഥിരതയും നിലനിർത്തുന്നതിൽ ഇന്ത്യൻ സായുധസേനകൾ വഹിക്കുന്ന പങ്ക് വലുതാണ്. ഇന്ത്യൻ സമുദ്ര മേഖലകളിൽ കടൽക്കൊള്ളക്കാരുടെ ശല്യം ഗണ്യമായി കുറയ്ക്കാനും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാനും രാജ്യത്തിൻ്റെ സമുദ്ര താൽപ്പര്യങ്ങൾ സംരക്ഷിക്കാനും നാവികസേന വഹിക്കുന്ന നിർണ്ണായക പങ്കിനെപ്പറ്റി അദ്ദേഹം എടുത്തു പറഞ്ഞു.ഇതര രാജ്യങ്ങളിലെ നാവിക സേനകളുമായി പരിശീലനം, സംയുക്ത അഭ്യാസപ്രകടനങ്ങൾ , ഹൈഡ്രോഗ്രാഫിക് പര്യവേക്ഷണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ദക്ഷിണ നാവിക സേന നടത്തുന്ന പ്രവർത്തനങ്ങളെ വൈസ് അഡ്മിറൽ അഭിനന്ദിച്ചു. ഏത് നിമിഷവും ഏത് പ്രതിസന്ധിയേയും നേരിടാൻ തക്കവണ്ണം പ്രവർത്തനസജ്ജമായ നാവിക സേനാംഗങ്ങളെ തയാറാക്കിയെടുക്കുന്നതിൽ ദക്ഷിണ നാവികസേന കൈവരിച്ച നേട്ടത്തെയും അദ്ദേഹം വിശദീകരിച്ചു. ഐ എൻ എസ് താരിണി പായ്ക്കപ്പലിൽ ലോക പര്യടനത്തിന് പുറപ്പെട്ട നാവിക സേനാംഗങ്ങളായ വനിതകളുടെ നേട്ടത്തെയും ദക്ഷിണ നാവിക സേനാ മേധാവി പ്രകീർത്തിച്ചു.











