08:23am 13 November 2026
NEWS
​റിപ്പോർട്ടർ ടി.വിക്ക് ടൂറിസം വകുപ്പിന്റെ 'ബംബർ ലോട്ടറി'; സ്തുതിപാഠകർക്ക് 59 ലക്ഷം കൈമാറിയത് ശരവേഗത്തിൽ
25/02/2026  03:51 PM IST
ന്യൂസ് ബ്യൂറോ
​റിപ്പോർട്ടർ ടി.വിക്ക് ടൂറിസം വകുപ്പിന്റെ ബംബർ ലോട്ടറി; സ്തുതിപാഠകർക്ക് 59 ലക്ഷം കൈമാറിയത് ശരവേഗത്തിൽ

തിരുവനന്തപുരം: സാധാരണക്കാരന്റെ അപേക്ഷകൾ ചുവപ്പുനാടയിൽ കുരുങ്ങി മാസങ്ങളോളം സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുമ്പോൾ, മുഖ്യമന്ത്രിയെയും സർക്കാരിനെയും പുകഴ്ത്തുന്നവർക്ക് ഫണ്ട് അനുവദിക്കാൻ പിണറായി സർക്കാരിന് മിന്നൽ വേഗം. റിപ്പോർട്ടർ ടി.വിക്ക് ടൂറിസം വകുപ്പിൽ നിന്ന് 59 ലക്ഷം രൂപയുടെ വൻതുക അനുവദിച്ചതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ചാനൽ ഉടമ ആൻ്റോ അഗസ്റ്റിന്റെ അപേക്ഷയിൽ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നേരിട്ട് ഇടപെട്ടാണ് ഇത്രയും ഭീമമായ തുക അനുവദിച്ചത്.

​ഫയൽ നീങ്ങിയത് 'റോക്കറ്റ്' വേഗത്തിൽ

​സർക്കാർ ഓഫീസുകളിലെ സ്വാഭാവിക കാലതാമസങ്ങളെല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് ഈ ഫയൽ നീങ്ങിയത്. ഫെബ്രുവരി 3-ന് കേരള ടൂറിസത്തെക്കുറിച്ച് 15 ദിവസത്തെ ക്യാമ്പയിൻ നടത്താൻ 50 ലക്ഷം രൂപ ആവശ്യപ്പെട്ട് റിപ്പോർട്ടർ ടി.വി ടൂറിസം ഡയറക്ടർക്ക് അപേക്ഷ നൽകി. കൃത്യം 15 ദിവസത്തിനുള്ളിൽ, അതായത് ഫെബ്രുവരി 18-ന് ടൂറിസം ഡയറക്ടർ ഈ അപേക്ഷയിൽ അനുകൂലമായ ശുപാർശ നൽകി മന്ത്രിക്ക് കൈമാറി.

​അവിടെയും തീർന്നില്ല അത്ഭുതം; ഫയൽ മന്ത്രിയുടെ കൈയ്യിലെത്തി വെറും രണ്ട് ദിവസത്തിനുള്ളിൽ (ഫെബ്രുവരി 20) മന്ത്രി അനുമതി നൽകുകയും 50 ലക്ഷം രൂപയും 18 ശതമാനം ജി.എസ്.ടിയും (9 ലക്ഷം) ചേർത്ത് 59 ലക്ഷം രൂപ അനുവദിച്ചുകൊണ്ട് ഉത്തരവ് പുറത്തിറങ്ങുകയും ചെയ്തു.

​പ്രതിഫലം 'പിണറായി സ്തുതി'ക്കോ?

​സർക്കാരിനെതിരെയുള്ള എല്ലാ വിമർശനങ്ങളെയും പ്രതിരോധിക്കാനും 24 മണിക്കൂറും മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്താനും റിപ്പോർട്ടർ ടി.വി കാണിക്കുന്ന ആവേശത്തിനുള്ള ഉപകാരസ്മരണയാണിതെന്ന് പ്രതിപക്ഷ കേന്ദ്രങ്ങൾ ആരോപിക്കുന്നു. വെറും 15 ദിവസത്തെ ക്യാമ്പയിന് വേണ്ടി ഇത്രയും വലിയൊരു തുക പൊതുമുതലിൽ നിന്ന് നൽകുന്നത് സ്തുതിപാഠകർക്കുള്ള പാരിതോഷികമാണെന്നാണ് ഉയരുന്ന വിമർശനം.
​

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img