
കൊച്ചി : കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷാ അനുമതിയോ സംപ്രേക്ഷണ ലൈസന്‍സോ ഇല്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന റിപ്പോര്‍ട്ടര്‍ ടിവി ഉടന്‍ അടച്ചുപൂട്ടണമെന്ന് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് ആവശ്യപ്പെട്ടു. ചാനല്‍ നടത്തിപ്പിന് ആവശ്യമായ ലൈസന്‍സുകള്‍ ഇല്ലാത്തതിനാല്‍ റിപ്പോര്‍ട്ടര്‍ ചാനലിനെ ഒരു മാധ്യമ സ്ഥാപനമായി കാണാനാകില്ല. രാജ്യത്ത് നിലനില്‍ക്കുന്ന എല്ലാ നിയമങ്ങളും ലംഘിച്ച് തട്ടിപ്പ് നടത്തുന്ന അഗസ്റ്റിന് സഹോദരന്മാര് തങ്ങളുടെ ബിനാമി പ്രവര്‍ത്തനങ്ങള്‍ക്കും തട്ടിപ്പുകള്‍ക്കും മറയാക്കാനാണ് മാധ്യമപ്രവര്‍ത്തകരെ വിലയ്ക്കെടുത്ത് ചാനല്‍ നിയന്ത്രണം കയ്യാളുന്നതെന്നും അദ്ദേഹം പറഞ്ഞു. ചാനല്‍ ഉടമ എന്ന് അവകാശപ്പെടുന്ന ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ നിന്ന് അമേരിക്കന്‍ ഡോളര്‍ ഉള്‍പ്പെടെയുള്ള വിദേശ കറന്‍സികളും മദ്യവും കണ്ടെടുത്തതിലൂടെ ചാനലിന്റെ മറവില്‍ ഹവാല ഇടപാടുകളും മദ്യക്കടത്തും നടക്കുന്നുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്.
റിപ്പോര്‍ട്ടര്‍ ടിവി നടത്തിപ്പുകാര്‍ സ്വന്തം നിലയ്ക്ക് ജി.എസ്.ടി വെട്ടിപ്പും സാമ്പത്തിക തട്ടിപ്പുകളും നടത്തുമ്പോള്‍തന്നെ തങ്ങളുടെ വരുതിക്ക് വരാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയും, വ്യക്തികള്‍ക്കെതിരെയും, സ്ഥാപനങ്ങള്‍ക്കെതിരെയും നിരന്തരം വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ച് ബ്ലാക്ക് മെയില്‍ ചെയ്യുന്നതാണ് ഇവരുടെ പതിവ് . ഇതിനോടകം തന്നെ അനേകം വ്യക്തികളും സ്ഥാപനങ്ങളും ഇവരുടെ ഇരകളായി തീര്‍ന്നിട്ടുണ്ട്.
ഫുട്ബോള്‍ താരം മെസ്സിയെ കേരളത്തില്‍ എത്തിക്കുമെന്ന വ്യാജ പ്രചാരണം നടത്തി പണപ്പിരിവിനൊപ്പം കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം തട്ടിയെടുക്കാനും ഇവര്‍ പദ്ധതിയിട്ടിരുന്നതായി സംശയിക്കുന്നു. ജിഎസ്ടി തട്ടിപ്പിലും ഹവാല കേസിലും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെത്തന്നെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തി പോലീസ് റെയ്ഡ് നടത്തിയ സാഹചര്യത്തില്‍, ലൈസന്‍സില്ലാത്ത ഈ സ്ഥാപനം ഒരു ദിവസം പോലും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും ഓഫീസുകള്‍ പൂട്ടി മുദ്രവെക്കണമെന്നും സാബു ജേക്കബ് ശക്തമായി ആവശ്യപ്പെട്ടു.
Photo Courtesy - Google











