12:30pm 10 September 2026
NEWS
മെസ്സിയെ കേരളത്തിലെത്തിക്കാനെന്ന പേരിൽ വിദേശത്തേക്ക് കടത്തിയ 126 കോടി രൂപ മറ്റ് കമ്പനികളുടേത്; 22.68 കോടി ജിഎസ്ടി അടച്ചില്ല; നിർണായക റിപ്പോർട്ടുമായി എസ്ഐടി
10/09/2026  10:31 AM IST
nila
മെസ്സിയെ കേരളത്തിലെത്തിക്കാനെന്ന പേരിൽ വിദേശത്തേക്ക് കടത്തിയ 126 കോടി രൂപ മറ്റ് കമ്പനികളുടേത്; 22.68 കോടി ജിഎസ്ടി അടച്ചില്ല; നിർണായക റിപ്പോർട്ടുമായി എസ്ഐടി

കാഞ്ഞങ്ങാട്: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ 126 കോടി രൂപ വിദേശ അക്കൗണ്ടിലേക്ക് മാറ്റിയെന്ന ആരോപണത്തിൽ പുതിയ കണ്ടെത്തലുകൾ. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി വിദേശത്തേക്ക് കൈമാറിയ തുക മറ്റ് കമ്പനികളിൽനിന്ന് ലഭിച്ച പണമാണെന്നാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.

ജി.എസ്.ടി. വെട്ടിപ്പും അന്വേഷണത്തിന്റെ ഭാഗമായി എസ്.ഐ.ടി. വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. 50 പേജുള്ള റിപ്പോർട്ടാണ് ജി.എസ്.ടി. കമ്മിഷണർക്ക് കൈമാറിയത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ 10 പേജുള്ള പ്രാഥമിക റിപ്പോർട്ടും നൽകിയിരുന്നു.

126 കോടി രൂപയിൽ 77.16 കോടി രൂപ 2025 ജൂണിലാണ് വിദേശ അക്കൗണ്ടിലേക്ക് മാറ്റിയത്. ശേഷിക്കുന്ന തുക നവംബറിലുമാണ് കൈമാറിയതെന്നാണ് അന്വേഷണ റിപ്പോർട്ടിലെ വിവരം.

ജി.എസ്.ടി. നിയമത്തിലെ 13(3) വകുപ്പ് പ്രകാരം അഡ്വാൻസ് തുകയായി ലഭിച്ചാലും 18 ശതമാനം ജി.എസ്.ടി. അടയ്ക്കണം. എന്നാൽ രണ്ട് ഘട്ടങ്ങളിലായി പണം കൈമാറിയപ്പോഴും ജി.എസ്.ടി. അടച്ചില്ലെന്നാണ് കണ്ടെത്തൽ.

126 കോടി രൂപയുടെ 18 ശതമാനം കണക്കാക്കുമ്പോൾ 22.68 കോടി രൂപ ജി.എസ്.ടി. ഇനത്തിൽ അടയ്ക്കേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. വിദേശ അക്കൗണ്ടിലേക്കുള്ള ഇടപാടായതിനാൽ ഇത് റിവേഴ്‌സ് ചാർജ് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് ജി.എസ്.ടി. ഓഫീസിൽ നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എം.ഡി. ആന്റോ അഗസ്റ്റ്യൻ കാഞ്ഞങ്ങാട്ടെ ജി.എസ്.ടി. ഇന്റലിജൻസ് ഓഫീസിലെത്തി മൊഴി നൽകിയിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img