
ബീഹാറിൽ ഏകദേശം 80,000 മുസ്ലീം വോട്ടർമാരെ വോട്ടർപട്ടികയിൽ നിന്നും നീക്കാൻ ബിജെപി ശ്രമം നടത്തിയെന്ന് റിപ്പോർട്ട്. ബീഹാറിലെ കിഴക്കൻ ചമ്പാരൻ ജില്ലയിലെ ധാക്ക നിയോജക മണ്ഡലത്തിലാണ് മുസ്ലീം വോട്ടർമാരെ വോട്ടർപട്ടികയിൽ നിന്നും ഒഴിവാക്കാൻ ബിജെപി പരാതി നൽകിയത്. ഇന്ത്യൻ പൗരന്മാരല്ലെന്നാരോപിച്ചാണ് ബിജെപി നേതാക്കൾ പരാതി നൽകിയത് എന്നാണ് ദി റിപ്പോർട്ടേഴ്‌സ് കളക്ടീവ് റിപ്പോർട്ട് ചെയ്യുന്നത്.
ധാക്ക നിയോജകമണ്ഡലത്തിലെ ഏകദേശം 80,000 മുസ്ലീം വോട്ടർമാരെയെല്ലാം ഇന്ത്യൻ പൗരന്മാരല്ലെന്ന് തെറ്റായി അവകാശപ്പെട്ട് അവരുടെ വോട്ടുകൾ നീക്കം ചെയ്യാൻ ആവർത്തിച്ചുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന് ദി റിപ്പോർട്ടേഴ്‌സ് കളക്ടീവ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ഇവരെ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ജില്ലാ ഓഫീസർ, ബിഹാറിലെ ചീഫ് ഇലക്ടറൽ ഓഫീസർ (സിഇഒ) എന്നിവർക്ക് ബിജെപി രേഖാമൂലം അപേക്ഷകൾ നൽകി.
ധാക്കയിൽ നിന്നുള്ള ബിജെപി എംഎൽഎയുടെ പേഴ്‌സണൽ അസിസ്റ്റന്റ് പവൻ കുമാർ ജയ്‌സ്വാളിന്റെ പേരിലാണ് ഒരു അപേക്ഷ സമർപ്പിച്ചത്. മറ്റൊന്ന് പട്‌നയിലെ ബിജെപിയുടെ സംസ്ഥാന ആസ്ഥാനത്തിന്റെ ലെറ്റർഹെഡിലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ആ അപേക്ഷകളിന്മേൽ ഉദ്യോഗസ്ഥർ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.











