
മാലദ്വീപിൽ ഭരണം അട്ടിമറിക്കാൻ ഇന്ത്യ ശ്രമിച്ചെന്ന് ആരോപണം. അമേരിക്കൻ പത്രമായ വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ടിലാണ് ഇന്ത്യക്കെതിരെ ഗുരുതരമായ ആരോപണം ഉയർത്തുന്നത്. മാലദ്വീപിൽ ഭരണ അട്ടിമറിക്ക് ഇന്ത്യ ശ്രമിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതിന്റെ ഭാഗമായുള്ള ഗൂഢാലോചനയിൽ പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എം.ഡി.പി)യിലെ നേതാക്കൾ ഇന്ത്യയോട് ആറ് മില്ല്യൺ ഡോളർ ആവശ്യപ്പെട്ടെന്നുമാണ് വാഷിങ്ടൺ പോസ്റ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്.
'ഡെമോക്രാറ്റിക് റിന്യൂവൽ ഇനിഷ്യേറ്റീവ്' എന്ന തലക്കെട്ടിലുള്ള ആഭ്യന്തര രേഖയെ അടിസ്ഥാനമാക്കിയാണ് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. മുയ്‌സുവിന്റെ സ്വന്തം പാർട്ടിയിൽ നിന്നുള്ള അംഗങ്ങൾ ഉൾപ്പെടെ മാലദ്വീപ് പാർലമെന്റിലെ 40 അംഗങ്ങൾക്ക് കൈക്കൂലി നൽകി മുയ്‌സുവിനെ അട്ടിമറിക്കാനായിരുന്നു നീക്കമെന്നുമാണ് പത്രം റിപ്പോർട്ട് ചെയ്തത്. ചൈന അനുകൂല നിലപാടുകളെടുക്കുന്ന പ്രസിഡന്റ് മുഹമ്മദ് മുയ്‌സുവിനെ പുറത്താക്കാനായിരുന്നു ഇന്ത്യയുടെ ശ്രമമെന്നും എന്നാൽ ഇത് നടപ്പിലായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ഈ പദ്ധതിയിൽ ഡൽഹിയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ പങ്കുണ്ടോയെന്നത് വ്യക്തമല്ലെന്നും റിപ്പോർട്ടിലുണ്ട്. ചർച്ചകൾ നടന്നുവെന്നും എന്നാൽ പദ്ധതി യാഥാർഥ്യമായില്ലെന്നും മാലദ്വീപിലെ രണ്ട് ഉദ്യോഗസ്ഥർ വാഷിങ്ടൺ പോസ്റ്റിനോട് പ്രതികരിച്ചു. എന്നാൽ, ഈ റിപ്പോർട്ടിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.











