06:24am 27 November 2026
NEWS
സിഐഎ മുമ്പ് സമ്മതിച്ചതിലധികം പേരെ വാട്ടർബോർഡിങ് പീഡനത്തിന് ഇരയാക്കിയോ? പുതിയ വെളിപ്പെടുത്തലുമായി ന്യൂയോർക്ക് ടൈംസ്
27/11/2026  05:52 AM IST
nila
സിഐഎ മുമ്പ് സമ്മതിച്ചതിലധികം പേരെ വാട്ടർബോർഡിങ് പീഡനത്തിന് ഇരയാക്കിയോ? പുതിയ വെളിപ്പെടുത്തലുമായി ന്യൂയോർക്ക് ടൈംസ്

 

വാഷിങ്ടൺ: അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സിഐഎ) മുമ്പ് സമ്മതിച്ചിരുന്നതിലധികം പേരെ വാട്ടർബോർഡിങ് എന്ന ക്രൂരമായ പീഡനമുറയ്ക്ക് വിധേയരാക്കിയിരിക്കാമെന്ന് റിപ്പോർട്ട്. ന്യൂയോർക്ക് ടൈംസാണ് ഇതുസംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്തുവിട്ടത്.

സിഐഎയുടെ പ്രവർത്തനങ്ങൾ അന്വേഷിക്കാൻ 2008ൽ നിയോഗിക്കപ്പെട്ട പ്രത്യേക പ്രോസിക്യൂട്ടർ ജോൺ ഡർഹാമിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ ലഭിക്കുന്നതിനായി ന്യൂയോർക്ക് ടൈംസ് നൽകിയ ഹർജിക്കു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ. ഡർഹാമിന്റെ അന്വേഷണം അവസാനിച്ചെങ്കിലും സംഭവത്തിൽ ആരെയും ക്രിമിനൽ കുറ്റം ചുമത്തി വിചാരണ ചെയ്തിരുന്നില്ല.

അന്വേഷണത്തിൽ ശേഖരിച്ച രേഖകളിൽ ചിലത് ഭാഗികമായി മറച്ചുവച്ച നിലയിലാണ് ന്യൂയോർക്ക് ടൈംസിന് ലഭിച്ചത്. ഇതിൽ 2012ൽ ഒരു പരിഭാഷകനെ ചോദ്യം ചെയ്തതിന്റെ സംഗ്രഹവും ഉൾപ്പെടുന്നു. മുമ്പ് സ്ഥിരീകരിക്കപ്പെടാത്ത മറ്റൊരു വാട്ടർബോർഡിങ് സംഭവത്തെക്കുറിച്ചാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്.

2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണങ്ങൾക്കു പിന്നാലെ സിഐഎ ഉപയോഗിച്ച ഏറ്റവും കുപ്രസിദ്ധമായ പീഡനമുറകളിലൊന്നാണ് വാട്ടർബോർഡിങ്. ഒരാളെ ബലമായി കിടത്തി മുഖത്ത് തുണിയിട്ടശേഷം അതിനു മുകളിലൂടെ വെള്ളം ഒഴിക്കുന്ന രീതിയാണിത്. മുങ്ങിമരിക്കുന്ന അനുഭവം സൃഷ്ടിച്ച് കടുത്ത ഭീതിയും ശാരീരിക അസ്വസ്ഥതയും ഉണ്ടാക്കുകയാണ് ലക്ഷ്യം.

സിഐഎ ഇതിനെ 'മെച്ചപ്പെടുത്തിയ ചോദ്യംചെയ്യൽ രീതി' (Enhanced Interrogation Technique) എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. അമേരിക്കയുടെ 'ഭീകരവിരുദ്ധ യുദ്ധ'ത്തിന്റെ ഭാഗമായി സംശയിക്കുന്നവരെ വിദേശരാജ്യങ്ങളിലെ രഹസ്യ തടങ്കൽ കേന്ദ്രങ്ങളിലേക്ക് (ബ്ലാക്ക് സൈറ്റുകൾ) മാറ്റി പീഡിപ്പിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഇത്തരം കേന്ദ്രങ്ങളിൽ വാട്ടർബോർഡിങ് ഉൾപ്പെടെയുള്ള പീഡനമുറകൾ രഹസ്യമായാണ് നടപ്പാക്കിയിരുന്നത്.

വർഷങ്ങളോളം കടുത്ത വിമർശനങ്ങളിൽനിന്ന് ഈ നടപടികൾ സംരക്ഷിക്കപ്പെട്ടിരുന്നെങ്കിലും 2009ൽ പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവിലൂടെ വാട്ടർബോർഡിങ് നിരോധിച്ചു. യുഎസ് കോൺഗ്രസും പിന്നീട് ഇതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. എന്നാൽ, സിഐഎ വെളിപ്പെടുത്തിയതിനെക്കാൾ വ്യാപകമായി ഇത്തരം പീഡനങ്ങൾ നടന്നിട്ടുണ്ടെന്ന സംശയം മനുഷ്യാവകാശ സംഘടനകൾ ദീർഘകാലമായി ഉന്നയിക്കുന്നുണ്ട്. ഇതുവരെ മൂന്ന് തടവുകാരെ വാട്ടർബോർഡിങ്ങിന് വിധേയരാക്കിയതായി മാത്രമാണ് സിഐഎ ഔദ്യോഗികമായി സമ്മതിച്ചിരുന്നത്.

ന്യൂയോർക്ക് ടൈംസിന് ലഭിച്ച രേഖകൾ പ്രകാരം സിഐഎയ്ക്കുവേണ്ടി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ഒരു പരിഭാഷകൻ മറ്റൊരു വാട്ടർബോർഡിങ് സംഭവത്തിന് സാക്ഷിയായിട്ടുണ്ട്. ഇയാൾ ജോലി ചെയ്തിരുന്ന സ്ഥലം രേഖകളിൽ വ്യക്തമാക്കിയിട്ടില്ല. എന്നാൽ, അഫ്ഗാനിസ്ഥാനിലെ കാബൂളിന് സമീപമുള്ള ബഗ്രാം വ്യോമതാവളത്തിന് പുറത്തുള്ള ഒരു രഹസ്യ തടങ്കൽ കേന്ദ്രമായിരിക്കാം സംഭവസ്ഥലമെന്ന് പത്രം കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

'ഡിറ്റൻഷൻ സൈറ്റ് കോബാൾട്ട്' അഥവാ 'സാൾട്ട് പിറ്റ്' എന്നറിയപ്പെട്ടിരുന്ന തടങ്കൽ കേന്ദ്രത്തിലെ സാഹചര്യങ്ങൾ അതിക്രൂരമായിരുന്നുവെന്ന ആരോപണങ്ങൾ നേരത്തേയും ഉയർന്നിരുന്നു. അവിടെ തടവുകാരൻ മരിച്ച സംഭവവുമായി പരിഭാഷകന്റെ മൊഴിയിലെ വിവരങ്ങൾ പൊരുത്തപ്പെടുന്നതായും ന്യൂയോർക്ക് ടൈംസ് ചൂണ്ടിക്കാട്ടുന്നു.

ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) നടത്തിയ ചോദ്യംചെയ്യലിൽ 'ബഷീർ' എന്ന് വിളിക്കപ്പെട്ടിരുന്ന ഒരാൾ വാട്ടർബോർഡിങ് പീഡനത്തിന് വിധേയനാകുന്നത് കണ്ടതായി പരിഭാഷകൻ വെളിപ്പെടുത്തി.

തടവുകാരനെ ഒരു ബോർഡിൽ കിടത്തിയിരിക്കുകയായിരുന്നുവെന്നും ബോർഡിന്റെ തലഭാഗം താഴേക്ക് ചരിച്ച് വെള്ളത്തിലേക്ക് താഴ്ത്തിയ നിലയിലായിരുന്നുവെന്നും ഇയാൾ വിവരിച്ചു. മൂന്നോ നാലോ പേർ ചേർന്നാണ് പീഡനം നടത്തിയതെന്നാണ് മൊഴി.

സംഭവം കടന്നുപോകുന്നതിനിടെ യാദൃച്ഛികമായി കണ്ടതാണെന്നും പീഡനത്തിൽ താൻ നേരിട്ട് പങ്കെടുത്തിട്ടില്ലെന്നും പരിഭാഷകൻ എഫ്ബിഐയോട് പറഞ്ഞതായി രേഖകൾ വ്യക്തമാക്കുന്നു. തടങ്കൽ കേന്ദ്രത്തിലെ ഒരു ഇടനാഴിയിലായിരുന്നു സംഭവം നടന്നതെന്നും മൊഴിയിലുണ്ട്.

അതേസമയം, റിപ്പോർട്ടിനോട് സിഐഎ പ്രതികരിച്ചിട്ടില്ല. അഫ്ഗാനിസ്ഥാനിലെ ഏതെങ്കിലും തടങ്കൽ കേന്ദ്രത്തിൽ വാട്ടർബോർഡിങ് നടത്തിയതായി ഏജൻസി ഇതുവരെ സമ്മതിച്ചിട്ടുമില്ല. തായ്‌ലൻഡിലെയും പോളണ്ടിലെയും രഹസ്യ തടങ്കൽ കേന്ദ്രങ്ങളിൽവച്ചാണ് മൂന്ന് പേരെ പീഡിപ്പിച്ചതെന്ന് സിഐഎ നേരത്തെ സ്ഥിരീകരിച്ചത്.

അവരിൽ ഒരാളാണ് അബു സുബൈദ. തായ്‌ലൻഡിലെ രഹസ്യ തടങ്കൽ കേന്ദ്രത്തിൽ സിഐഎ തടവിലാക്കിയ ആദ്യ വ്യക്തിയായിരുന്നു ഇയാൾ. അൽഖ്വയ്ദയിലെ ഉന്നത നേതാക്കളിലൊരാളാണ് സുബൈദയെന്ന് അമേരിക്കൻ സർക്കാർ വർഷങ്ങളോളം പ്രചരിപ്പിച്ചിരുന്നു. എന്നാൽ, യുഎസ് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ പ്രകാരം ഇയാൾ അൽഖ്വയ്ദ അംഗമായിരുന്നില്ല.

2014ൽ സിഐഎയുടെ പീഡനപരിപാടികളെക്കുറിച്ച് യുഎസ് സെനറ്റ് ഇന്റലിജൻസ് കമ്മിറ്റി പുറത്തിറക്കിയ റിപ്പോർട്ടിൽ സുബൈദയെ 83 തവണ വാട്ടർബോർഡിങ്ങിന് വിധേയനാക്കിയതായി വ്യക്തമാക്കിയിരുന്നു. പീഡനരീതികൾ പരിശീലിപ്പിക്കുന്നതിനും ചില സന്ദർഭങ്ങളിൽ ഈ നടപടികൾ ഉപയോഗിച്ചിരുന്നതായി റിപ്പോർട്ടിലുണ്ട്.

സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനെന്ന് ആരോപിക്കപ്പെടുന്ന ഖാലിദ് ഷെയ്ഖ് മുഹമ്മദ് ആണ് മറ്റൊരാൾ. 2000ൽ യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലായ യുഎസ്എസ് കോൾ ആക്രമിക്കാൻ അൽഖ്വയ്ദ നടത്തിയ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന അബ്ദുൽ റഹീം അൽ നഷിരിയാണ് മൂന്നാമൻ.

ഇവർ മൂന്നുപേരും നിലവിൽ ക്യൂബയിലെ ഗ്വാണ്ടനാമോ ബേ സൈനിക തടങ്കൽ കേന്ദ്രത്തിലാണ് കഴിയുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img