
ബംഗളുരു: കോളിളക്കം സൃഷ്ടിച്ച രേണുകസ്വാമി കൊലക്കേസിന്റെ വിചാരണ ബംഗളുരുവിലെ കോടതിയിൽ നടന്നുവരികയാണ്. സൂപ്പർസ്റ്റാർ ദർശൻ തൂഗുദീപ, അയാളുടെ പെൺസുഹൃത്ത് പവിത്രഗൗഡ, കൂട്ടാളികൾ- എന്നിങ്ങനെ ഈ കേസ്സിൽ പതിനേഴ് പ്രതികളാണ്. കഴിഞ്ഞ വർഷം ജൂൺ എട്ടിനാണ് ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമി എന്ന യുവാവ് കൊല്ലപ്പെട്ടത്. പവിത്രഗൗഡയെ സോഷ്യൽ മീഡിയയിലൂടെ കളിയാക്കിയതിന്റെ പേരിൽ ദർശനും സഹായികളും അയാളെ തട്ടിക്കൊണ്ടുവന്ന് ബംഗളുരുവിലെ ഒരു ഷെഡിൽ വെച്ച് അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. പവിത്രഗൗഡ ഒന്നാം പ്രതിയും ദർശൻ രണ്ടാംപ്രതിയുമാണ്. ലക്ഷക്കണക്കിന് ആരാധകരുള്ള ദർശനെ മൈസൂരുവിൽ ദി ഡവിൾ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് പോലീസ് സംഘം അറസ്റ്റുചെയ്തത്. പവിത്ര ഗൗഡയും മറ്റുപ്രതികളും അതിനുമുമ്പുതന്നെ പിടിയിലായിരുന്നു. കഠിനമായ നടുവേദനയ്ക്ക് ഓപ്പറേഷൻ നടത്താനായി ദർശന് ആദ്യം താൽക്കാലിക ജാമ്യം ലഭിച്ചു. പിന്നീട് എല്ലാ പ്രതികൾക്കും സ്ഥിരജാമ്യം കിട്ടി. ഇതിനെതിരെ സംസ്ഥാന ഗവണ്മെന്റ് നൽകിയ അപ്പീൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.നടുവേദനയ്ക്ക് ഓപ്പറേഷനൊന്നും ദർശൻ ഇതുവരെ വിധേയനായിട്ടില്ല. എന്നാൽ ഫിസിയോ തെറാപ്പിയ്ക്കും മറ്റുമായി അയാൾ ആശുപത്രിയെ സമീപിക്കാറുണ്ട്. വിചാരണ ആരംഭിച്ചിരിക്കെ എല്ലാ പ്രതികളും മാസത്തിലൊരിക്കൽ കോടതിയിൽ ഹാജരാകണമെന്നുണ്ട്. ഇന്നലെ കേസ് പരിഗണിച്ചപ്പോൾ ദർശൻ ഒഴികെയുള്ള പ്രതികളെല്ലാം ഹാജരായിരുന്നു. നടുവേദനമൂലം ദർശൻ വിശ്രമത്തിലാണെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ഉന്നതവ്യക്തികൾക്ക് നിയമപരമായ ന്യായീകരണമില്ലാതെ ഇളവ് ലഭിക്കുമെന്ന് കരുതരുതെന്ന് കോടതി മുന്നറിയിപ്പ് നൽകി. അടുത്തമാസം കേസ് പരിഗണിക്കുമ്പോൾ നിർബന്ധമായും ഹാജറാകണമെന്ന് ഉത്തരവിടുകയും ചെയ്തു. ദർശൻ വിശ്രമത്തിലായിരുന്നില്ല. ദി ഡവിൾ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് രാജസ്ഥാനിലാണ് ഉള്ളത്.ബോളിവുഡ് നടനും സംവിധായകനുമായ മഹേഷ് മൻജ്രേക്കറും ദർശനും ഒന്നിച്ചുള്ള സുപ്രധാന രംഗങ്ങളാണത്രെ രാജസ്ഥാനിൽ ഷൂട്ട് ചെയ്തുകൊണ്ടിരുന്നത്. ഈ ചിത്രത്തിന്റെ അടുത്ത ലൊക്കേഷൻ ഹൈദരബാദാണ്. ഇക്കൊല്ലം റിലീസ് ചെയ്യാനിടയുള്ള പ്രധാന കന്നഡ ചിത്രങ്ങളിലൊന്നാണ് ദി ഡവിൾ. അതിനിടയിൽ ദർശന്റെ ജാമ്യം റദ്ദാക്കപ്പെടുമോ എന്ന സംശയം നിലനിൽക്കുന്നുമുണ്ട്.
Photo Courtesy - Google











