
കർണാടകത്തെ നടുക്കം കൊള്ളിച്ച ദാരുണസംഭവമാണ് രേണുകസ്വാമി കൊലക്കേസ്. സൂപ്പർസ്റ്റാർ ദർശൻ, പെൺ സുഹൃത്ത് പവിത്ര ഗൗഡ, പതിനഞ്ചു സഹായികൾ എന്നിങ്ങനെ പതിനേഴ് പ്രതികളാണ് ഈ കേസ്സിൽ. പവിത്ര ഗൗഡ ഒന്നാംപ്രതിയും ദർശൻ രണ്ടാംപ്രതിയുമാണ്. പവിത്ര ഗൗഡയെ സോഷ്യൽ മീഡിയയിലൂടെ വിമർശിച്ച ചിത്രദുർഗ്ഗയിലെ മെഡിക്കൽ ഷോപ്പ് ജീവനക്കാരൻ രേണുകസ്വാമിയെ തട്ടിക്കൊണ്ടുവന്ന് ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. ദർശനും പവിത്ര ഗൗഡയ്ക്കും സംഭവത്തിൽ നേരിട്ട് പങ്കുണ്ടെന്ന് സ്ഥാപിക്കുന്ന തെളിവുകൾ അന്വേഷണോദ്യോ ഗസ്ഥർ കണ്ടെത്തിയിരുന്നു. 2024 ജൂൺ ഒമ്പതിനാണ് സംഭവം. എല്ലാ പ്രതികളെയും അറസ്റ്റുചെയ്ത പോലീസ് ആ വർഷം സപ്റ്റംബർ മൂന്നിന് കുറ്റപത്രം സമർപ്പിച്ചിരുന്നു. നിയമപരമായ തടസ്സങ്ങൾ ഉന്നയിച്ച് പ്രതികൾ വിചാരണ നീട്ടിക്കൊണ്ടുപോയി. പ്രതികൾക്ക് ഹൈക്കോടതി അനുവദിച്ചിരുന്ന ജാമ്യം ഈ വർഷം ആഗസ്റ്റ് പതിനാലിന് സുപ്രീം കോടതി റദ്ദാക്കി. കോടതിയിൽ നേരിട്ട് ഹാജരാക്കിയ പ്രതികളെ ജഡ്ജി കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. അഭിഭാഷകരെയും മറ്റുള്ളവരെയും കൊണ്ട് കോടതിമുറി നിറഞ്ഞുകവിഞ്ഞിരുന്നു. കോടതിയ്ക്ക് പുറത്ത് ദർശന്റെ നൂറുകണക്കിന് ആരാധകർ തടിച്ചുകൂടിയിരുന്നു. ദർശനെ കോടതിയിലെത്തിക്കാനും തിരിച്ച് ജയിലിലേക്ക് കൊണ്ടുപോകാനും പോലീസ് നന്നേ ബുദ്ധിമുട്ടി. ദർശനുമായി സംസാരിക്കാനുള്ള പവിത്ര ഗൗഡയുടെ ശ്രമം പോലീസ് പരാജയപ്പെടുത്തിയിരുന്നു. രണ്ടുപേരെയും വേറെ വേറെ വണ്ടികളിലാണ് കൊണ്ടുവന്നതും ജയിലിലേക്ക് മടക്കിക്കൊണ്ടുപോയതും. കേസ്സുമായി ബന്ധമില്ലാത്തവരെ കോടതിമുറിയിൽ നിന്ന് പുറത്താക്കിയാണ് ജഡ്ജി പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചത്. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, മർദ്ദിക്കൽ എന്നീ കുറ്റങ്ങളുടെ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. തങ്ങൾ നിരപരാധികളാണെന്ന് കുറ്റപത്രം വായിക്കുമ്പോൾ പ്രതികൾ വിളിച്ചുപറയുന്നുണ്ടായിരുന്നു. ഇൻ ക്യാമറ വിചാരണ വേണമെന്ന് പ്രതിഭാഗം അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നെങ്കിലും അതുൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കുന്നത് കോടതി ഈ മാസം പത്തിലേക്ക് മാറ്റി.
Photo Courtesy - Google











