08:28pm 10 November 2026
NEWS
രേണു സുധി സെപ്റ്റിക് ടാങ്കോ? ക്ഷമിക്കുന്നതിനും ഒരു പരിധിയുണ്ട്!
08/08/2025  06:30 AM IST
nila
രേണു സുധി സെപ്റ്റിക് ടാങ്കോ? ക്ഷമിക്കുന്നതിനും ഒരു പരിധിയുണ്ട്!

ബി​ഗ് ബോസ് മലയാളത്തിന് ആരാധകരെ പോലെ തന്നെ വിമർശകരും ഏറെയാണ്. പലപ്പോഴും ബി​ഗ് ബോസ് ഹൗസിൽ നടക്കുന്ന കാര്യങ്ങളും ചർച്ചകളും പരാമർശങ്ങളുമൊക്കെ സ്ക്രിപ്റ്റഡാണോ എന്ന ചർച്ചകളും ഉയരാറുണ്ട്. ഇപ്പോൾ ബി​ഗ് ബോസ് മലയാളം സീസൺ ഏഴിൽ നടക്കുന്ന കാര്യങ്ങളും അത്തരം സംശയങ്ങളെ അടിവരയിട്ട് ഉറപ്പിക്കുന്നതാണ്. 

പത്തൊമ്പത് മത്സരാർത്ഥികളുമായാണ് ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസൺ ഇക്കഴിഞ്ഞ ആഗസ്റ്റ് മൂന്നിന് ആരംഭിച്ചത്. ഒരു കോമണർ ഉൾപ്പെടെ സിനിമയിലും സീരിയലിലും സോഷ്യൽമീഡിയയിലും നിറഞ്ഞു നിൽക്കുന്നവരാണ് ഇത്തവണ മത്സരിക്കുന്നത്. ഈ സീസണിൽ ഏറ്റവും കൂടുതൽ വൈറൽ ആകുന്ന മത്സരാർത്ഥി അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യയും അഭിനേത്രിയുമായ രേണു സുധിയാണ്. രേണു സുധിക്ക് സോഷ്യൽ മീഡിയയിൽ വലിയൊരു ആരാധക വൃന്ദവും വിമർശകരുമുണ്ട്. ഇരു കൂട്ടരെയും ഇരുത്തി ബി​ഗ് ബോസ് പ്രോ​ഗ്രാം കാണിക്കുക എന്നതാണ് അണിയറ പ്രവർത്തകരുടെ ലക്ഷ്യം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

ഇപ്പോഴിതാ, പരിപാടിക്കിടെ ഒരു ടാസ്കിൽ ഗായകൻ അക്ബർ ഖാൻ രേണു സുധിയെ അധിക്ഷേപിച്ചതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സഹമത്സരാർത്ഥികൾക്ക് ഓമനപ്പേരുകൾ നിർദ്ദേശിക്കാൻ ബിഗ് ബോസ് അവസരം നൽകിയപ്പോൾ, രേണുവിനെ ‘സെപ്റ്റിക് ടാങ്ക്’ എന്നാണ് അക്ബർ വിളിച്ചത്.ടാസ്കിനു പിന്നാലെ, ‘സെപ്റ്റിക് ടാങ്ക് എന്ന ഇരട്ടപ്പേര് കേൾക്കുന്നത് എന്റെ ലൈഫിൽ ആദ്യമായിട്ടാണ്. അതെന്നെ ഹേർട്ട് ചെയ്തു. ഞാൻ ഉരുകി പോയി. ഒരിക്കലും കരയുന്നതല്ല, കരഞ്ഞ് ഒരു അടവും കാണിക്കുന്നില്ല. ലോകം മുഴുവൻ കേട്ടുകൊണ്ടിരിക്കുകയല്ലേ?’ എന്നാണ് രേണു പ്രതികരിച്ചത്.

രേണുവിനെ ഒറ്റപ്പെടുത്തുക എന്നതാണ് അപ്പാനി ശരത്ത്, അക്ബര്‍, അഭിലാഷ് തുടങ്ങിയവരുടെയെല്ലാം ലക്ഷ്യം. അത്തരത്തില്‍ ഒരു ആക്ടിവിറ്റിക്കിടെ രേണുവിനെ അക്ബര്‍ 'സെപ്റ്റിക് ടാങ്ക്' എന്നു വിളിച്ചിരിക്കുകയാണ്.ഓരോ മത്സരാര്‍ഥിക്കും സഹമത്സരാര്‍ഥികള്‍ ഓമനപ്പേര് നല്‍കണമെന്നാണ് ബിഗ് ബോസ് ആവശ്യപ്പെട്ടത്. ഈ സമയത്ത് അക്ബര്‍ 'സെപ്റ്റിക് ടാങ്ക്' എന്ന പേരാണ് രേണുവിനു നല്‍കിയത്. ഹൗസില്‍ എത്തിയ ശേഷം കുറേ ടോക്‌സിക് കാര്യങ്ങള്‍ രേണുവില്‍ കണ്ടെന്നാണ് അക്ബറിന്റെ ന്യായീകരണം.

അക്ബർ ഖാന്റെ പരാമർശം വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയിരിക്കുന്നത്. തികച്ചും സ്ത്രീവിരുദ്ധമായ പരാമർശം എന്നാണ് രേണുവിനെ വിമർശിക്കുന്നവർ പോലും പറയുന്നത്. 

അതേസമയം, അക്ബർ ഖാന്റെ പരാമർശത്തെ കുറിച്ച് രേണു നൂറയോട് വിഷമം പങ്കുവെക്കുന്ന ദൃശ്യങ്ങളും ചാനൽ സംപ്രേക്ഷണം ചെയ്തിരുന്നു. കേരളത്തിലെ അമ്മമാരെ പ്രതിനിധീകരിച്ചാണ് താന്‍ എത്തിയിരിക്കുന്നതെന്നും താനൊരു സ്ത്രീയും അമ്മയുമാണെന്നും രേണു നൂറയോടു വിഷമം പറയുന്നുണ്ട്. ഓമനപ്പേര് എന്നാണ് ബിഗ് ബോസ് പറഞ്ഞത്, തന്നെ കളിയാക്കാന്‍ വേറെ എന്തൊക്കെ വിളിക്കാമെന്നും രേണു ചോദിക്കുന്നു. വലിയ വിഷമത്തോടെയാണ് രേണുവിനെ ബിഗ് ബോസില്‍ കാണപ്പെടുന്നത്.

വാസ്തവത്തിൽ ഇതൊരു സ്ക്രിപ്റ്റഡ് പ്രോ​ഗ്രാം അല്ലെങ്കിൽ സ്ത്രീത്വത്തെ അപമാനിച്ചതിന് അക്ബർ ഖാനെതിരെ രേണു സുധി കേസ് കൊടുക്കേണ്ടതാണ്. ഒരു സ്ത്രീയും ഇത്തരമൊരു വിശേഷണം സഹിക്കും എന്ന് തോന്നുന്നില്ല. ഇതു കേട്ട് ഞാൻ ഉരുകി പോയി എന്നു പറയുന്നതിന് പകരം അക്ബർ ഖാനെതിരെ നിയമനടപടി സ്വീകരിക്കുകയാണ് രേണു സുധി ചെയ്യേണ്ടത്. രേണു അതിന് തയ്യാറാകുന്നില്ലെങ്കിൽ ബി​ഗ് ബോസ് ഒരു സ്ക്രിപ്റ്റഡ് പ്രോ​ഗ്രാമാണെന്നും ഇതിലെ ഒരോ സംഭാഷണവും പരാമർശങ്ങളും മുൻകൂട്ടി തിരക്കഥ തയ്യാറാക്കി നടത്തുന്നതാണെന്നും പറയുന്നവരെ കുറ്റം പറയാൻ കഴിയില്ല. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img