
ചെന്നൈ: തമിഴ് സിനിമയ്ക്ക് പുതിയ ഭാഷയും ഭാവവും സമ്മാനിച്ച ഇതിഹാസ സംവിധായകൻ ഭാരതീരാജ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 84 വയസായിരുന്നു. ഗ്രാമീണ ജീവിതത്തിന്റെ നന്മയും നൊമ്പരങ്ങളും വെള്ളിത്തിരയിൽ അതുല്യമായി ആവിഷ്കരിച്ച ഭാരതിരാജ, തമിഴ് സിനിമയെ ലോകശ്രദ്ധയിലേക്കുയർത്തിയ സംവിധായകരിൽ പ്രധാനിയായിരുന്നു.
‘16 വയതിനിലേ’ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്ത് ശ്രദ്ധേയമായ തുടക്കം കുറിച്ച അദ്ദേഹം പിന്നീട് നിരവധി ക്ലാസിക് ചിത്രങ്ങൾ ഒരുക്കി. സിഗപ്പു റോജകൾ, നിഴൽഗൾ, അലൈകൾ ഓയിവതില്ലൈ, മുതൽ മര്യാദൈ, കിഴക്കു ചീമയിലെ തുടങ്ങിയ സിനിമകൾ ഇന്നും തമിഴ് ചലച്ചിത്ര ചരിത്രത്തിലെ നാഴികക്കല്ലുകളായി കണക്കാക്കപ്പെടുന്നു.
സംവിധായകൻ മാത്രമല്ല, നിർമാതാവായും തിരക്കഥാകൃത്തായും നടനായും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. 2004-ൽ പത്മശ്രീ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 2013-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറിയുടെ ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2020-ൽ പുറത്തിറങ്ങിയ ‘മീണ്ടും ഒരു മര്യാദൈ’ ആയിരുന്നു അദ്ദേഹം സംവിധാനം ചെയ്ത അവസാന ചിത്രം. അടുത്തിടെ മോഹൻലാൽ നായകനായ ‘തുടരും’ സിനിമയിൽ പഴയകാല സ്റ്റണ്ട് മാസ്റ്ററുടെ വേഷത്തിലും അദ്ദേഹം പ്രേക്ഷകർക്കു മുന്നിലെത്തി.
ഭാര്യ ചന്ദ്രലീലാവതിയും മകൾ ജനനി രാജ്കുമാറുമാണ് കുടുംബാംഗങ്ങൾ. കഴിഞ്ഞ വർഷം മാർച്ചിൽ മകനും നടനും സംവിധായകനുമായ മനോജ് ഭാരതിരാജ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത് അദ്ദേഹത്തെ ആഴത്തിൽ ബാധിച്ചിരുന്നു. മകന്റെ വിയോഗശേഷം കടുത്ത മാനസിക വിഷമങ്ങളിലൂടെയാണ് അദ്ദേഹം കടന്നുപോയിരുന്നതെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു.
തമിഴ് സിനിമയിലെ ഒരു യുഗത്തിന്റെ അവസാനമാണ് ഭാരതിരാജയുടെ വിയോഗമെന്ന് സിനിമാലോകം അനുസ്മരിക്കുന്നു.










