12:56pm 08 September 2026
NEWS
ചിറയിൻകീഴ് കയ്യാങ്കളി: പാളയം പ്രദീപിനെ സ്റ്റാഫാക്കാനുള്ള രമ്യ ഹരിദാസിന്റെ നീക്കത്തിൽ കെപിസിസിക്ക് അതൃപ്തി
08/09/2026  11:01 AM IST
nila
ചിറയിൻകീഴ് കയ്യാങ്കളി: പാളയം പ്രദീപിനെ സ്റ്റാഫാക്കാനുള്ള രമ്യ ഹരിദാസിന്റെ നീക്കത്തിൽ കെപിസിസിക്ക് അതൃപ്തി

തിരുവനന്തപുരം: ചിറയിൻകീഴ് കയ്യാങ്കളി വിവാദത്തിൽ കെപിസിസി നിർദേശം മറികടന്ന് പാളയം പ്രദീപിനെ സ്റ്റാഫിൽ ഉൾപ്പെടുത്താൻ നീക്കം നടത്തിയ രമ്യ ഹരിദാസ് എംഎൽഎയ്‌ക്കെതിരെ അതൃപ്തി പരസ്യമാക്കി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പ്രദീപിനെ അഡീഷണൽ പിഎയായി നിയമിക്കണമെന്നാവശ്യപ്പെട്ട് രമ്യ കത്ത് നൽകിയ നടപടി അഭികാമ്യമല്ലെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.

പ്രദീപിന്റെ നിയമനത്തിനായി മുൻകാല പ്രാബല്യത്തോടെ കത്ത് നൽകിയിട്ടുണ്ടെങ്കിൽ അത് ശരിയായ നടപടിയല്ലെന്നാണ് കെപിസിസിയുടെ നിലപാട്. രമ്യ കത്ത് നൽകിയ തീയതി ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. ചിറയിൻകീഴ് സംഘർഷം അന്വേഷിക്കുന്ന കെപിസിസി സമിതി അധ്യക്ഷൻ എ.എം. ഹസ്സനുമായും മറ്റ് നേതാക്കളുമായും വിഷയം ചർച്ച ചെയ്യും.

ചിറയിൻകീഴിലെ സംഭവങ്ങൾ പാർട്ടിക്ക് സൽപേരല്ല ഉണ്ടാക്കിയതെന്നും കെപിസിസി പ്രസിഡന്റ് ചൂണ്ടിക്കാട്ടി. സംഘർഷത്തിന് ശേഷമാണ് പ്രദീപിനെ സ്റ്റാഫായി നിയമിക്കണമെന്നാവശ്യപ്പെട്ട് രമ്യ കത്ത് നൽകിയതെങ്കിൽ അത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സമവായനീക്കം പൊളിച്ച് രമ്യയുടെ കത്ത്

ചിറയിൻകീഴ് കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസിനെതിരെ നടപടി സ്വീകരിക്കാതെ പ്രശ്നം ഒത്തുതീർപ്പാക്കാനായിരുന്നു കെപിസിസി നേതൃത്വത്തിന്റെ ശ്രമം. വ്യാപകമായ പരാതികൾ ഉയർന്നിട്ടും എംഎൽഎക്കെതിരെ നടപടി വേണ്ടെന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചത്. എതിർപക്ഷത്തിന്റെ പ്രതിഷേധം ഒഴിവാക്കുന്നതിനായി പാളയം പ്രദീപിനെ എംഎൽഎയുടെ സ്റ്റാഫായി നിയമിക്കരുതെന്ന നിർദേശവും രമ്യയ്ക്ക് നൽകിയിരുന്നു.

എന്നാൽ ഈ ധാരണകൾക്ക് വിരുദ്ധമായാണ് രമ്യയുടെ പുതിയ നീക്കം. പാർട്ടി സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ മുൻകാല പ്രാബല്യത്തോടെ അഡീഷണൽ സ്റ്റാഫായി നിയമിക്കണമെന്നാവശ്യപ്പെട്ടാണ് എംഎൽഎ കത്ത് നൽകിയത്. മേയ് 21 മുതൽ പ്രദീപ് തന്റെ കൂടെയുണ്ടെന്നും അതേ തീയതി പ്രാബല്യത്തിൽ വരത്തക്കവിധം പ്രദീപിനെയും കുഞ്ഞുമുഹമ്മദിനെയും നിയമിക്കണമെന്നുമായിരുന്നു ആവശ്യം.

സ്പീക്കറുടെ ഓഫിസിൽ ആദ്യം നൽകിയ കത്ത് നിയമസഭാ സെക്രട്ടറിക്ക് നൽകുന്നതിനായി തിരിച്ചയച്ചിരുന്നു. സെക്രട്ടറി അവധിയിലായതിനാൽ പിന്നീട് കത്ത് ഓഫിസിൽ ഏൽപ്പിച്ചു. എന്നാൽ വിഷയം വിവാദമായതോടെ കത്ത് പിൻവലിക്കാൻ എംഎൽഎയുടെ ഓഫിസിനോട് ആവശ്യപ്പെടുകയായിരുന്നു.

'സ്റ്റാഫായിരുന്നു' എന്ന വാദത്തിലും ആശയക്കുഴപ്പം

പാളയം പ്രദീപ് നേരത്തേ തന്നെ തന്റെ സ്റ്റാഫിന്റെ ഭാഗമായിരുന്നുവെന്നായിരുന്നു രമ്യ ഹരിദാസിന്റെയും പ്രദീപിന്റെയും വാദം. കഴിഞ്ഞ ദിവസം രമ്യയും ഇന്നലെ രാവിലെ പ്രദീപും ഇക്കാര്യം ആവർത്തിച്ചിരുന്നു. എന്നാൽ പ്രദീപിനെ സ്റ്റാഫിൽ ഉൾപ്പെടുത്താനുള്ള ഔദ്യോഗിക നടപടികൾ സംബന്ധിച്ച വിവാദമാണ് ഇപ്പോൾ പാർട്ടിക്കുള്ളിൽ കൂടുതൽ ചർച്ചയായിരിക്കുന്നത്.

ഇതിനിടെ പ്രദീപിനൊപ്പം സസ്പെൻഷനിലായ സജാദ് രമ്യയുടെ നീക്കത്തിനെതിരെ രംഗത്തെത്തി. പ്രദീപിനെ മണ്ഡലത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്നും സാഹചര്യം ആവശ്യപ്പെട്ടാൽ എംഎൽഎയ്‌ക്കെതിരെയും രംഗത്തിറങ്ങേണ്ടിവരുമെന്നും സജാദ് വ്യക്തമാക്കി.

പ്രദീപിനെ സ്റ്റാഫായി നിയമിക്കാനുള്ള നീക്കത്തിൽനിന്ന് രമ്യ പിന്മാറിയില്ലെങ്കിൽ എംഎൽഎയ്‌ക്കെതിരെ പാർട്ടി നടപടി ആവശ്യപ്പെടുമെന്നും എതിർപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ചിറയിൻകീഴ് വിവാദം കോൺഗ്രസിനുള്ളിലെ വിഭാഗീയത കൂടുതൽ രൂക്ഷമാക്കുമെന്ന ആശങ്കയും ശക്തമായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img