
കന്നഡത്തിലെ ഇതിഹാസ സാഹിത്യകാരനാണ് ഇന്നലെ അന്തരിച്ച എസ് എൽ ഭൈരപ്പ. തൊണ്ണൂറ്റിനാലാം വയസ്സിൽ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. ബംഗളുരു ആർ ആർ നഗറിലെ രാഷ്ട്രോത്താന ആശുപത്രിയിൽ ഒരു മാസം നീണ്ട സുഖചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ്ജ് ചെയ്തത് കഴിഞ്ഞ ആഴ്ചയായിരുന്നു. ക്ഷീണവും തളർച്ചയും അനുഭവപ്പെട്ടതിനെ തുടർന്ന് ഞായറാഴ്ച വീണ്ടും ആശുപത്രിയിലെത്തി. ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറേക്കാലമായി ഭൈരപ്പയെ അലട്ടിയിരുന്നു. ഇന്നലെ ഉച്ചതിരിഞ്ഞ് രാഷ്ട്രോത്താന ആശുപത്രിയിൽ വെച്ച് ഹൃദയാഘാതം മൂലമാണ് അന്ത്യം സംഭവിച്ചത്. ഇന്നു രവീന്ദ്ര കലാക്ഷേത്രയിൽ പൊതുദർശനം കഴിഞ്ഞ് ഉച്ചയോടെ മൃതദേഹം വിലാപയാത്രയായി മൈസൂരുവിലേക്ക് കൊണ്ടുപോകും.സംസ്കാരം വൈകീട്ട് മൈസൂരുവിൽ. കന്നഡ സാഹിത്യത്തിലെ ഒരു സുപ്രധാന അധ്യായത്തിനാണ് ഭൈരപ്പയുടെ വിയോഗത്തോടെ തിരശീല വീഴുന്നത്. ഡൽഹി, ഗുജറാത്ത്, മൈസൂരു എന്നിവിടങ്ങളിലെ കോളേജുകളിൽ സൈക്കോളജി പ്രൊഫസറായിരുന്നു. മൈസൂരുവിലെ റീജിനിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷനിൽ നിന്ന് 1991 ൽ ആണ് വിരമിച്ചത്. ഭാര്യ: സരസ്വതി. മക്കൾ: ഉദയശങ്കർ, രവിശങ്കർ. ഇരുപത്തിയാറ് നോവലുകൾ ഉൾപ്പെടെ നിരവധി കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. പത്മശ്രീ, പത്മഭൂഷൻ, സരസ്വതി സമ്മാൻ, സാഹിത്യ അക്കാദമി അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ഭൈരപ്പയെ തേടിയെത്തിയിട്ടുണ്ട്.അദ്ദേഹത്തിന്റെ നോവലുകളിൽ യാനം കെ വി കുമാരനും ഗൃഹഭംഗം സി രാഘവനും പർവ്വം, ദാട്ടു എന്നിവ സുധാകരൻ രാമന്തളിയും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മഹാഭാരതത്തെ അടിസ്ഥാനമാക്കി രചിച്ച പർവ്വം എന്ന നോവൽ മതി എസ് എൽ ഭൈരപ്പ എന്ന പ്രതിഭാശാലിയായ എഴുത്തുകാരന്റെ ആഴവും പരപ്പും ബോധ്യപ്പെടാൻ. പർവ്വം, ദാട്ടു ( അതിക്രമണം) എന്നീ കൃതികളുടെ ആസ്വാദനക്കുറിപ്പുകൾ തുടർന്ന് വായിക്കാം.
(പർവ്വം, രചനാമികവിന്റെ സർഗ്ഗപർവ്വതം)
വലുപ്പം കണ്ട് ഭയം തോന്നി ,ആമുഖം വായിച്ചശേഷം മാറ്റിവെച്ചിരുന്ന കൃതിയാണ് പർവ്വം .ലോക്ക്ഡൗൺ പ്രഖ്യാപിക്കപ്പെട്ട് ഏതാനും ദിവസം കഴിഞ്ഞപ്പോൾ ഒഴിവുവേളയിൽ ഈ പുസ്തകത്തിന്റെ വായന ആരംഭിച്ചു .ദിവസങ്ങളെടുത്ത് വായന പൂർത്തിയാക്കുമ്പോൾ മനസ്സിനകത്ത് ഭാരമുള്ള പലതും കയറിക്കൂടിയിരുന്നു .മഹാഭാരതകഥയെ തികച്ചും വ്യത്യസ്തമായ ഒരു ദൃശ്യകോണിൽ നിന്നും നോക്കിക്കാണുന്ന കാമ്പുറ്റ കൃതിയാണ് പർവ്വം . എസ് .എൽ .ഭൈരപ്പയുടെ മാസ്റ്റർപീസ് രചനയായ പർവ്വയുടെ പരിഭാഷയാണ് ആയിരത്തോളം പേജുള്ള പർവ്വം .ഈ ബ്രഹത് നോവൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് പ്രശസ്ത എഴുത്തുകാരനായ സുധാകരൻ രാമന്തളിയാണ് .എഴുപതുകളിൽ കന്നഡത്തിൽ പുറത്തിറങ്ങിയ ഈ അസാധാരണ നോവലിന്റെ മലയാള പരിഭാഷ സാഹിത്യ അക്കാഡമി പ്രസിദ്ധീകരിച്ചത് 2020 അവസാനമാണ് ,ഏതാണ്ട് അരനൂറ്റാണ്ടിനുശേഷം .ഈ നോവൽ മലയാളി വായനക്കാരിലേക്ക് എത്തുന്നതേയുള്ളൂ .എന്തൊരപരാധം .കന്നഡത്തിൽ വന്ന കാലഘട്ടത്തിൽ തന്നെ മലയാളത്തിൽ ഇറങ്ങിയിരുന്നെങ്കിൽ മലയാള സാഹിത്യത്തിന്റെ -വിശേഷിച്ചും ഇതിഹാസ വ്യാഖ്യാന രചനകളുടെ -തലവര തന്നെ മാറുമായിരുന്നു .മഹാഭാരതത്തിന്റെ സർഗ്ഗാത്മകവും വിസ്മയാവഹവുമായ ഒരു പൊളിച്ചെഴുത്താണ് പ്രതിഭാധനനായ ഭൈരപ്പ നടത്തിയിരിക്കുന്നത് .ഭീഷ്മരുടെ ,കൃഷ്ണന്റെ ,ധർമ്മപുത്രരുടെ ,കർണ്ണന്റെ ,ദ്രോണാചാര്യരുടെ ,ധൃതരാഷ്രരുടെ ,കുന്തിയുടെ ,ഗാന്ധാരിയുടെ ,ഭീമന്റെ ,അർജുനന്റെ ,ദുര്യോധനന്റെ ,ദ്രൗപതിയുടെ എന്നുവേണ്ട ,മഹാഭാരതത്തിൽ നമ്മെ സ്പർശിച്ച ഇതിഹാസ കഥാപാത്രങ്ങളുടെയെല്ലാം മുഖംമൂടി നിഷ്ക്കരുണം പറിച്ചെറിയുന്നുണ്ട് മനുഷ്യപ്പറ്റുള്ള കഥയായി ഇതിഹാസത്തെ മാറ്റിയെടുക്കുന്ന ഭൈരപ്പ .ഈ അസാമാന്യ എഴുത്തുകാരന്റെ അസുലഭ സർഗ്ഗവൈഭവം വായനക്കാരെ അത്ഭുതപ്പെടുത്തും .കൃതിയുടെ വലുപ്പം പ്രാരംഭത്തിൽ ഉണ്ടാക്കുന്ന ഭീതി ,രചനയുടെ ഉൾത്തലത്തിലേക്ക് പ്രവേശിക്കുന്നതോടെ പാടെ മായുകയും വായനക്കാരൻ 'പർവ്വ' ത്തിൽ ലയിച്ചുചേരുകയും ചെയ്യും .ഏഴുവർഷം നീണ്ട ഗവേഷണ പഠനങ്ങൾക്കും അന്വേഷണങ്ങൾക്കും ശേഷമാണ് ഭൈരപ്പ ഈ നോവലിന്റെ രചനയാരംഭിക്കുന്നത് . 1977 ൽ കന്നഡത്തിൽ പ്രസിദ്ധീകരിച്ച( മലയാളം ഒഴികെയുള്ള പ്രമുഖ ഇന്ത്യൻ ഭാഷകളിലും ഇംഗ്ലീഷിലും പർവ്വയുടെ പരിഭാഷ വന്നിട്ടുണ്ട് .)ഈ നോവൽ സുധാകരൻ രാമന്തളി വായിക്കുന്നത് ഏതാനും വർഷം മുമ്പാണു .ഭൈരപ്പയുടെ ദാട്ടു ,അതിക്രമണം എന്നപേരിൽ പരിഭാഷപ്പെടുത്തിയതിനുശേഷമാണ് അദ്ദേഹം പർവ്വ വായിക്കുന്നത് .പർവ്വ വായിക്കാൻ തന്നെ പ്രേരിപ്പിച്ചത് ഭൈരപ്പയാണെന്ന് ആമുഖത്തിൽ അദ്ദേഹം പറയുന്നുണ്ട് .രണ്ടുവർഷം കൊണ്ടാണ് വിവർത്തനം പൂർത്തിയാക്കിയത് .കേന്ദ്ര സാഹിത്യ അക്കാദമിയാണ് പ്രസാധകർ .വിശ്വമഹാകവിയായ വ്യാസമുനിയുടെ ഇതിഹാസത്തെ സർഗാത്മകമായി പുനർനിർമ്മിക്കുന്ന കൃതിയാണ് പർവ്വ എന്ന് വിവർത്തകക്കുറിപ്പിൽ സുധാകരൻ രാമന്തളി പറയുന്നുണ്ട് .ഈ നോവൽ വായിക്കുന്നതോടെ ആസ്വാദകരുടെ മനസിൽ അതുവരെയുള്ള ഇതിഹാസ സങ്കല്പങ്ങൾ അടിമുടി മാറിമറിയുമെന്നുറപ്പ് .എത്തുന്നത് ഏറെ വൈകിയാണെങ്കിലും ,ഇതിഹാസം പോലെത്തന്നെ കാലത്തെ അതിജീവിക്കുന്ന ഈ ക്ലാസിക് കൃതി മലയാളത്തിലെ സാഹിത്യാസ്വാദകരെയും ആഴത്തിൽ സ്വാധീനിക്കുമെന്ന കാര്യത്തിൽ സന്ദേഹമില്ല.
(ജാതിബോധത്തിന്റെ അതിക്രമണം)
സമകാലീന ഇന്ത്യന്‍സാഹിത്യത്തിന് കര്‍ണ്ണാടകം സംഭാവന ചെയ്ത പ്രതിഭാശാലിയായ എഴുത്തുകാരനാണ് എസ്.എല്‍.ഭൈരപ്പ. ഹാസന്‍ ജില്ലയിലെ ചെന്നരായപട്ടണ താലൂക്കില്‍ പെടുന്ന സന്തേശിവര ഗ്രാമമാണ് സ്വദേശം. മഹാഭാരതത്തിന്റെ പുനരാഖ്യാനമായ' പര്‍വ', കര്‍ണാടകത്തിലെ ജാതിവ്യവസ്ഥയുടെ അടിവേര് ചികയുന്ന 'ദാട്ടു' എന്നീ ബ്രഹത്കൃതികളടക്കം, കഴിഞ്ഞ അരനൂറ്റാണ്ടിനിടയില്‍ ഇരുപത്തിയാറ് നോവലുകളും നിരവധി ഗവേഷണ പ്രബന്ധങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട് 1958-ല്‍ പുറത്തുവന്ന ഭീമകായ ആണ് പ്രഥമ നോവല്‍. ഏറ്റവും പുതിയ നോവലായ ഉത്തരകാണ്ഡ 2017ലും വിമർശന ലേഖന സമാഹാരമായ സാക്ഷിപർവ്വ 2019ലും പ്രസിദ്ധീകരിച്ചു.
എഴുത്തെന്നപോലെ പോലെ ഭൈരപ്പയുടെ ജീവിതവും സംഭവബഹുലമാണ്. പ്‌ളേഗ് ബാധയാല്‍ അമ്മയും സഹോദരങ്ങളും നഷ്ടപ്പെട്ട ഭൈരപ്പയുടെ ബാല്യം ദുരിതമയമായിരുന്നു. പ്രൈമറി സ്‌കൂളില്‍ പഠനം മുടങ്ങി. ജീവിക്കാനായി ചെറിയ ജോലികള്‍ ചെയ്തു. ബോംബെയിലേക്ക് വണ്ടികയറി പോര്‍ട്ടര്‍ പണിയെടുത്തു. അവിടെനിന്ന് ഒരു സന്യാസിക്കൂട്ടത്തോടൊപ്പം ചേര്‍ന്ന് പലയിടങ്ങളില്‍ അലഞ്ഞു. ആധ്യാത്മികവിഷയങ്ങളിലും പുരാണേതിഹാസങ്ങളിലും അവഗാഹം നേടി. വൈകാതെ ജന്മനാട്ടില്‍ തിരിച്ചെത്തി വിദ്യാഭ്യാസം തുടര്‍ന്നു. എം.എ.ബിരുദവും ഫിലോസഫിയില്‍ പി.എച്ച്ഡിയും സമ്പാദിച്ചു. വിവിധ കോളേജുകളില്‍ അധ്യാപകനായി ജോലി ചെയ്തു. ഗോറൂര്‍ രാമസ്വാമി അയ്യങ്കാരുടെ കൃതികളില്‍ ആകൃഷ്ടനായാണ് സാഹിത്യത്തിലേക്ക് പ്രവേശിക്കുന്നത്.
സാഹിത്യലോകത്ത് തനതായ പാതയിലൂടെയാണ് ഭൈരപ്പയുടെ രചനാസഞ്ചാരം. കന്നഡസാഹിത്യത്തില്‍ സജീവമായിരുന്ന നവോദയ, നവ്യ, ബണ്ടായ, ദളിത് തുടങ്ങിയ പ്രസ്ഥാനങ്ങളില്‍ ഒന്നിനോടും ഭൈരപ്പയുടെ രചനകളെ ചേര്‍ത്തുവെക്കാനാവില്ല. മഹത്തായ പാരമ്പര്യമൂല്യങ്ങളെ അഭിമാനത്തോടെ ചേര്‍ത്തുപിടിക്കുന്ന ഈ എഴുത്തുകാരന്‍ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിര്‍ക്കാന്‍ മടികാട്ടുന്നുമില്ല. പുരോഗമന ചിന്തയുടെ മറവില്‍ പഴയതെല്ലാം അപ്പാടെ നിരാകരിക്കുന്ന രചനാപ്രവണതയോട് ഇദ്ദേഹം ശക്തമായി വിയോജിക്കുന്നു. പുരോഗമനപക്ഷത്ത് നില്‍ക്കുന്നു എന്നവകാശപ്പെടുന്ന എഴുത്തുകാരുമായി ഇദ്ദേഹം നിരന്തരം കലഹിച്ചുപോന്നു. എതിര്‍പ്പ് ശക്തമായിരുന്നെങ്കിലും വായനക്കാരെ ഭൈരപ്പയില്‍ നിന്നകറ്റുവാനോ അദ്ദേഹത്തിന്റെ കൃതികളുടെ പ്രസക്തി ഇല്ലാതാക്കാനോ വിമര്‍ശകര്‍ക്കായില്ല.
ലളിതമായ ഭാഷയില്‍ കഥ പറഞ്ഞുപോകുന്ന എഴുത്തുരീതിയാണ് ഭൈരപ്പയുടേത്. ഭാഷ കാവ്യാത്മകമല്ലെന്ന് വാദിക്കാമെങ്കിലും ഗഹനമായ വിഷയങ്ങള്‍ സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാക്കി നെല്ലും പതിരും വേര്‍തിരിക്കാനുള്ള പാടവം, അറിവിന്റെയും തിരിച്ചറിവിന്റെയും അനന്തവിഹായസ്സിലേക്ക് അനുവാചകരെ പിടിച്ചുയര്‍ത്തുന്ന രചനാകൗശലം, പ്രമേയത്തിന്റെ തിരഞ്ഞെടുപ്പിലും കഥാപാത്രങ്ങളുടെയും കഥാസന്ദര്‍ഭങ്ങളുടേയും സൃഷ്ടിയിലും പുലര്‍ത്തുന്ന അസൂയാര്‍ഹമായ മികവ് എന്നിവയൊക്കെ ചേര്‍ന്ന് ആ പോരായ്മ നികത്തുക മാത്രമല്ല ഭൈരപ്പയെ മൗലികമായ എഴുത്തുശൈലിയുടെ പീഠത്തില്‍ പ്രതിഷ്ഠിക്കുകയും ചെയ്യുന്നുണ്ട്. പ്രായം തൊണ്ണൂറ് പിന്നിട്ടെങ്കിലും രചനയിലും സംവാദത്തിലും സജീവമായി ഇടപെട്ടുപോന്നിരുന്നു.
(ദാട്ടു മലയാളത്തില്‍)
എസ്.എല്‍. ഭൈരപ്പയുടെ മികച്ച കൃതികളിലൊന്നാണ് ദാട്ടു. കേന്ദ്ര സാഹിത്യഅക്കാദമി അവാര്‍ഡ് നേടിയ നോവലാണിത്. 632 പേജുള്ള ഈ ബ്രഹത് നോവല്‍ കേന്ദ്രസാഹിത്യ അക്കാദമിയ്ക്ക് വേണ്ടി സുധാകരന്‍ രാമന്തളിയാണ് അതിക്രമണം എന്ന പേരില്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. കര്‍ണ്ണാടകസമൂഹത്തില്‍ ജാതിവ്യവസ്ഥ ചെലുത്തുന്ന സ്വാധീനം, ജനാധിപത്യത്തിലെ അധികാര ദുര്‍വിനിയോഗം, രാഷ്ട്രീയരംഗത്തെ സ്ഥാപിത താത്പര്യം തുടങ്ങിയ ഗൗരവവിഷയങ്ങളും അവയുടെ പ്രത്യാഘാതങ്ങളും സൂക്ഷമായി അപഗ്രഥിക്കുന്ന നോവലാണിത്.
സംവാദത്തിന്റെ രൂപത്തിലാണ് ഭൈരപ്പ പ്രശ്‌നങ്ങളും പ്രതിസന്ധികളും അനാവരണം ചെയ്യുന്നത്. ഉള്ളിലുറച്ചുപോയ ജാതിബോധത്താല്‍ പ്രക്ഷുബ്ധമായ തിരുമലാപുര എന്ന ഗ്രാമത്തിന്റെ കഥയാണ് നോവലില്‍ ചുരുളഴിയുന്നത്. സത്യഭാമ, ശ്രീനിവാസന്‍, വെങ്കട്ടരമണ, തിരുമല ഗൗഡര്‍, മേലഗിരി ഗൗഡ, വെങ്കടേശന്‍, ബെട്ടയ്യ, മോഹന്‍ദാസ്, മാതംഗി, ഹൊന്നേശന്‍ തുടങ്ങിയ കരുത്തുറ്റ കഥാപാത്രങ്ങളുടെ വേറിട്ട ജീവിതാനുഭവങ്ങളും നിരന്തര സംഘര്‍ഷങ്ങളും വായനക്കാരെ വേട്ടയാടുകതന്നെ ചെയ്യും. ചരിത്രസംഭവങ്ങളെയും സാമൂഹികാവസ്ഥയെ പറ്റിയുള്ള പഠനങ്ങളെയും അടിസ്ഥാനമാക്കി എഴുപതുകളില്‍ രചിച്ച ഈ റിയലിസ്റ്റിക് നോവലിന്റെ പ്രമേയം അരനൂറ്റാണ്ടിനിപ്പുറവും കാലികപ്രാധാന്യം നേടുന്നിടത്താണ് ഭൈരപ്പയുടെ ചിന്താപരവും രചനാപരവുമായ വൈശിഷ്ട്യം പ്രകടമാകുന്നത്. ശ്രദ്ധേയമായ ഈ നോവലും ഏറെ വൈകിയാണ് മലയാളത്തിലെത്തിയത്.
Photo Courtesy - Google











