06:03pm 15 October 2026
NEWS
ഇസ്ലാം മതം സ്വീകരിച്ചാൽ സംവരണം ലഭിക്കുമോ? മദ്രാസ് ഹൈക്കോടതി വിധി ശരിവച്ച് സുപ്രീം കോടതി
15/10/2026  03:24 PM IST
nila
ഇസ്ലാം മതം സ്വീകരിച്ചാൽ സംവരണം ലഭിക്കുമോ? മദ്രാസ് ഹൈക്കോടതി വിധി ശരിവച്ച് സുപ്രീം കോടതി

 

ന്യൂഡൽഹി: ഹിന്ദുമതത്തിൽനിന്ന് ഇസ്ലാമിലേക്ക് മതം മാറിയെന്ന കാരണത്താൽ മാത്രം പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണ ആനുകൂല്യങ്ങൾ ലഭിക്കില്ലെന്ന് സുപ്രീം കോടതി. തമിഴ്‌നാട് സർക്കാരും സംവരണ ആനുകൂല്യം ലഭിച്ച വ്യക്തിയും സമർപ്പിച്ച ഹർജികൾ തള്ളിയ കോടതി, ഇതുസംബന്ധിച്ച് മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച വിധി ശരിവച്ചു.

മതപരിവർത്തനം നടത്തിയതുകൊണ്ടുമാത്രം ഒരാളുടെ മുൻകാല സാമൂഹികമോ സാമ്പത്തികമോ ആയ പിന്നാക്കാവസ്ഥ പുതിയ മതത്തിലെ പിന്നാക്ക വിഭാഗത്തിന്റെ പദവിയിലേക്ക് സ്വാഭാവികമായി കൈമാറ്റം ചെയ്യപ്പെടില്ലെന്ന് കോടതി നിരീക്ഷിച്ചു. നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാതെ മതംമാറ്റത്തിന്റെ അടിസ്ഥാനത്തിൽ മാത്രം സംവരണ ആനുകൂല്യങ്ങൾ അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

2015-ൽ ഹിന്ദുമതത്തിൽനിന്ന് ഇസ്ലാം മതം സ്വീകരിച്ച വ്യക്തിക്ക് തമിഴ്‌നാട് സർക്കാർ സംവരണ ആനുകൂല്യം അനുവദിച്ചതാണ് കേസിനാധാരം. 2016-ൽ ഗസറ്റ് വിജ്ഞാപനത്തിലൂടെ ഇദ്ദേഹം സമീർ അഹമ്മദ് എന്ന പേര് സ്വീകരിച്ചിരുന്നു. തുടർന്ന് ലഭിച്ച സംവരണ ആനുകൂല്യങ്ങളെ ചോദ്യം ചെയ്തുള്ള ഹർജിയിൽ മദ്രാസ് ഹൈക്കോടതി ഹർജിക്കാർക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.

ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സർക്കാരും ആനുകൂല്യം ലഭിച്ച വ്യക്തിയും സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹർജികൾ തള്ളുകയായിരുന്നു.

പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയിൽ മാറ്റം വരുത്തുന്നതിനും പുതിയ വിഭാഗങ്ങളെ ഉൾപ്പെടുത്തുന്നതിനും സർക്കാർ നിശ്ചിത നിയമനടപടികളും മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം മാറ്റങ്ങൾ കേവലം വിജ്ഞാപനത്തിലൂടെ നടപ്പാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img