
ബംഗളുരു: മുഖ്യമന്ത്രി സിദ്ധരാമയ്യയെയും കുടുംബത്തെയും പിടിച്ചുലച്ച സംഭവമാണ് മുഡക്കേസ്. സിദ്ധരാമയ്യയുടെ പത്നി പാർവ്വതിയ്ക്ക് മൈസൂരു അർബൻ ഡവലപ്പ്മെന്റ് അതോറിറ്റി(മുഡ) യിൽ നിന്ന് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന പതിനാല് പ്ലോട്ടുകൾ അന്യായമായി ലഭിച്ചു എന്നതായിരുന്നു കർണാടകത്തെ പിടിച്ചുകുലുക്കിയ ആരോപണം. വിവരാവകാശ പ്രവർത്തകൻ സ്നേഹമയി കൃഷ്ണയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയെ പ്രോസിക്യുട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയതോടെ സിദ്ധരാമയ്യയുടെ നില പരുങ്ങലിലായിരുന്നു. അദ്ദേഹത്തിന് മുഖ്യമന്ത്രിക്കസേര നഷ്ടപ്പെട്ടേക്കുമെന്ന് മാധ്യമങ്ങളെഴുതി. 2024 ആഗസ്റ്റ് 19 നാണ് ഗവർണർ അനുമതി നൽകിയത്. ജനപ്രതിനിധികൾക്കായുള്ള പ്രത്യേകകോടതിയിലാണ് കേസ് വന്നത്. ഹൈക്കോടതി നിർദ്ദേശപ്രകാരം ലോകായുക്തയാണ് ആരോപണം അന്വേഷിച്ചത്. മുഖ്യമന്ത്രിയെ ഒന്നാം പ്രതിയും അദ്ദേഹത്തിന്റെ പത്നിയെ രണ്ടാംപ്രതിയുമാക്കി ലോകായുക്ത എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയിലാണ് വിചാരണ നടന്നത്. അന്യായമായി ലഭിച്ചു എന്നാരോപിക്കപ്പെട്ട പ്ലോട്ടുകൾ പാർവ്വതി അതിനിടയിൽ മുഡയ്‌ക്ക് തിരിച്ചുനൽകിയിരുന്നു. മുഖ്യമന്ത്രിയോ പത്നിയോ കുറ്റക്കാരല്ലെന്നാണ് ലോകായുക്ത കണ്ടെത്തിയത്. പ്രത്യേക കോടതിയിൽ സമർപ്പിച്ച ആ റിപ്പോർട്ട് പരാതിക്കാരനായ സ്നേഹമയി കൃഷ്ണയും ഇഡിയും ചോദ്യം ചെയ്തിരുന്നു. ആ എതിർപ്പുകൾ തള്ളി പ്രത്യേക കോടതി ജസ്റ്റിസ് സന്തോഷ് ഗജാനൻ ഭട്ട് അംഗീകരിച്ചത് സിദ്ധരാമയ്യയ്‌ക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ മുഖ്യമന്ത്രിക്കസേരയ്ക്കായി കഠിനപരിശ്രമം നടത്തിവരുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. തടസ്സങ്ങൾ തള്ളിമാറ്റി വർധിച്ച കരുത്തോടെയും ആത്മവിശ്വാസത്തോടെയും മുന്നോട്ട് കുതിക്കുകയാണ് രാഷ്ട്രീയ ചാണക്യനായ സിദ്ധരാമയ്യ.
Photo Courtesy - Google











