
ദോഹ: മേഖലയിലെ വ്യോമഗതാഗത രംഗത്ത് ആശ്വാസകരമായ നീക്കവുമായി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി സർവീസ് നടത്തുന്ന വിദേശ വിമാന കമ്പനികൾക്ക് ഘട്ടംഘട്ടമായി സർവീസുകൾ പുനരാരംഭിക്കാനുള്ള എയറോനോട്ടിക്കൽ നോട്ടീസ് (Aeronautical Notice) അതോറിറ്റി പുറപ്പെടുവിച്ചു.നിലവിലെ സാഹചര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചും ബന്ധപ്പെട്ട സുരക്ഷാ വകുപ്പുകളുമായി ചർച്ചകൾ നടത്തിയും തയ്യാറാക്കിയ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. വിമാനത്താവളത്തിന്റെ സജ്ജീകരണങ്ങളും പ്രവർത്തനക്ഷമതയും പൂർണ്ണതോതിലാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് നടപടി.അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ (International Safety Standards) പാലിച്ചുമാത്രമേ സർവീസുകൾ അനുവദിക്കൂ.യാത്രക്കാരുടെയും ഏവിയേഷൻ ജീവനക്കാരുടെയും സംരക്ഷണത്തിനായുള്ള പ്രത്യേക മുൻകരുതൽ നടപടികൾ കർശനമായി നടപ്പിലാക്കും.വിമാന കമ്പനികളുടെ പ്രവർത്തനങ്ങൾ ക്രമാനുഗതമായിട്ടായിരിക്കും പഴയ നിലയിലേക്ക് കൊണ്ടുവരിക.
പശ്ചിമേഷ്യൻ സാഹചര്യങ്ങൾക്കിടയിൽ ഖത്തറിന്റെ വ്യോമമേഖല സുരക്ഷിതമാണെന്ന ഉറച്ച സന്ദേശമാണ് ഈ തീരുമാനത്തിലൂടെ സിവിൽ ഏവിയേഷൻ അതോറിറ്റി നൽകുന്നത്.










