
ദോഹ: ഖത്തറിലെ താമസക്കാർക്കും പൗരന്മാർക്കും മെട്രാഷ്2 ആപ്പ് വഴി കൂടുതൽ എളുപ്പത്തിൽ ട്രാഫിക് പിഴകൾ അടയ്ക്കാനുള്ള പുതിയ സേവനം ആഭ്യന്തര മന്ത്രാലയം (MoI) ആരംഭിച്ചു. സ്വന്തം വാഹനങ്ങൾക്ക് പുറമെ സുഹൃത്തുക്കളുടെയോ കുടുംബാംഗങ്ങളുടെയോ വാഹനങ്ങൾക്കുണ്ടായ പിഴകളും (Other Vehicle Violations) ഇനി ഈ ആപ്പിലൂടെ ലളിതമായ ഘട്ടങ്ങളിലൂടെ അടയ്ക്കാവുന്നതാണ്.
നേരത്തെ സ്വന്തം പേരിലുള്ള വാഹനങ്ങളുടെ പിഴകൾ അടയ്ക്കാനായിരുന്നു മെട്രാഷിൽ പ്രാഥമികമായി സൗകര്യമുണ്ടായിരുന്നത്. പുതിയ മാറ്റത്തിലൂടെ മറ്റൊരാളുടെ വാഹനത്തിന്റെ പിഴ അടയ്ക്കാനും സൗകര്യമായി.മെട്രാഷ്2 ആപ്പ് തുറന്ന് 'ട്രാഫിക് സർവീസസ്' (Traffic Services) എന്ന ഓപ്ഷനിൽ 'വയലേഷൻസ്' (Violations) തിരഞ്ഞെടുത്ത് അദർ വെഹിക്കിൾ വയലേഷൻസ്' (Other Vehicle Violations) എന്ന സേവനം സെലക്ട് ചെയ്തശേഷം ഏത് വാഹനത്തിന്റെ പിഴയാണോ അടയ്ക്കേണ്ടത്, ആ വാഹനത്തിന്റെ പ്ലേറ്റ് നമ്പറും (License Plate Number) ഉടമയുടെ ഐഡി നമ്പറും (QID) നൽകികൊണ്ട് പിഴ തുക പരിശോധിച്ച് പേയ്‌മെന്റ് ഓപ്ഷൻ തിരഞ്ഞെടുത്ത് ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്കളിലൂടെ പേയ്‌മെന്റ്ചെയ്യാം.ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയം ഈ പുതിയ ഫീച്ചർ എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ പരിചയപ്പെടുത്തിയത്. ഇത് പ്രവാസികൾക്കും സ്വദേശികൾക്കും ഒരേപോലെ ഉപകാരപ്പെടും.










