
ദോഹ: അവധിക്കാലത്ത് ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് ആശ്വാസമായി കുറഞ്ഞ നിരക്കിൽ അധിക ചെക്ക്-ഇൻ ബാഗേജ് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള പ്രത്യേക ഓഫർ എയർ ഇന്ത്യ എക്‌സ്പ്രസ് പ്രഖ്യാപിച്ചു.
ജനുവരി 16 മുതൽ മാർച്ച് 10 വരെ ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്കാണ് ഈ സൗകര്യം. ജനുവരി 31-നകം എയർ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, മറ്റ് അംഗീകൃത ബുക്കിംഗ് ചാനലുകൾ എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് ഓഫർ ലഭ്യമാകും.ഈ പദ്ധതിയുടെ ഭാഗമായി, നിലവിലുള്ള 30 കിലോ ചെക്ക്-ഇൻ ബാഗേജിന് പുറമേ 5 കിലോ അല്ലെങ്കിൽ 10 കിലോ അധിക ബാഗേജ് കുറഞ്ഞ നിരക്കിൽ മുൻകൂട്ടി ബുക്ക് ചെയ്യാം. 20റിയാൽനിരക്കിലാണ് അധിക ബാഗേജ് ലഭ്യമാകുന്നത്.എക്‌സ്പ്രസ് വാല്യൂ, എക്‌സ്പ്രസ് ലൈറ്റ്, എക്‌സ്പ്രസ് ഫ്ലെക്‌സ്, എക്‌സ്പ്രസ് ബിസ് എന്നീ എല്ലാ വിഭാഗങ്ങളിലുമാണ് ഈ ഓഫർ ലഭ്യമാകുന്നത്.
നിലവിൽ ഈ സെക്ടറുകളിൽ എക്‌സ്പ്രസ് ലൈറ്റ് ഒഴികെയുള്ള വിഭാഗങ്ങളിൽ 30 കിലോ ചെക്ക്-ഇൻ ബാഗേജാണ് എയർ ഇന്ത്യ എക്‌സ്പ്രസ് അനുവദിക്കുന്നത്. ഈ ഓഫറിലൂടെ 10 കിലോ അധിക ബാഗേജ് കൂടി ലഭ്യമാകുന്നതിനാൽ, യാത്രക്കാർക്ക് 40 കിലോ വരെ ചെക്ക്-ഇൻ ബാഗേജ് കൊണ്ടുവരാൻ സാധിക്കും.
അവധി സീസണിലെ യാത്രാ തിരക്ക് കണക്കിലെടുത്താണ് ഈ സൗകര്യമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് അധികൃതർ വ്യക്തമാക്കി.











