
അതിവേഗം വികസനം കൈവരിച്ചുമുന്നേറുന്ന ബംഗളുരുവിൽ ഡിമാന്റുള്ള ഒരു ഗതാഗത വ്യവസായമാണ് ഓൺലൈൻ ബൈക്ക് ടാക്സികൾ. റാപ്പിഡ്, യൂബർ തുടങ്ങിയ കമ്പനികൾ കാബ്, ഓട്ടോ എന്നിവയോടൊപ്പം ബൈക്ക് ടാക്സി സർവീസും ആരംഭിച്ചിരുന്നു. ആയിരക്കണക്കിന് യുവാക്കളാണ് തങ്ങളുടെ മോട്ടോർ സൈക്കിളുകൾ ഈ കമ്പനികളിൽ രജിസ്റ്റർ ചെയ്ത് ഓൺലൈൻ ബൈക്ക് ടാക്സി സർവ്വീസ് രംഗത്തേക്ക് കടന്നുവന്നത്. കമ്പനികൾ ബൈക്ക് ഡ്രൈവർമാരിൽ നിന്ന് കമ്മീഷൻ ഈടാക്കിയിരുന്നില്ല. യുവാക്കൾക്ക് അത് ഏറെ സൗകര്യമായി. അക്കൂട്ടത്തിൽ വിദ്യാർത്ഥികളും പാർട്ട് ടൈം ജോലിക്കാരുമൊക്കെയുണ്ട്. നഗരത്തിലെ തിരക്കിലും ഗതാഗതക്കുരുക്കിലും വീർപ്പുമുട്ടിയിരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ ബൈക്ക് ടാക്സികളെ ആശ്രയിക്കാൻ തുടങ്ങി. ഓഫീസുകളിലും മറ്റും കൃത്യ സമയത്ത് എത്താനാവും, കാബ്, ഓട്ടോ എന്നിവയെക്കാൾ ചാർജ്ജ് വളരെ കുറവാണ് എന്നീ കാരണങ്ങളാൽ ബൈക്ക് ടാക്സി വ്യവസായം വളരെ പെട്ടെന്ന് വികസിച്ചു വ്യാപകമായി തീർന്നു. ബംഗളുരുവിൽ മാത്രം മൂന്ന് ലക്ഷത്തിലേറെ യുവാക്കളാണ് ബൈക്കുകൾ ടാക്സിയായി ഓടിച്ച് ജീവിതമാര്ഗം കണ്ടെത്തിയത്. ഏത് അസമയത്തും യാത്രക്കാരുടെ സന്ദേശം ഓൺലൈൻ കമ്പനി വഴി ലഭിച്ചാൽ ഇവർ പോകുമായിരുന്നു. വൈറ്റ് നമ്പർ പ്ലേറ്റുകളുള്ള മോട്ടോർ സൈക്കിളുകളാണ് ടാക്സികളായി ഓടിയിരുന്നത്. അത് ഒരു നിയമ പ്രശ്നമായി നിലനിന്നു. ക്രിമിനൽ പശ്ചാത്തലമുള്ള ചിലരും അലക്ഷ്യമായി ബൈക്കോടിക്കുന്നവരും തകരാറുകളുള്ള ബൈക്കുകൾ ടാക്സിയായി ഓടിക്കുന്നവരും ഈ മേഖലയിൽ തലവേദന ഉണ്ടാക്കിയിരുന്നു. നഗരത്തിൽ തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരുന്ന ബൈക്കുകളിൽ ഏതൊക്കെയാണ് ടാക്സികൾ എന്ന് പൊതുജനങ്ങൾക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരുന്നു. സംസ്ഥാന ഗവണ്മെന്റിന്റെ താല്പര്യപ്രകാരം കഴിഞ്ഞ വർഷം ഏപ്രിൽ രണ്ടിന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ബൈക്ക് ടാക്സികൾ നിരോധിച്ചു. മോട്ടോർ സൈക്കിളുകൾ ടാക്സികളായി ഓടിക്കാനാവില്ലെന്നായിരുന്നു ഗവണ്മെന്റിന്റെ വാദം. ആവശ്യമായ നിയമം കൊണ്ടുവരാൻ സാവകാശം അനുവദിക്കണമെന്നും കർണാടക ഗവണ്മെന്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ കേന്ദ്ര ഗവണ്മെന്റിന്റെ കീഴിലായതിനാൽ ഫലപ്രദമായ നിയമം കൊണ്ടുവരാൻ കർണാടകത്തിന് കഴിഞ്ഞില്ല. ഓൺലൈൻ ടാക്സി കമ്പനികളുടെയും ബൈക്ക് ടാക്സി ഡ്രൈവേഴ്സ് വെൽഫെയർ അസോസിയേഷന്റെയും പരാതികളുടെ അടിസ്ഥാനത്തിൽ ബൈക്ക് ടാക്സി സർവ്വീസിനുള്ള നിരോധനം ഇക്കഴിഞ്ഞ ദിവസം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നീക്കി. ബൈക്കുകളും കോൺട്രാക്ട് ക്യാരിയറുകളായി ഉപയോഗിക്കാമെന്ന നിഗമനത്തിലാണ് ബെഞ്ച് എത്തിച്ചേർന്നത്. ആവശ്യമായ നിയമം കൊണ്ടുവരാൻ ഗവണ്മെന്റിന് നിർദ്ദേശം നൽകിയ ബെഞ്ച് ബൈക്ക് ഡ്രൈവർമാരുടെ അപേക്ഷകൾ അന്ധമായി നിരസിക്കരുതെന്നും ഉത്തരവിട്ടിട്ടുണ്ട്. ബൈക്ക് ടാക്സിക്കാരും അവരെ ആശ്രയിച്ചിരുന്ന യാത്രക്കാരും ഒരുപോലെ ആഹ്ലാദചിത്തരാണ്. ബംഗളുരു വിലെ തിരക്കേറിയ റോഡുകളിലൂടെ, ഗതാഗതക്കുരുക്കിലൂടെ ബൈക്ക് ടാക്സികൾ വീണ്ടും ഓടിത്തുടങ്ങുകയാണ്.
Photo Courtesy - Google











