
അമേരിക്കയിലെ എണ്ണ ശുദ്ധീകരണ മേഖലയിൽ റിലയൻസ് ഇൻഡസ്ട്രീസ് വൻ നിക്ഷേപത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്. 300 ബില്യൺ ഡോളർ (ഏകദേശം 27.5 ലക്ഷം കോടി രൂപ) പദ്ധതിയാണ് കമ്പനി ആലോചിക്കുന്നതെന്ന് അന്താരാഷ്ട്ര റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യവസായ നിക്ഷേപങ്ങളിൽ ഒന്നായി ഇത് മാറാനിടയുണ്ടെന്നാണ് വിലയിരുത്തൽ.
യു.എസ് കമ്പനിയായ അമേരിക്ക ഫസ്റ്റ് റിഫൈനറിനൊയോടൊപ്പം ചേർന്നാണ് പദ്ധതി നടപ്പാക്കുന്നതെന്നാണ് സൂചന. എന്നാൽ ഈ നിക്ഷേപത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം റിലയൻസ് ഇതുവരെ നൽകിയിട്ടില്ല. ഇടപാടിനെക്കുറിച്ചുള്ള വിവരങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് പൊതുവേദിയിൽ പ്രഖ്യാപിച്ചത്.
പദ്ധതി നടപ്പായാൽ പോർട്ട് ഓഫ് ബ്രൗൺസ്വിൽ ആണ് പുതിയ റിഫൈനറി സ്ഥാപിക്കുക. അമേരിക്കയിലെ പ്രധാന ഗൾഫ് കോസ്റ്റ് ഷിപ്പിങ് കേന്ദ്രങ്ങളിലൊന്നായ ഈ പ്രദേശത്ത് സ്ഥാപിക്കപ്പെടുന്ന ഈ പ്ലാന്റ് കഴിഞ്ഞ 50 വർഷത്തിനിടെ യുഎസിൽ പണിയുന്ന ആദ്യത്തെ പുതിയ എണ്ണ ശുദ്ധീകരണശാലയായിരിക്കും. ഊർജ ഉൽപ്പാദനം വർധിപ്പിക്കൽ, ദേശീയ സുരക്ഷ ശക്തിപ്പെടുത്തൽ, ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. ലോകത്തിലെ ഏറ്റവും മികച്ച റിഫൈനറികളിൽ ഒന്നായിരിക്കുമെന്ന അവകാശവാദവുമുണ്ട്.
പദ്ധതി യാഥാർത്ഥ്യമായാൽ അമേരിക്കൻ ആഭ്യന്തര വിപണിയിലെ ഇന്ധനാവശ്യകത നിറവേറ്റുന്നതിനൊപ്പം വൻതോതിൽ കയറ്റുമതിക്കും അവസരം ഉണ്ടാകുമെന്ന് വിലയിരുത്തുന്നു. പ്രത്യേകിച്ച് സൗത്ത് ടെക്സാസ് മേഖലയിലെ സാമ്പത്തിക വളർച്ചക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ഇത് വലിയ പ്രചോദനമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.











