
മുംബൈ: കൺസ്യൂമർ ഗുഡ്‌സ് മേഖലയിൽ ചുവടുറപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി റിലയൻസ് ഇൻഡസ്ട്രീസ്. 10 രൂപ മുതൽ വിലയുള്ള ഐസ്‌ക്രീം ഉൽപന്നങ്ങളുമായി കമ്പനി പുതിയ ബ്രാൻഡ് വിപണിയിലെത്തിച്ചു. ‘ബോംബെ ക്രീമറി’ എന്ന പേരിലാണ് റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് അവതരിപ്പിച്ചിരിക്കുന്നത്.
കോണുകൾ, കപ്പുകൾ, ടബ്ബുകൾ, ബാറുകൾ, സ്റ്റിക്കുകൾ തുടങ്ങി വിവിധ രൂപത്തിലും പാക്കേജിങ്ങിലുമുള്ള ഉൽപന്നങ്ങളാണ് ബോംബെ ക്രീമറിയിലൂടെ ലഭ്യമാക്കുന്നത്. പാക്കേജ്ഡ് കൺസ്യൂമർ ഗുഡ്‌സ് വിപണിയിൽ സാന്നിധ്യം കൂടുതൽ ശക്തമാക്കാനുള്ള റിലയൻസിന്റെ തന്ത്രത്തിന്റെ ഭാഗമായാണ് പുതിയ ബ്രാൻഡിന്റെ വരവ്.
നിലവിൽ പശ്ചിമേന്ത്യൻ വിപണിയിലാണ് ബോംബെ ക്രീമറി ഐസ്‌ക്രീമുകൾ ലഭ്യമാക്കിയിരിക്കുന്നത്. ഘട്ടംഘട്ടമായി രാജ്യത്തെ മറ്റ് വിപണികളിലേക്കും വിതരണം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.
ഐസ്‌ക്രീം നിർമാണത്തിൽ യഥാർഥ ഡെയറി ക്രീം ഉപയോഗിക്കുന്നതായും കൃത്രിമ ചേരുവകൾ ഒഴിവാക്കുന്നതായും കമ്പനി അവകാശപ്പെട്ടു. കുറഞ്ഞ വിലയിൽ വിവിധ വിഭാഗം ഉപഭോക്താക്കളിലേക്ക് എത്തുകയെന്ന ലക്ഷ്യത്തോടെയാണ് 10 രൂപ മുതൽ ഉൽപന്നങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.










