09:51am 17 September 2025
NEWS
കന്യാസ്ത്രീകളുടെ ജയിൽ മോചനം: ക്രൈസ്തവ നേതൃത്വത്തിൽ തർക്കം രൂക്ഷം
30/08/2025  05:04 AM IST
പ്രദീപ് ഉഷസ്സ്
കന്യാസ്ത്രീകളുടെ ജയിൽ മോചനം: ക്രൈസ്തവ നേതൃത്വത്തിൽ തർക്കം രൂക്ഷം
HIGHLIGHTS

കേക്കുവാങ്ങി വോട്ട് വിൽക്കേണ്ടെന്ന് രൂക്ഷവിമർശനം
ബി.ജെ.പിയുടെ തന്ത്രം പാളുന്നു

ഛത്തീസ്ഗഢിൽ ജയിലിൽ അടയ്ക്കപ്പെട്ട കന്യാസ്ത്രീകളുടെ മോചനത്തെച്ചൊല്ലി ക്രൈസ്തവ സഭാനേതൃത്വത്തിൽ, അഭിപ്രായ വ്യത്യാസങ്ങൾ ശക്തമാകുന്നു. സിസ്റ്റർ പ്രീതിമേരിയും, സിസ്റ്റർ വന്ദനാ ഫ്രാൻസിസും ജാമ്യം ലഭിച്ച് പുറത്തുവന്നപ്പോൾ, അതിന് വഴിയൊരുക്കിയത് തങ്ങളാണെന്ന ബി.ജെ.പി നേതാക്കളുടെ അവകാശവാദങ്ങളാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയിരിക്കുന്നത്.

മതപരിവർത്തനമടക്കമുള്ള ഗുരുതര കുറ്റങ്ങൾ ചുമത്തി, കള്ളക്കേസ് നൽകിയ സംഘപരിവാർ കേന്ദ്രങ്ങൾ ഇപ്പോൾ മുതലക്കണ്ണീരുമായി രംഗത്തെത്തിയിരിക്കുന്നത് ക്രൈസ്തവ വോട്ടുകൾ ലക്ഷ്യമിട്ട് മാത്രമാണെന്ന വികാരമാണ് വലിയ വിഭാഗം വിശ്വാസികൾക്കുമിടയിൽ ഉയർന്നിട്ടുള്ളത്. അതേസമയം വിമോചനത്തിന് വഴിയൊരുക്കിയത് ബി.ജെ.പിയും കേന്ദ്ര സർക്കാരുമാണെന്ന വിധത്തിലുള്ള പ്രസ്താവനകളും പിന്തുണകളുമായി ചില മതാധ്യക്ഷർ രംഗത്ത് വന്നിട്ടുണ്ട്.

തലശ്ശേരി സീറോ മലബാർ അതിരൂപതയുടെ മെത്രാപ്പൊലീത്താൻ ആർച്ച് ബിഷപ്പിലെ മാർ ജോസഫ് പാംപ്ലാനിയെപ്പോലെയുള്ള ആത്മീയനേതാക്കളാണ് കേന്ദ്രസർക്കാരിനെ വാനോളം പുകഴ്ത്തി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത് കേന്ദ്ര സർക്കാരിന്റെ ഇടപെടൽ മൂലമാണെന്നും, അമിത്ഷാ വാക്കുപാലിച്ചുവെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. ബിഷപ്പ് പാംപ്ലാനിയുടെ നീക്കത്തിനെതിരെ അതിരൂക്ഷ വിമർശനമാണ് വലിയ വിഭാഗം ക്രൈസ്തവ വിശ്വാസികൾക്കിടയിലും നേതാക്കൾക്കിടയിലും ഉയർന്നിട്ടുള്ളത്. കത്തോലിക്കാസഭയുടെ നിലപാട് വലിയ ചർച്ചാവിഷയമാകുന്നത് ഈ സാഹചര്യത്തിലാണ്.

വിമർശനമുയർത്തി, മുഖപ്രസംഗവും ഇടയലേഖനവും

ബി.ജെ.പിയെ വാഴ്ത്തുന്ന മതമേധാവികൾക്ക് പിന്തുണയില്ലെന്ന വിധത്തിലാണ് കത്തോലിക്കാസഭയുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കത്തോലിക്കാസഭയുടെ മുഖപത്രമായ 'ദീപിക' രൂക്ഷമായാണ് ബി.ജെ.പി അനുകൂല നിലപാടുകൾ കൈക്കൊള്ളുന്നവരെ വിമർശിച്ചിരിക്കുന്നത്. ബി.ജെ.പിയെ പിന്തുണച്ചുകൊണ്ട് രംഗത്തുവന്ന ബിഷപ്പ് ജോസഫ് പാംപ്ലാനിയെപ്പോലെയുള്ളവരുടെ നിലപാടുകൾ കത്തോലിക്കാ സഭയുടേത് അല്ലെന്ന് വ്യക്തമാക്കുന്ന വിധത്തിലുള്ള 'മതേതരത്വത്തിന്റെ ഇന്ത്യൻ സ്റ്റോറി' എന്ന മുഖപ്രസംഗമാണ് ആഗസ്റ്റ് 3 ന് 'ദീപിക' പ്രസിദ്ധീകരിച്ചത്. കൂടാതെ പള്ളികളിൽ, കന്യാസ്ത്രീകളെ ജയിലിലടച്ചതിന് പിന്നിലെ സാമുദായികവും രാഷ്ട്രീയവുമായ അടിയൊഴുക്കുകൾ വ്യക്തമാക്കി ഇടയലേഖനവും കത്തോലിക്കാസഭ അവതരിപ്പിച്ചിട്ടുണ്ട്.

'കന്യാസ്ത്രീകളെ പുറത്തിറക്കിയത് മാത്രമല്ല, അകത്താക്കിയതും, ആരുടെ ബലത്തിലാണെന്ന് അറിയാം. അതൊന്നും ക്രിസ്ത്യാനികളെ ആരും പറഞ്ഞ് മനസ്സിലാക്കേണ്ടതില്ല. ഒറീസ്സയിലെ കുഷ്ഠരോഗികൾക്ക് വേണ്ടി ആയുസ് അത്രയും സമർപ്പിച്ച ഗ്രഹാം സ്റ്റെയിൻസിനേയും, രണ്ട് മക്കളേയും ജീപ്പിലിട്ട് ജീവനോടെ കത്തിച്ച, ഭീകരപ്രസ്ഥാനമാണ് ബജരംഗ്ദൾ. അന്ന് മുതൽ ഇന്നുവരെ എത്രയോ ആക്രമണങ്ങൾ ഇവർ ക്രൈസ്തവർക്കെതിരെ നടത്തിക്കഴിഞ്ഞു. ഇവർക്ക് കാവൽ നിൽക്കുന്നത് തങ്ങളല്ലേയെന്ന് കേന്ദ്രം ഭരിക്കുന്നവർ ആത്മപരിശോധന നടത്തണം.'

പോലീസിനേയും, സർക്കാർ സംവിധാനങ്ങളേയും നോക്കുകുത്തികളാക്കി, കന്യാസ്ത്രീകൾക്കും കൂടെയുള്ളവർക്കും നേരെ ആക്രമണം അഴിച്ചുവിട്ട ജ്യോതിശർമ്മയ്‌ക്കെതിരെ, ഒരു പെറ്റിക്കേസുപോലുമില്ല. അതേസമയം നിരപരാധികളായ രണ്ട് കന്യാസ്ത്രീകളെ അൻപത്തിരണ്ട് തടവുകാർക്കൊപ്പം, ജയിലിലെ തറയിൽ കിടത്തപ്പെട്ടു. ഇതാണോ സബ്കാ സാത്ത്?, സബ്കാ വികാസ്?

ജ്യോതിശർമ്മയുടേത് രാജ്യദ്രോഹമല്ലെങ്കിൽ, രാജ്യദ്രോഹത്തിന്റെ അർത്ഥമെന്താണെന്നും, അധികാരക്കസേരയിൽ ഉള്ളവർ പറഞ്ഞുതരണം.' ദീപികയുയർത്തുന്ന രൂക്ഷ വിമർശനങ്ങൾ ഈ വിധത്തിലാണ്. ക്രൈസ്തവ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്താനും, കന്യാസ്ത്രീകളിൽ മാവോയിസ്റ്റ് ബന്ധം ആരോപിക്കാനും കേന്ദ്ര സർക്കാർ നടത്തുന്ന നീക്കങ്ങളേയും കത്തോലിക്കാസഭ കടന്നാക്രമിക്കുന്നുണ്ട്.

ഇ.ഡിയെ പേടിക്കുന്നതാരെന്ന് ചോദ്യം

കണ്ണുമടച്ച് കേന്ദ്രഭരണകൂടത്തെ പിന്തുണയ്ക്കുകയും ബി.ജെ.പി നിലപാടുകളെ വാഴ്ത്തുകയും ചെയ്യുന്ന ബിഷപ്പ് ജോസഫ് പാംപ്ലാനിയെപ്പോലുള്ള മതാധ്യക്ഷൻമാർക്കെതിരെ അതിരൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിലൂടെ, വലിയ വിഭാഗം കത്തോലിക്കാ സഭാവിശ്വാസികൾ നടത്തിക്കൊണ്ടിരിക്കുന്നത്. 'ഇ.ഡിയെ പേടിച്ച് സംഘപരിവാറിന് വെള്ളം കോരുന്നവർ, യൂദാസിന്റെ പിൻമുറക്കാരാണ്; യേശുക്രിസ്തുവിന്റേതല്ല' എന്ന വിധത്തിലാണ് സോഷ്യൽമീഡിയ പ്രചരണങ്ങൾ.

അതോടൊപ്പം കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യനും, സുരേഷ്‌ഗോപിക്കുമെതിരെ ക്രൈസ്തവ വിശ്വാസികളുടെ ഗ്രൂപ്പുകളിൽ നിശിതവിമർശനങ്ങൾ ആണ് ഉയർന്നുകൊണ്ടിരിക്കുന്നത്. മലയാളികളായ കന്യാസ്ത്രീകളെ അന്യായമായി ജയിലിൽ അടച്ചിട്ട് ഇവരിൽ നിന്നും ഒരു സാന്ത്വനവാക്കുപോലും ഉണ്ടായിട്ടില്ലെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.

ക്രൈസ്തവരുടെ ആവശ്യങ്ങൾക്ക് ഒപ്പം നിന്ന്, ബി.ജെ.പിയുമായുള്ള ബന്ധങ്ങൾ സുദൃഢമാക്കാൻ പാലമായി മാറുമെന്ന് പൊതുവെ കരുതിയിരുന്ന മന്ത്രി ജോർജ്ജ് കുര്യനും, ക്രൈസ്തവരുടെ വോട്ട് വാങ്ങി ജയിച്ച സുരേഷ്‌ഗോപിയും കൈക്കൊണ്ട നിലപാടുകൾ തങ്ങളെ ഞെട്ടിച്ചുവെന്നാണ് ഒരു വിഭാഗം ക്രൈസ്തവ വിശ്വാസികൾ ഉയർത്തിക്കൊണ്ടിരിക്കുന്ന രൂക്ഷവിമർശനം.

തൃശൂരിലെ ഇരിങ്ങാലക്കുട അതിരൂപതയ്ക്ക് കീഴിലുള്ള ദേവാലയങ്ങളിൽ വായിച്ച ഇടയലേഖനത്തിൽ, കേന്ദ്ര സർക്കാരിനേയും, ബി.ജെ.പി നേതൃത്വത്തേയും രൂക്ഷമായാണ് വിമർശിച്ചിരിക്കുന്നത്. 'രാജ്യത്തെ നിയമങ്ങൾക്കും, മതസ്വാതന്ത്ര്യത്തിനും എതിരായി വ്യക്തികളെ ഭീഷണിപ്പെടുത്തുന്നതിനും, അന്യായമായി തടവിൽ വയ്ക്കുന്നതും, ആൾക്കൂട്ട വിചാരണ നടത്തുന്നതും, എതിർക്കപ്പെടണം. ന്യൂനപക്ഷങ്ങൾക്കെതിരായ അടിച്ചമർത്തലുകളെ മുളയിലെ നിയന്ത്രിച്ചേ മതിയാവൂ- പാർലമെന്റിന് അകത്തും പുറത്തും, പ്രതിഷേധം ഉണ്ടായിട്ടും, കന്യാസ്ത്രീകളുടെ മോചനത്തിനായി കേന്ദ്രസർക്കാരോ, ഛത്തീസ്ഗഢ് സർക്കാരോ ഇടപെടലുകൾ നടത്തിയിട്ടില്ലെന്നത് നിരാശാജനകമാണെന്നും, ജാമ്യം ലഭ്യമായിട്ടും നിയമക്കുരുക്കുകളിലൂടെ മുന്നോട്ടുപോകേണ്ടിവരുന്ന കന്യാസ്ത്രീകളുടെ അവസ്ഥ പ്രതിഷേധാർഹമാണെന്നും, ഇടയലേഖനം രൂക്ഷമായ വിധത്തിലാണ് ചൂണ്ടിക്കാണിക്കുന്നത്.

കേക്കിന് പിന്നിലെ രാഷ്ട്രീയം

ബിഷപ്പ് ജോസഫ് പ്ലാംപ്ലാനിയുടെ ബി.ജെ.പി വിധേയത്വ നിലപാടുകളെ തള്ളിക്കൊണ്ടാണ് ഇരിങ്ങാലക്കുട രൂപതാ അദ്ധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ രംഗത്തുവന്നത്. സഭയുടെ നിലപാട് പറയേണ്ടത് സഭാധ്യക്ഷൻമാർ ആണെന്നും, വ്യക്തിപരമായ അഭിപ്രായങ്ങൾ സഭയുടെ അഭിപ്രായം അല്ലെന്നും അദ്ദേഹം തുറന്നടിച്ചു. കന്യാസ്ത്രീകൾക്കെതിരായ കുറ്റപത്രം റദ്ദാക്കി കേസ് എടുക്കണമെന്നും, ബജ്‌രംഗ്ദൾ അടക്കമുള്ള മതതീവ്രവാദികൾക്കെതിരെയും, ട്രെയിൻ ടി.ടി.ഇയുടെ പേരിലും കേസ് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്തിന്റെ ഭരണഘടനയേയും, പൗരാവകാശങ്ങളേയും സംരക്ഷിക്കാതെ, നിഷ്‌ക്രിയരായിരിക്കുന്ന കേന്ദ്ര സർക്കാരിനേയും ഛത്തീസ്ഗഢ് സംസ്ഥാന  സർക്കാരിനേയും ഭയത്തോടെ മാത്രമേ, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് കാണാനാവുകയുള്ളൂവെന്നും രൂപതാദ്ധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ ചൂണ്ടിക്കാണിക്കുന്നു.

മലബാർ ഇൻഡിപെൻഡന്റ്‌സ് സിറിയൻ ചർച്ച് സുപ്രീം ഹെഡ് സിറിൽ മാർ ബസേലിയോസ് മെത്രാപ്പൊലീത്ത പങ്കുവയ്ക്കുന്ന വികാരവും കേന്ദ്ര സർക്കാരിനും, ബി.ജെ.പി നിലപാടുകൾക്കും എതിരെയാണ്. കേവലം രണ്ട് കന്യാസ്ത്രീകളുടെ അറസ്റ്റ് എന്ന വിധത്തിൽ ചുരുക്കിക്കാണാവുന്ന വസ്തുതകൾ അല്ല ഇപ്പോൾ അരങ്ങേറുന്നതെന്നും, അതിന്റെ അണിയറയിൽ ഉള്ളത് അന്യമതവിദ്വേഷം തന്നെയാണ് നിലനിൽക്കുന്നതെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

ഒരുഭാഗത്ത് ക്രിസ്ത്യാനികളുടെ വീട്ടിലെത്തി, കേക്കും മധുരപലഹാരങ്ങളും വിളമ്പി സ്‌നേഹം കാണിക്കുന്നു. മറുഭാഗത്ത് ക്രിസ്ത്യാനികളേയും മറ്റ് ന്യൂനപക്ഷങ്ങളേയും അങ്ങേയറ്റം ക്രൂരമായി വേട്ടയാടുന്നു. ഈ കാപട്യമാണ് തിരിച്ചറിയപ്പെടേണ്ടത്. അന്യമത വിദ്വേഷം മുമ്പ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലായിരുന്നുവെങ്കിൽ, ഇപ്പോഴത് കേരളത്തിലേക്ക് വ്യാപിപ്പിക്കാനും നീക്കങ്ങൾ നടന്നുകൊണ്ടിരുന്നു. അത്യന്തം ആപത്കരമായ സാഹചര്യമാണിത്.' സിറിൽ മാർ ബസേലിയോസ് മെത്രാപ്പൊലീത്ത ചൂണ്ടിക്കാണിക്കുന്നു.

കന്യാസ്ത്രീകളെ ജയിലിലടച്ചതും, മോചനത്തെ ചൊല്ലിയുയർന്ന രാഷ്ട്രീയ നാടകങ്ങളുമെല്ലാം, വലിയ വിഭാഗം ക്രൈസ്തവ വിശ്വാസികൾക്കിടയിലും, മതാധ്യക്ഷൻമാർക്കിടയിലും ബി.ജെ.പിക്കെതിരായ അപ്രീതിയാണ് സൃഷ്ടിച്ചിട്ടുള്ളത്. കാപട്യ സമീപനങ്ങൾ അവസാനിപ്പിക്കണമെന്ന് അവർ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അതേസമയം, കന്യാസ്ത്രീകളുടെ മോചനത്തിനായി ആത്മാർത്ഥമായി പ്രവർത്തിക്കുകയാണ് ബി.ജെ.പിയുടെ കേരളഘടകം ചെയ്തതെന്ന വിധത്തിലുള്ള പ്രചരണങ്ങളുമായി പല ക്രൈസ്തവ സഭാധ്യക്ഷന്മാരും രംഗത്തെത്തിയിട്ടുണ്ടെന്നതും കാണാതിരിക്കാനാവില്ല.

ബിലീവേഴ്‌സ് ചർച്ച് അതിരൂപതാധ്യക്ഷൻ ബിഷപ്പ് മാത്യൂസ് സിൽവാനിയോസിന്റെ നേതൃത്വത്തിൽ ചില ക്രൈസ്തവ നേതാക്കൾ കേക്കുമായി ബി.ജെ.പി ഓഫീസിലെത്തി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നന്ദി അറിയിച്ചിട്ടുമുണ്ട്. ഈ സന്ദർശനത്തിന് അത്യധികം രാഷ്ട്രീയപ്രാധാന്യമാണുള്ളത്... കേവലം കേക്ക് കൊടുത്ത് സന്തോഷമറിയിക്കുകയല്ല ഉണ്ടായതെന്നും, വ്യക്തമായ രാഷ്ട്രീയ നീക്കുപോക്കുകൾ തന്നെയാണ് അവിടെ അരങ്ങേറിയതെന്നതും സുവ്യക്തം.

ബി.ജെ.പി നേതൃത്വത്തിൽ സമീപകാലത്ത് കൈക്കൊണ്ട പല സമീപനങ്ങളും ന്യൂനപക്ഷ വിരുദ്ധമാണെന്നും, ക്രൈസ്തവ വിശ്വാസികളെ വേട്ടയാടുന്നവിധത്തിലാണെന്നുമുള്ള മനോഭാവം ക്രൈസ്തവ വിശ്വാസികൾക്കിടയിൽ ശക്തമായിക്കൊണ്ടിരിക്കുകയാണ്. ബി.ജെ.പി ന്യൂനപക്ഷങ്ങൾക്കും, വിശിഷ്യാ ക്രൈസ്തവ വിശ്വാസികൾക്കും ഒപ്പമാണെന്ന പ്രതീതി സൃഷ്ടിച്ച് ക്രൈസ്തവ വോട്ടുബാങ്കുകൾ, തങ്ങൾക്കനുകൂലമാക്കി മാറ്റാനുള്ള നീക്കമാണ് ബി.ജെ.പി നേതൃത്വം സമീപകാലത്തായി പയറ്റിക്കൊണ്ടിരിക്കുന്നത്. തൃശൂർ പാർലമെന്റ് തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്ക് അനുകൂലമായി സൃഷ്ടിച്ച അടിയൊഴുക്ക് വരാനിരിക്കുന്ന ത്രിതല തെരഞ്ഞെടുപ്പിലും, നിയമസഭാ തെരഞ്ഞെടുപ്പിലും ഉണ്ടാക്കിയെടുക്കാനുള്ള തന്ത്രം ബി.ജെ.പി നേതൃത്വം നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ കന്യാസ്ത്രീകളുടെ ജയിൽ വാസത്തെ തുടർന്നുണ്ടായ സംഭവവികാസങ്ങൾ ആവിധം നീക്കങ്ങൾക്ക് തിരിച്ചടിയായിരിക്കുകയാണ്.  ആവിധം രാഷ്ട്രീയാന്തരീക്ഷങ്ങൾ മാറ്റിയെടുക്കേണ്ടത് രാജീവ് ചന്ദ്രശേഖറിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയുമാണ്.അതുകൊണ്ടുകൂടിയാണ്, ചില ക്രൈസ്തവ മതാധ്യക്ഷന്മാർ ബി.ജെ.പി ആസ്ഥാനത്തെത്തി, മധുരം നൽകി നന്ദി അറിയിച്ചതിന് സവിശേഷ രാഷ്ട്രീയ  പ്രാധാന്യമേറുന്നതും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img img