
ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന റീ ലൗ പദ്ധതി സെൻ്റ് തെരാസസ് കോളേജിൽ ജില്ലാ കളക്ടർ ജി പ്രിയങ്ക ഉദ്ഘാടനം ചെയ്യുന്നു
മാലിന്യസംസ്കരണത്തിനും സുസ്ഥിര ജീവിതശൈലിക്കും പ്രാധാന്യം നൽകി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വേറിട്ട സംരംഭം,മാലിന്യസംസ്കരണത്തിന്റെ ഭാഗമായി പുനരുപയോഗത്തിന്റെയും വിഭവസംരക്ഷണത്തിന്റെയും പ്രാധാന്യം വിദ്യാർത്ഥികളിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം ജില്ലാ ഭരണകൂടം നടത്തുന്ന ‘റീലൗ സ്വാപ് ഷോപ്പ് മേളയ്ക്ക് സെന്റ് തെരേസാസ് കോളേജിൽ തുടക്കമായി. ജില്ലാ കളക്ടർ ജി. പ്രിയങ്ക സംരംഭത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
കോളേജിലെ ഭൂമിത്ര സേന ക്ലബ്, ശുചിത്വ മിഷൻ, അസോസിയേഷൻ ഓഫ് സെന്റ് തെരേസാസ് അലുമ്നേ (ASTA), നാഷണൽ സർവീസ് സ്കീം (NSS) എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കളെ പുനരുപയോഗത്തിലൂടെ മൂല്യവത്തായ വിഭവങ്ങളാക്കി മാറ്റുക, ഉപയോഗയോഗ്യമായ വസ്തുക്കളുടെ കൈമാറ്റവും പുനർവിനിയോഗവും പ്രോത്സാഹിപ്പിക്കുക, മാലിന്യത്തിന്റെ അളവ് കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സ്വാപ് ഷോപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. ഉപഭോഗസംസ്കാരത്തിൽ നിന്ന് ഉത്തരവാദിത്തപരമായ ഉപയോഗത്തിലേക്കും വലിച്ചെറിയൽ ശീലത്തിൽ നിന്ന് പുനരുപയോഗത്തിലേക്കും സമൂഹത്തെ നയിക്കുന്നതിനുള്ള ബോധവത്കരണ വേദി കൂടിയാണിത്.
പരിപാടിയുടെ സവിശേഷതകളിലൊന്ന് സ്വാപ് ഷോപ്പിനായി ഒരുക്കിയ സ്റ്റാളാണ്. ഡബ്ബ്യു കേരള വേസ്റ്റ് മാനേജ്മെന്റ് , പുനരുപയോഗിച്ച മരത്തടികൾ ഉപയോഗിച്ച് പ്രത്യേകം രൂപകൽപ്പന ചെയ്ത് നിർമ്മിച്ച സ്റ്റാൾ, മാലിന്യസംസ്കരണത്തിൽ പുനരുപയോഗത്തിനുള്ള സാധ്യതകൾ പ്രായോഗികമായി അവതരിപ്പിക്കുന്നതിന് മാതൃകയായി. ഉപേക്ഷിക്കപ്പെട്ട വസ്തുക്കൾക്ക് പുതിയ ഉപയോഗവും മൂല്യവും നൽകുന്നതിലൂടെ പരിസ്ഥിതി സൗഹൃദമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാമെന്ന സന്ദേശവും ഈ സ്റ്റാൾ മുന്നോട്ടുവയ്ക്കുന്നു.പുനരുപയോഗം, പുനർചംക്രമണം, ഉത്തരവാദിത്തപരമായ ഉപഭോഗം എന്നീ ആശയങ്ങൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കേണ്ടതിന്റെ ആവശ്യകതയും പരിപാടി ഉയർത്തിക്കാട്ടി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിനൊപ്പം വിദ്യാർത്ഥികളെ മാലിന്യസംസ്കരണ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാക്കുന്നതിനും ഇത്തരം സംരംഭങ്ങൾ സഹായകരമാകും. ചടങ്ങിൽ അനുഗ്രഹ ക്യാമ്പസ് ഡയറക്ടർ റവ. സി. ഫ്രാൻസിസ് ആൻ, സെൻ്റ്. തെരാസസ് കോളേജ് ഡീൻ എക്സ്റ്റൻഷൻ ആൻഡ് ഇൻക്യുബേഷൻ ഡോ. നിർമ്മല പത്മനാഭൻ, ശുചിത്വ മിഷൻ ജില്ലാ കോ ഓഡിനേറ്റർ ഡോ. സുമി ചെറിയാൻ, ഭൂമിത്ര സേന ക്ലബ്ബിന്റെ ഫാക്കൽറ്റി ഇൻ-ചാർജ് ഡോ. ആര്യ പി. മോഹൻ തുടങ്ങിയവർ പങ്കെടുത്തു.
Photo Courtesy - Google










