
ദോഹ: ഐഡി കാർഡിൽ സ്വന്തമായി മൊബൈൽ നമ്പർ ലിങ്ക് ചെയ്യാത്ത ഭാര്യയെയും മക്കളെയും മെട്രാഷ് ആപ്ലിക്കേഷൻ വഴി എളുപ്പത്തിൽ റജിസ്റ്റർ ചെയ്യുന്നതിനായി പുതിയ ‘റിലേറ്റീവ്സ് ഓതറൈസേഷൻ’ സേവനവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. വിവിധ ആവശ്യങ്ങൾക്കായി നാനൂറിലധികം ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന മെട്രാഷ് ആപ്പിലൂടെ ഇനിമുതൽ കുടുംബാംഗങ്ങളുടെ ഐഡി കാർഡിൽ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ പോലും ഈ സംവിധാനം വഴി നടപടികൾ പൂർത്തിയാക്കാം.മെട്രാഷ് ആപ്ലിക്കേഷൻ തുറന്ന ശേഷം നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക എന്നതാണ് ആദ്യ പടി. തുടർന്ന് കാണുന്ന പ്രധാന മെനുവിൽ നിന്ന് 'ഓതറൈസേഷൻ' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
അടുത്തതായി വരുന്ന ഡ്രോപ്പ് ഡൗൺ മെനുവിൽ നിന്ന് 'റജിസ്റ്റർ റിലേറ്റീവ്സ്' എന്ന ഭാഗം സെലക്ട് ചെയ്യേണ്ടതുണ്ട്. അതിനുശേഷം, നിങ്ങൾ റജിസ്റ്റർ ചെയ്യാൻ ഉദ്ദേശിക്കുന്ന കുടുംബാംഗത്തിന്റെ പേഴ്സണൽ നമ്പറും (ഖത്തർ ഐഡി നമ്പർ) അതോടൊപ്പം ഏത് മൊബൈൽ നമ്പറാണോ ലിങ്ക് ചെയ്യാൻ ആഗ്രഹിക്കുന്നത് ആ നമ്പറും കൃത്യമായി രേഖപ്പെടുത്തുക.
വിവരങ്ങളെല്ലാം നൽകിയ ശേഷം താഴെയുള്ള 'ആഡ്' ബട്ടൺ അമർത്തുന്നതോടെ റജിസ്ട്രേഷൻ നടപടികൾ വിജയകരമായി പൂർത്തിയാകും.ഈ പ്രക്രിയയിലൂടെ നിങ്ങളുടെ ഫോൺ നമ്പറിൽ ഏതൊക്കെ കുടുംബാംഗങ്ങളുടെ പേരുകളാണ് റജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് പിന്നീട് പരിശോധിക്കാനും സാധിക്കും. അതോടൊപ്പം തന്നെ ആവശ്യമെങ്കിൽ ഓതറൈസേഷൻ ഏത് സമയത്തും റദ്ദാക്കാനും സാധിക്കുമെന്നത് ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷിതത്വവും ഫ്ലെക്സിബിലിറ്റിയും നൽകുന്നു. പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് സേവനങ്ങൾ വേഗത്തിലും സുരക്ഷിതമായും ലഭ്യമാക്കുകയാണ് ഇതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.










