
പത്തനംതിട്ടയിൽ ഭാര്യയേയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തിയത് അവിഹിത ബന്ധം കണ്ടെത്തിയതിനെ തുടർന്നെന്ന് പ്രതി. ഇന്നലെ രാത്രിയിലാണ് പത്തനംതിട്ട കലഞ്ഞൂർ പാടത്ത് വൈഷ്ണവി (27), വിഷ്ണു (34) എന്നിവരെ വൈഷ്ണവിയുടെ ഭർത്താവ് ബൈജു വെട്ടിക്കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ ഇയാളെ കൂടൽ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ ഇക്കാര്യം വെളിപ്പെടുത്തിയത്.
ബൈജുവും വിഷ്ണുവും സുഹൃത്തുക്കളും അയൽവാസികളുമാണ്. മരപ്പണിക്കാരായ ഇരുവരും ഒരുമിച്ചാണ് ജോലിക്ക് പോകുന്നതും. ഇന്നലെയും ജോലി കഴിഞ്ഞ് ഇരുവരും എത്തിയത് ഒരുമിച്ചായിരുന്നു. ഇതിന് പിന്നാലെ ഭാര്യയ്ക്ക് രഹസ്യഫോൺ ഉണ്ടായിരുന്നത് ബൈജു ഇന്നലെ കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ വാട്സാപ്പ് ചാറ്റിൽ വൈഷ്ണയും വിഷ്ണുവുമായുള്ള അടുപ്പം വ്യക്തമായി. ബൈജു ഫോൺ പരിശോധിക്കുന്നത് കണ്ട വൈഷ്ണ വിഷ്ണുവിന്റെ വീട്ടിലേയ്ക്ക് ഓടിക്കയറുകയായിരുന്നു.
ബൈജുവിന്റെ വീട്ടിൽ നിന്ന് നൂറ് മീറ്റർ മാറി അമ്മയ്ക്കൊപ്പം വാടകയ്ക്കാണ് വിഷ്ണു താമസിച്ചിരുന്നത്. വിഷ്ണുവിന്റെ വീട്ടിലെ കതകിൽ തട്ടി വിളിക്കാൻ ശ്രമിച്ച വൈഷ്ണയെ പിന്നാലെയെത്തിയ ബൈജു കൊടുവാളുകൊണ്ട് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. പിന്നാലെ വിഷ്ണുവിനെയും വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പൊലീസിന് മൊഴി നൽകിയത്. വൈഷ്ണ സംഭവ സ്ഥലത്തും വിഷ്ണു ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയുമാണ് മരിച്ചത്.










