06:47pm 30 April 2026
NEWS
പതിനെട്ടാം വയസിലെ ആദ്യ വിവാഹത്തിന് മാസങ്ങളുടെ ആയുസ്; തുടർന്നുള്ള മൂന്നു വിവാഹബന്ധങ്ങളും തകർന്നു; നടി രേഖ അഞ്ചാം വിവാഹത്തിനൊരുന്നു?
14/02/2026  10:44 AM IST
nila
പതിനെട്ടാം വയസിലെ ആദ്യ വിവാഹത്തിന് മാസങ്ങളുടെ ആയുസ്; തുടർന്നുള്ള മൂന്നു വിവാഹബന്ധങ്ങളും തകർന്നു; നടി രേഖ അഞ്ചാം വിവാഹത്തിനൊരുന്നു?

കേരളത്തിലെ മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി രേഖ രതീഷ്. നടി രേഖ എന്ന് പറഞ്ഞാൽ ഒരുപക്ഷേ മനസിലാകാത്തവരുണ്ടാകാം എങ്കിലും, പരസ്പരം സീരിയലിലെ പത്മാവതിയെ മലയാളികൾ പെട്ടെന്ന് തിരിച്ചറിയും. കഴിഞ്ഞ കുറേ ദിവസങ്ങളായി നടി രേഖയാണ് സൈബറിടങ്ങളിലെ ചർച്ചാവിഷയം. താരം അഞ്ചാമതും വിവാഹം കഴിക്കാനൊരുങ്ങുകയാണോ എന്ന ചർച്ചകളാണ് നെറ്റിസൺസിനിടയിൽ സജീവമാകുന്നത്. ഈ ചർച്ചകളിലേക്ക് നയിച്ചതാകട്ടെ, രേഖയുടെ ചില പോസ്റ്റുകളും. 

ഇടുത്തിടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയിൽ “ജീവിതത്തിലെ നിർണായകമായ ഒരു തീരുമാനം എടുത്തിട്ടുണ്ട്” എന്നായിരുന്നു താരം പറഞ്ഞത്. തുടർന്ന് തമിഴ് സീരിയൽ നടനായ ഈശ്വറുമായി നടത്തിയ വീഡിയോ കോൾ കൂടി വൈറലായതോടെ പുതിയ ബന്ധമോ, വിവാഹമോ എന്ന അഭ്യൂഹങ്ങൾ ശക്തമായി. എന്നാൽ ഇതുസംബന്ധിച്ച് രേഖ ഇനിയും യാതൊരു ഔദ്യോഗിക പ്രഖ്യാപനവും നടത്തിയിട്ടില്ല.

ഈശ്വറുമായി രേഖ പ്രണയത്തിലാണോ? വീണ്ടും വിവാഹിതയാകുമോ? അതോ സീരിയൽ പ്രമോഷനാണോ? എന്നിങ്ങനെ ഒരുപാട് കമന്റുകൾ ഇതോടെ പോസ്റ്റിന് താഴെയെത്തിയിരുന്നു. ഇതിനോടകം നാലു തവണ വിവാഹിതയായ രേഖയുടെ ജീവിതത്തിൽ അഞ്ചാമതും ഒരു വിവാഹം സംഭവിക്കുമോ എന്നതാണ് പലരും ഉയർത്തുന്ന ചോദ്യം. അതുണ്ടാകും എന്ന് സമർത്ഥിക്കുന്നവർ മറ്റു ചില കാര്യങ്ങൾ കൂടി ചൂണ്ടിക്കാട്ടുന്നുണ്ട്. 

 2025 നവംബറിൽ ഇൻസ്റ്റയിൽ താരം പോസ്റ്റ് ചെയ്ത രേഖയും ഈശ്വറും അടുത്തടുത്തായി ഒരു സോഫയിൽ ഇരിക്കുന്ന പോസ്റ്റാണ് വിവാഹവും പ്രണയവും എന്ന സിദ്ധാന്തക്കാർ ചൂണ്ടിക്കാട്ടുന്നത്.  ഇൻസ്റ്റയിൽ രേഖ പിൻപോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന്റെ ക്യാപ്ഷൻ ‘ഹാപ്പി ബർത്ത്‌ഡേ ലവ്’ എന്നാണ്.  ജനുവരി 29 ന് ചെയ്ത ഒരു പോസ്റ്റിൽ അടുത്തടുത്ത് ഇരുന്ന് ഇരുവരും ചേർന്ന് ഒരു ഡ്യൂയറ്റ് ആലപിക്കുന്നതാണ്. ഇതെല്ലാം അഭ്യൂഹങ്ങൾക്ക് ശക്തി പകരുന്നു. എന്നാൽ രേഖ നിജസ്ഥിതി വെളിപ്പെടുത്താത്തിടത്തോളം ഇത്തരം ചർച്ചകളുടെ അടിസ്ഥാനത്തിൽ ഒന്നും സ്ഥിരീകരിക്കാനാവില്ല. ഏറ്റവും ഒടുവിൽ നടന്ന അഭിമുഖങ്ങളിലെല്ലാം ‘ഇനി ഒരു വിവാഹജീവിതം എന്റെ മനസിലില്ല. എന്റെ ലോകം എന്റെ മകൻ അയാന് ചുറ്റും കറങ്ങുന്നു’ എന്നായിരുന്നു താരം പറഞ്ഞത്. 

ഒരു സിനിമാ കഥയെ വെല്ലുന്ന ജീവിതത്തിന് ഉടമയാണ് രേഖ. ആ ജീവിതത്തിലെ ചില ഘട്ടങ്ങൾ കൂടി അറിഞ്ഞുവരാം..

ബാല്യത്തിൽ അഭിനയത്തിലേക്ക്

നടനും പ്രൊഡക്ഷൻ കൺട്രോളറുമായിരുന്ന രതീഷിന്റെയും നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായിരുന്ന രാധാദേവിയുടെയും മകളാണ് രേഖ. ചെന്നൈയിലാണ് ജനിക്കുകയും വളരുകയും ചെയ്തത്. രണ്ടര വയസ്സിൽ തന്നെ ഒരു തമിഴ് ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച് രംഗപ്രവേശം. തുടർന്ന് കൗമാരത്തിലേ ടെലിവിഷൻ പരമ്പരകളിൽ സജീവമായി. ‘നിറക്കൂട്ട്’ പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട രേഖ, ‘മനസ്’, ‘ദേവി’, ‘കാവ്യാഞ്ജലി’, ‘സ്വന്തം’, ‘ആയിരത്തിൽ ഒരുവൾ’ തുടങ്ങിയ പരമ്പരകളിലൂടെ ജനപ്രീതി നേടി.

എന്നാൽ അവരെ വീടുകളിലെ മുഖമാക്കിയ പരമ്പര ‘പരസ്പരം’ ആയിരുന്നു. പത്മാവതി എന്ന കഥാപാത്രം രേഖയ്ക്ക് നിരവധി പുരസ്കാരങ്ങളും സ്ഥിരമായ ആരാധക വൃത്തവും സമ്മാനിച്ചു. തുടർന്ന് ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ ഉൾപ്പെടെ പല പരമ്പരകളിലും ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തു.

സ്വകാര്യജീവിതത്തിലെ തിരിച്ചടികൾ

പ്രൊഫഷണൽ വിജയത്തിന് സമാന്തരമായി സ്വകാര്യജീവിതം രേഖയ്ക്ക് എളുപ്പമല്ലായിരുന്നു. നാല് വിവാഹബന്ധങ്ങളാണ് താരത്തിന്റെ ജീവിതത്തിലുണ്ടായത്. ഒന്നും ദൈർഘ്യമേറിയില്ല. ഓരോ ബന്ധവും സ്ഥിരതയോടെ തുടരണമെന്ന ആഗ്രഹത്തോടെയായിരുന്നുവെങ്കിലും വിധിവൈപരീത്യങ്ങൾ അവരെ വീണ്ടും ഒറ്റപ്പെടുത്തുകയായിരുന്നു.

ആദ്യ വിവാഹം പ്രണയത്തിനൊടുവിലായിരുന്നു. പതിനെട്ടാം വയസിൽ. തമിഴ് സിനിമയിലെ സൂപ്പർതാര ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു റോൾ ചെയ്യാൻ അവസരം ലഭിച്ചെങ്കിലും കാമുകന്റെ എതിർപ്പിനെ തുടർന്ന് സിനിമ വേണ്ടെന്ന് വെച്ചു. 2000 ഏപ്രിലിൽ യൂസഫ് എന്നയാളുമായി നടന്ന വിവാഹം ഡിസംബറിൽ ഡിവോഴ്‌സ് ആയി 

2001ൽ താരം വീണ്ടും വിവാഹിതയായി. സീരിയൽ താരമായ നിർമലായിരുന്നു വരൻ. ആ ബന്ധം 9 വർഷം നീണ്ടു നിന്നു. 2010ൽ നിർമലിന്റെ അകാലമരണത്തോടെ അതിനും തിരശീല വീണു. രണ്ട് വർഷത്തിന് ശേഷം ഉർവശിയുടെ സഹോദരനായ കമൽ റോയിയെ വിവാഹം കഴിച്ചു. 5 വർഷം മാത്രമേ ആ ബന്ധത്തിനും ആയുസുണ്ടായുളളു. 2017ൽ  വേർപിരിഞ്ഞു.രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം 2019ൽ അഭിലാഷ് എന്നയാളെ വിവാഹം കഴിച്ചു. ഇക്കുറി ഒരു വർഷം മാത്രമേ ബന്ധം നീണ്ടു നിന്നുളളു. 2020ൽ ആ ബന്ധവും അവസാനിച്ചു. 

 2011 ൽ അവർക്ക് അയൻ എന്നൊരു മകൻ ജനിച്ചു. തുടർച്ചയായ ദാമ്പത്യ പരാജയങ്ങൾ മാനസികമായി തളർത്തിയ രേഖ കഴിഞ്ഞ 5 വർഷങ്ങളായി മകനെ വളർത്തുന്നതിൽ മാത്രം ശ്രദ്ധിച്ച് കഴിയുകയായിരുന്നു. തനിക്ക് അറിയുന്ന ഏകതൊഴിൽ എന്ന നിലയിൽ അഭിനയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. തലസ്ഥാനത്തേക്ക് താമസം മാറ്റിയതും അതിനായിരുന്നു. മകൻ അയാനാണ് പിന്നീട് അവരുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദു. “ഇനി എന്റെ ലോകം മകനെ ചുറ്റിയാണ്” എന്ന് അവർ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.

അഭിനയമാണ് ആധാരം

ജീവിതത്തിലെ ഓരോ പ്രതിസന്ധിയിലും രേഖയെ താങ്ങിയത് അഭിനയം തന്നെയായിരുന്നു. “ഞാൻ തളർന്നപ്പോൾ എന്നെ പിടിച്ചുനിർത്തിയത് സീരിയലുകളാണ്” എന്നത് അവർ തുറന്നുപറഞ്ഞ വാക്കുകളാണ്. കുടുംബത്തിന്റെ നഷ്ടവും ബന്ധങ്ങളുടെ തകർച്ചയും ഉണ്ടായപ്പോൾ അഭിനയമായിരുന്നു അവർക്കുള്ള അഭയം. സിനിമയിലും ചില അവസരങ്ങൾ ലഭിച്ചെങ്കിലും പരമ്പരകളുടെ തിരക്കേറിയ ഷെഡ്യൂളുകൾ കാരണം പലതും ഉപേക്ഷിക്കേണ്ടിവന്നു. എന്നിരുന്നാലും ചില ചിത്രങ്ങളിൽ അവർ അഭിനയിച്ചു.

‘ബോൾഡ്’ രേഖ

സ്വകാര്യജീവിതത്തെ ചുറ്റിപ്പറ്റിയ വിവാദങ്ങളും അഭ്യൂഹങ്ങളും നേരിടുമ്പോൾ രേഖ പലപ്പോഴും തുറന്ന നിലപാട് സ്വീകരിച്ചു. കുടുംബപ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവങ്ങളോട് പ്രതികരിക്കുമ്പോൾ, “അങ്ങനെ ആയിരുന്നുവെങ്കിൽ ഞാൻ എത്ര തവണ അത് ചെയ്യേണ്ടിവരും?” എന്നായിരുന്നു അവരുടെ ചോദ്യം. ജീവിതം അവസാനിപ്പിക്കുന്നത് പരിഹാരമല്ലെന്ന സന്ദേശം അവർ ശക്തമായി ഉന്നയിച്ചു.

അതേസമയം, നെഗറ്റീവ് വാർത്തകൾ മകനെ ബാധിക്കുമെന്ന ആശങ്ക അവർ തുറന്നു പറഞ്ഞിട്ടുണ്ട്. “എന്റെ മകൻ സ്കൂളിൽ പഠിക്കുന്നു. വാർത്തകൾ അവനെ എങ്ങനെ ബാധിക്കും എന്ന് പലരും ചിന്തിക്കാറില്ല” എന്ന വേദനയും അവർ പങ്കുവെച്ചു.

മാതൃത്വത്തിന്റെ ശക്തി

ഇന്ന് രേഖയ്ക്ക് ജീവിതത്തിന്റെ അർത്ഥം മാതൃത്വത്തിലാണ്. പരമ്പരകളിൽ അമ്മയായി അഭിനയിക്കുമ്പോഴും യാഥാർത്ഥ്യത്തിൽ മകൻ അയാനാണ് അവരുടെ ലോകം. “പ്രസവവേദന അനുഭവിച്ച നിമിഷം എന്റെ അമ്മ അനുഭവിച്ച വേദന മനസിലായി” എന്ന വാക്കുകളിൽ അവർ മാതൃത്വത്തിന്റെ മഹത്വം വിവരിക്കുന്നു.

വിവാഹങ്ങളും വിവാദങ്ങളും മറികടന്ന്, ശക്തമായ നിലപാടുകളുമായി മുന്നോട്ട് പോകുന്ന ഒരാളായി രേഖ ഇന്നും ടെലിവിഷൻ ലോകത്ത് തിരക്കേറിയ താരമാണ്. ജീവിതം എത്ര തവണ തകർത്താലും വീണ്ടും ഉയിർത്തെഴുന്നേൽക്കാമെന്നതിന് ഒരു ഉദാഹരണമായി അവർ തുടരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img