
കോഴിക്കോട്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാലത്ത് നവകേരള സൃഷ്ടി ലക്ഷ്യം വച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും രണ്ടുനാൾ വിദ്യാർത്ഥികളാകുന്നു. സംസ്ഥാനത്തിന്റെ ദീർഘകാല വികസന സാദ്ധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്യാനും പഠിക്കാനുമായാണ് കോഴിക്കോട് കുന്ദമംഗലത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റിൽ (ഐ.ഐ.എം.കെ) നടക്കുന്ന 'റീഇമാജിനിംഗ് കേരളം" ശില്പശാലയിൽ മന്ത്രിമാരെത്തുന്നത്.
മാദ്ധ്യമങ്ങളോടുള്ള സമീപനം, ഭരണനിർവഹണ മേഖലയിലെ പുതിയ മാറ്റങ്ങൾ, ഭരണകാര്യങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രയോജനം, മന്ത്രിമാർ പുലർത്തേണ്ട ജാഗ്രതകൾ, ധനകാര്യമാനേജ്മെന്റ്, വികസന കാഴ്ചപ്പാടുകൾ, പദ്ധതികളുടെ വിനിയോഗം തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസുകൾ നടക്കുന്നത്. രാഷ്ട്രീയ നേതാക്കൾ, ഐ.ഐ.എം.കെ അദ്ധ്യാപകർ, രാജ്യാന്തര വിദഗ്ദ്ധർ എന്നിവർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
പ്രഗത്ഭരായ അദ്ധ്യാപകർ
ഐ.ഐ.എം.കെ അദ്ധ്യാപകരോടൊപ്പം ജപ്പാനിലെ കിയോ സർവകലാശാല, കിംഗ്‌സ് കോളേജ് ലണ്ടൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ദ്ധരും സെഷനുകൾ നയിക്കുന്നുണ്ട്. ആരോഗ്യവും ക്ഷേമവും സംബന്ധിച്ച പ്രത്യേക സെഷന് അരവിന്ദ് ഐ കെയർ സിസ്റ്റം ചീഫ് മെഡിക്കൽ ഓഫീസറും ഡയറക്ടർ പ്രോജക്ട്‌സുമായ ഡോ. അരവിന്ദ് ശ്രീനിവാസൻ, നാരായണ ഹെൽത്ത് ചെയർമാൻ ഡോ. ദേവി ഷെട്ടി എന്നിവർ നേതൃത്വം നൽകുന്നു.
പുതുമുഖങ്ങളുടെ സാന്നിധ്യം
മന്ത്രിക്കസേരയിൽ മുഖ്യമന്ത്രി ഉൾപ്പെടെ ഭൂരിപക്ഷം അംഗങ്ങളും പുതുമുഖങ്ങളാണ്. പി.കെ.കുഞ്ഞാലിക്കുട്ടിയാണ് മന്ത്രിസഭയിലെ അനുഭവസമ്പന്നൻ. രമേശ് ചെന്നിത്തല, എ.പി.അനിൽകുമാർ, കെ.മുരളീധരൻ, ഷിബു ബേബിജോൺ, അനൂപ് ജേക്കബ് തുടങ്ങിയവർക്കും ഭരണപരിചയമുണ്ട്. മറ്റ് 14 പേരും ആദ്യമായി മന്ത്രിയാകുന്നവരാണ്. കേരള മന്ത്രിസഭയ്ക്കായി ഐ.ഐ.എം.കെ സമാനമായ നേതൃത്വ പരിപാടി സംഘടിപ്പിക്കുന്നത് ഇത് രണ്ടാം തവണയാണ്. 2011ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ഏകദിന നേതൃത്വ മാനേജ്‌മെന്റ് പരിപാടി സംഘടിപ്പിച്ചിരുന്നു.










