
ദോഹ: മേഖലയിൽ വർദ്ധിച്ചുവരുന്ന സൈനിക സംഘർഷങ്ങളിലും ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികളിലും ആശങ്ക രേഖപ്പെടുത്തി ഖത്തറും ചൈനയും. ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഖുലൈഫിയും ഖത്തറിലെ ചൈനീസ് അംബാസഡർ കാവോ സിയാവോലിനും തമ്മിൽ വെള്ളിയാഴ്ച ദോഹയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യങ്ങൾ ചർച്ച ചെയ്തത്.
മേഖലയിലെ നിലവിലെ സൈനിക നീക്കങ്ങൾ അന്താരാഷ്ട്ര തലത്തിൽ ഉണ്ടാക്കാവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഇരുനേതാക്കളും വിലയിരുത്തി. ലോകത്തിലെ മൊത്തം എണ്ണ-പ്രകൃതിവാതക വിതരണത്തിന്റെ 20 മുതൽ 25 ശതമാനം വരെ കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ സുരക്ഷാ സാഹചര്യം ചർച്ചയിൽ പ്രധാന വിഷയമായി.ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകൾക്ക് നേരെ ആവർത്തിച്ചുണ്ടാകുന്ന ആക്രമണങ്ങളിൽ ഇരുരാജ്യങ്ങളും കടുത്ത ആശങ്ക അറിയിച്ചു.ലോകത്തെ ഊർജ്ജ വിതരണത്തിന്റെ സിരാകേന്ദ്രമായ ഈ പാതയിലെ തടസ്സങ്ങൾ അന്താരാഷ്ട്ര വ്യാപാരത്തെയും ആഗോള സമ്പദ്‌വ്യവസ്ഥയെയും ദോഷകരമായി ബാധിക്കുമെന്ന് ചർച്ചയിൽ ചൂണ്ടിക്കാട്ടി.
സമാധാനം പുനഃസ്ഥാപിക്കുന്നതിനും സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും ആവശ്യമായ നയതന്ത്ര നീക്കങ്ങളെക്കുറിച്ചും ഇരുപക്ഷവും സംസാരിച്ചു.
മേഖലയിലെ സ്ഥിരത ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹം യോജിച്ചു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത കൂടിക്കാഴ്ചയിൽ ഊന്നിപ്പറഞ്ഞു.











