04:53pm 08 November 2026
NEWS
പൂർവ്വിക മഹിമയുടെ പുനരാവിഷ്കാരം: ലബ്‌സീർ മൈതാനത്ത് തഖാദി അൽ മഫാരിദ് ഒട്ടകോത്സവത്തിന് തുടക്കം
08/11/2026  04:27 PM IST
nila
പൂർവ്വിക മഹിമയുടെ പുനരാവിഷ്കാരം: ലബ്‌സീർ മൈതാനത്ത് തഖാദി അൽ മഫാരിദ് ഒട്ടകോത്സവത്തിന് തുടക്കം

 


ദോഹ:മരുഭൂമിയുടെ മനോഹാരിതയും അറബ് പാരമ്പര്യത്തിന്റെ രാജകീയ പ്രൗഢിയും സമന്വയിച്ച അന്തരീക്ഷത്തിൽ
 'മലാഖാത്ത് അൽ ഹഖാവി'  എന്ന മുദ്രാവാക്യമുയർത്തി ഖത്തർ ഒട്ടക പ്രേമികളുടെ ക്ലബ്ബ് (Qatar Camel Mzayen Club) സംഘടിപ്പിക്കുന്ന മൂന്നാമത് 'തഖാദി അൽ മഫാരിദ്' (Tahaddi Al Mfareed) സൗന്ദര്യ മത്സരത്തിന് പ്രൗഢോജ്ജ്വലമായ തുടക്കം. ഷഹാനിയയിലെ ലബ്‌സീർ (Lebsayyer) മൈതാനത്താണ് പാരമ്പര്യത്തിന്റെ ദൃശ്യവിരുന്ന് ഒരുക്കിയിരിക്കുന്നത്.
ഖത്തറിൽ നിന്നും മറ്റ് ജി.സി.സി രാജ്യങ്ങളിൽ നിന്നുമുള്ള പ്രമുഖ ഒട്ടക ഉടമസ്ഥരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായ ആദ്യദിനത്തിൽ ആവേശം വാനോളമുയർത്തിയ നാല് മത്സര റൗണ്ടുകളാണ് അരങ്ങേറിയത്. ലോക്കൽ മഫാരിദ് അൽ ഷഅൽ - അൽ സുഫർ വിഭാഗത്തിൽ 33 ഒട്ടകങ്ങളും, അൽ ഷഖ് വ - അൽ ഹുമർ വിഭാഗത്തിൽ 35 ഒട്ടകങ്ങളും മാറ്റുരച്ചു.  
​റെക്കോർഡ് പങ്കാളിത്തം കുറിച്ച അൽ വാദഹ് (Al Wadh) വിഭാഗത്തിൽ 46 ഒട്ടകങ്ങൾ അണിനിരന്നപ്പോൾ, ലോക്കൽ ഷെരായ തഖാദി റൗണ്ടിൽ 26 ഒട്ടകങ്ങളാണ് തങ്ങളുടെ വശ്യത കൊണ്ട് കാണികളുടെ മനംകവർന്നത്.  
നമ്മുടെ പൂർവ്വികരുടെ പാരമ്പര്യ മഹിമയെയും ഒട്ടകങ്ങളോടുള്ള സാംസ്കാരിക പ്രതിബദ്ധതയെയും വരുംതലമുറയ്ക്കായി നെഞ്ചിലേറ്റുന്നതാണ് മേളയെന്ന് ഫെസ്റ്റിവൽ പ്രസിഡന്റ് അലി സുൽത്താൻ അൽ ഹുമൈദി പറഞ്ഞു. മൂന്നാം പതിപ്പിലേക്ക് എത്തുമ്പോൾ തഖാദി ബിയാറഖ് (Bayraq Al Tahaddi) സൗന്ദര്യ മത്സരം മേഖലയിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ അടയാളമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൾഫിന്റെ പരമ്പരാഗത പ്രൗഢിയും ഒട്ടക സൗന്ദര്യത്തിന്റെ വശ്യതയും തൊട്ടറിഞ്ഞ് നിരവധി ആസ്വാദകരാണ് ലബ്‌സീർ മൈതാനത്തേക്ക് ഒഴുകിയെത്തുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img