
ഡൽഹി ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് കശ്മീരിൽ ഒരു വനിതാ ഡോക്ടർ കൂടി അറസ്റ്റിൽ. ഹരിയാനയിലെ റോഹ്തക് സ്വദേശിയായ ഡോ. പ്രിയങ്ക ശർമ്മയെയാണ് ജമ്മു കശ്മീർ പോലീസിന്റെ കൗണ്ടർ ഇന്റലിജൻസ് സംഘം പിടികൂടിയത്. കശ്മീരിലെ അനന്ത്നാഗിലുള്ള സർക്കാർ മെഡിക്കൽ കോളേജിൽ ജോലി ചെയ്യുകയായിരുന്നു പ്രിയങ്ക ശർമ്മ.
അനന്തനാഗിലെ മലക്നാഗ് പ്രദേശത്ത് വാടക വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. അനന്തനാഗ് സർക്കാർ മെഡിക്കൽ കോളജിലെ മുൻ ജീവനക്കാരനായ അദീലിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതിൽ നിന്നാണ് ഭീകരവാദ ശൃംഖലയ്ക്ക് സാമ്പത്തികവും മറ്റ് സഹായങ്ങളും നൽകുന്നവരെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചത്. ഫോൺവിളി വിവരങ്ങൾ പരിശോധിച്ചാണ് പോലീസ് വനിതാ ഡോക്റെ കണ്ടെത്തിയത്. കൂടുതൽ അന്വേഷണത്തിനായി ഹരിയാണയിൽ നിന്നുള്ള ഒരു സംഘം അനന്തനാഗിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
കശ്മീരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശിലും സമാനമായ പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. ഇവിടെ കശ്മീർ സ്വദേശികളായ 200-ഓളം മെഡിക്കൽ വിദ്യാർഥികളും ഡോക്ടർമാരും നിരീക്ഷണത്തിലാണ്. കശ്മീരി വിദ്യാർഥികൾ പഠിക്കുന്ന കോളേജുകളുമായും സർവകലാശാലകളുമായും ഭീകരവാദ വിരുദ്ധ സ്ക്വാഡ് ബന്ധപ്പെട്ടിട്ടുണ്ട്. കൂടാതെ കാൺപുർ, ലഖ്‌നൗ, മീററ്റ്, സഹാറൻപുർ തുടങ്ങിയ നഗരങ്ങളിലെ സ്ഥാപനങ്ങളും സൂക്ഷ്മപരിശോധനയിലാണ്. ഹരിയാണയിലെ അൽ-ഫലാഹ് സർവകലാശാലയിലെ രണ്ട് ഡോക്ടർമാർ ഉൾപ്പെടെ മൂന്ന് പേരെ ഡൽഹി പോലീസ് വെള്ളിയാഴ്ച ധൗജ്, നൂഹ്, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നടത്തിയ സംയുക്ത റെയ്ഡുകളിൽ അറസ്റ്റ് ചെയ്തു.











