08:56am 10 November 2026
NEWS
സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിച്ചുപോകുമെന്ന അവസ്ഥയിൽ തന്റെ ജീവൻ രക്ഷപെട്ടത് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതിനാലെന്ന് മന്ത്രി സജി ചെറിയാൻ
07/07/2025  06:18 PM IST
nila
സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിച്ചുപോകുമെന്ന അവസ്ഥയിൽ തന്റെ ജീവൻ രക്ഷപെട്ടത് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതിനാലെന്ന് മന്ത്രി സജി ചെറിയാൻ

സംസ്ഥാനത്തെ ആരോഗ്യമേഖലയ്‌ക്കെതിരേ അതിരൂക്ഷ വിമർശനം ഉയരുന്നതിനിടെ ആരോ​ഗ്യവകുപ്പിനെ കൂടുതൽ പ്രതിസന്ധിയിലാക്കി മന്ത്രി സജി ചെറിയാൻ.  സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ തുടങ്ങിയപ്പോഴാണ് താൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയാണ് കേരളത്തിലെ ആരോ​ഗ്യവകുപ്പിനെ വെട്ടിലാക്കിയിരിക്കുന്നത്.  2019-ൽ ഡെങ്കിപ്പനി വന്നപ്പോൾ താൻ ആദ്യം സർക്കാർ ആശുപത്രിയിലാണ് ചികിത്സ തേടിയതെന്നും എന്നാൽ മരിക്കുമെന്ന ഘട്ടംവന്നപ്പോൾ അമൃതയിൽ കൊണ്ടുപേയതിനാൽ ജീവൻ തിരിച്ചുകിട്ടിയെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകൾ. മന്ത്രിമാർ സ്വകാര്യ ആശുപത്രിയിൽ മന്ത്രിമാർ ചികിത്സ തേടുന്നത് പുതുമയല്ലെന്ന ന്യായീകരണത്തിനിടെ ആയിരുന്നു സജി ചെറിയാന്റെ വിവാദ പ്രസ്താവന. 

സ്വകാര്യ ആശുപത്രിയിൽ മന്ത്രിമാരും പോകും. സാധാരണക്കാരും പോകും. അല്ലാത്തവരും പോകും. ഞാൻ പോയത് മെഡിക്കൽ കോളേജിലാണ്. കുഴപ്പമൊന്നും സംഭവിച്ചില്ല. ചിലർ സ്വകാര്യ ആശുപത്രിയിൽ പോകും. 2019-ൽ ഡെങ്കിപ്പനി വന്നപ്പോൾ ഞാൻ സർക്കാർ ആശുപത്രിയിലായിരുന്നു പോയത്. സർക്കാർ ആശുപത്രിയിലെ ചികിത്സ കൊണ്ട് മരിക്കാൻ സാധ്യത വന്നപ്പോൾ എന്നെ അമൃത ആശുപത്രിയിൽ കൊണ്ടുപോകാൻ ശുപാർശ ചെയ്തു. എന്നെ അമൃതയിൽ കൊണ്ടുപോയി. അവിടെ ചെന്നപ്പോൾ 14 ദിവസം ബോധമില്ലായിരുന്നു. ഞാൻ രക്ഷപ്പെട്ടു. അപ്പോൾ അമൃത ആശുപത്രി മോശമാണോ. അതൊക്കെ ഈ നാട്ടിൽ വ്യവസ്ഥാപിതമായ കാര്യങ്ങളാണ്, എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ.

കൂടുതൽ സാങ്കേതിക വിദ്യകളുള്ള സ്വകാര്യ ആശുപത്രികളുണ്ട്. അത്രയും ചിലപ്പോൾ സർക്കാർ ആശുപത്രിയിൽ വന്നുകാണില്ല. കാരണം കൂടുതൽ ആളുകൾ വരുന്ന സ്ഥാപനമെന്ന നിലയ്ക്ക് സർക്കാർ ആശുപത്രികളിൽ അതിന്റെ ടെക്‌നോളജികളും സാമ്പത്തികമായ സഹായങ്ങളും കുറവായിരിക്കും. ഒരു സ്വകാര്യ ആശുപത്രിയിൽ കൂടുതൽ ടെക്‌നോളജി വരും. അപ്പോൾ കൂടുതൽ ചികിത്സ അവിടെകിട്ടും. അപ്പോൾ അങ്ങോട്ടു പോകണമെന്നും സജി ചെറിയാൻ പറഞ്ഞു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img