
തമിഴ് സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിനിമകൾ റിലീസ് ചെയ്ത വർഷമായി മാറിയിരിക്കുകയാണ് 2025. ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 280-ലധികം സിനിമകൾ റിലീസായി. ഇത്രയധികം സിനിമകൾ റിലീസായാലും കളക്ഷൻ റിപ്പോർട്ടുകൾ എടുത്ത് നോക്കിയാൽ വൻ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 2025-ലെങ്കിലും തമിഴിൽ 1000 കോടിയോളം കളക്ഷൻ നേടുന്ന ഒരു ചിത്രമെങ്കിലും ഉണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതും സംഭവിച്ചില്ല.
കളക്ഷൻ നേടിയ ചിത്രങ്ങൾ
ബോക്സ് ഓഫീസ് കണക്കുകൾ പ്രകാരം, രജനികാന്തിന്റെ ചിത്രമായ 'കൂലി' തമിഴിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറി. മുൻനിര നായകന്മാരിൽ വിജയ് ഒഴികെ രജനികാന്തിൻ്റെ ‘കൂലി’, കമൽഹാസന്റെ ‘തക് ലൈഫ്’, അജിത്തിൻ്റെ ‘വിടാമുയർച്ചി', 'ഗുഡ് ബാഡ് അഗ്ലി’, വിക്രമിൻ്റെ ‘വീര ധീര ശൂരൻ 2’, സൂര്യയുടെ ‘റെട്രോ’, ധനുഷിൻ്റെ ‘കുബേര', 'ഇഡ്‌ലി കടൈ’, വിജയ്സേതുപതിയുടെ ‘ഏസ്', 'തലൈവൻ തലൈവി’ ശിവകാർത്തികേയന്റെ 'മദ്രാസി', വിശാലിൻ്റെ 'മധഗജരാജ', പ്രദീപ് രംഗനാഥൻ്റെ 'ഡ്രാഗൺ', 'ഡ്യൂഡ്' എന്നീ ചിത്രങ്ങൾ പുറത്തിറങ്ങി. ഇതിൽ 'കൂലി', 'ഗുഡ് ബാഡ് അഗ്ലി', 'തലൈവൻ തലൈവി', 'മദഗജരാജ', 'ഡ്രാഗൺ', 'ഡ്യൂഡ്' എന്നീ ചിത്രങ്ങളും ശശികുമാർ നായകനായ 'ടൂറിസ്റ്റ് ഫാമിലി', ധ്രുവ് വിക്രം നായകനായ 'ബൈസൺ', സൂരി ഹീറോയായ 'മാമൻ', മണികണ്ഠൻ നായകനായ 'കുടുംബസ്ഥൻ', റിയോ രാജ് നായകനായ 'ആൺ പാവം പൊല്ലാത്തതു' എന്നീ ചിത്രങ്ങൾ മാത്രമാണ് ലാഭം നേടിയത്. ഒരേ വർഷം 100 കോടി കളക്ഷൻ നേടിയ രണ്ട് ചിത്രങ്ങൾ നൽകിയ നായകനാണ് പ്രതീപ് രംഗനാഥൻ. അത് 'ഡ്രാഗൺ', 'ഡ്യൂഡ്' എന്നീ ചിത്രങ്ങളാണ്. ഡബ്ബ് ചെയ്ത ചിത്രമായി വന്ന 'കാന്താര അദ്ധ്യായം 1', ആനിമേറ്റഡ് ചിത്രമായി വന്ന 'മഹാവതർ നരസിംഹം' എന്നീ ചിത്രങ്ങൾ തമിഴ്‌നാട്ടിൽ വമ്പൻ കളക്ഷൻ നേടും ഇത് എല്ലാവരെയും അത്ഭുതപ്പെടുത്തുകയും ചെയ്തു. ഈ വർഷം പുറത്തിറങ്ങിയ 280 സിനിമകളിൽ 250 സിനിമകളോളം നഷ്ടം വരുത്തിയ സിനിമകളാണ്. ഇത് സംബന്ധമായുള്ള പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഈ വർഷം തമിഴ് സിനിമയ്ക്ക് 2000 കോടിയിലധികം നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
തിയേറ്ററുകൾ അടച്ചുപൂട്ടാനുള്ള സാധ്യത...
ചെന്നൈ പോലുള്ള പ്രധാന നഗരങ്ങളിൽ, പ്രവർത്തിക്കുന്ന ചില തിയേറ്ററുകളിൽ പോലും പ്രവൃത്തി ദിവസങ്ങളിൽ നിരവധി ഷോകൾ റദ്ദാക്കിയിട്ടുണ്ട്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മാത്രമാണ് പ്രേക്ഷകർ സിനിമകൾ കാണാൻ വരുന്നത്. ഈ സാഹചര്യം തുടരുകയാണെങ്കിൽ തമിഴ്‌നാട്ടിലുടനീളമുള്ള നിരവധി തിയേറ്ററുകൾ അടച്ചുപൂട്ടാനുള്ള സാധ്യതയും ഉണ്ടെന്നാണ് റിപ്പോർട്ട്.
ഇതിന് എന്താണ് പരിഹാരം?
മുൻനിര നടന്മാരുടെ ശമ്പളം കുറയ്ക്കുക, ഒ.ടി.ടി.യിൽ റിലീസ് ചെയ്യുന്ന സിനിമകൾക്കിടയിൽ 100 ദിവസത്തെ ഇടവേള വേണമെന്ന് ആവശ്യപ്പെടുക തുടങ്ങിയ ആവശ്യങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിനിമാ മേഖലയിൽ ഉയർന്നുവരുന്നുണ്ട്. ഒ.ടി.ടി കമ്പനികൾ ചില നടന്മാരുടെ സിനിമകൾ ഉയർന്ന വിലയ്ക്ക് വാങ്ങുന്നുണ്ടെന്നും, മറ്റ് ചെറിയ നടന്മാരെയും, സിനിമകളെയും പരിഗണിക്കുന്നില്ലെന്നും ആരോപണമുണ്ട്. അതുപോലെ പുതിയ സിനിമകൾ റിലീസ് ചെയ്യുന്നതിൽ നിയന്ത്രണമില്ല. ഓരോ നിർമ്മാതാക്കളും അവരുടെ സൗകര്യത്തിനനുസരിച്ച് സിനിമകൾ റിലീസ് ചെയ്യുന്നു. തമിഴ് സിനിമയിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, ഡയറക്‌ടേഴ്‌സ് അസോസിയേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ, തിയേറ്റേഴ്‌സ് അസോസിയേഷൻ, അഭിനേതാക്കളുടെ അസോസിയേഷൻ തുടങ്ങി നിരവധി അസോസിയേഷനുകൾ ഉണ്ട്. എന്നാൽ പുതിയ സിനിമകളുടെ റിലീസിൽ ഒരു നിയന്ത്രണം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആരും സംസാരിക്കാറില്ലെന്നുള്ള പരാതികളും ഉണ്ട്. ഈ പുതുവർഷത്തോടെ ഇതിനൊരു പരിഹാരം കണ്ടെത്തിയാൽ മാത്രമേ തമിഴ് സിനിമകൾ വിജയിക്കാനും, തമിഴ് സിനിമാ ഇൻഡസ്ടറി തുടർന്ന് നിലനിൽക്കാനും സാധിക്കുകയുള്ളൂ എന്നാണ് കോളിവുഡിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ!
Photo Courtesy - Google










