07:09am 30 April 2026
NEWS
മുലപ്പൂവിന് തീവില; രണ്ടായിരം രൂപയിൽ നിന്നും പന്ത്രണ്ടായിരം രൂപയിലേക്ക് കുതിച്ചു
10/01/2026  12:49 PM IST
nila
മുലപ്പൂവിന് തീവില; രണ്ടായിരം രൂപയിൽ നിന്നും പന്ത്രണ്ടായിരം രൂപയിലേക്ക് കുതിച്ചു

ചെന്നൈ: പൊങ്കൽ ആഘോഷങ്ങൾക്ക് ദിവസങ്ങൾ മാത്രം അവശേഷിക്കെ തമിഴ്‌നാട്ടിൽ മധുര മുല്ലപ്പൂവിന്റെ വില കുതിക്കുന്നു. കിലോഗ്രാമിന് 12,000 രൂപ വരെയാണ് ഇപ്പോൾ വിപണിയിൽ വില. കഴിഞ്ഞ ആഴ്ച വരെ 2,000 രൂപയ്ക്ക് ലഭിച്ചിരുന്ന മുല്ലപ്പൂവാണ് ഇപ്പോൾ റോക്കറ്റ് വേ​ഗതയിൽ വില കുതിച്ചുയരുന്നത്. 

മധുര ജില്ലയിലെ ഉസിലംപട്ടി, തിരുമംഗലം തുടങ്ങിയ പ്രധാന പുഷ്പ വിപണികളിലാണ് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. ഉൽപാദനം കുറഞ്ഞതും മാർഗഴി മാസത്തോടനുബന്ധിച്ചുള്ള ആവശ്യകത കുത്തനെ കൂടിയതുമാണ് വില വർധനവിന് കാരണം. മുല്ലപ്പൂ കൃഷിയുടെ ഏകദേശം 70 ശതമാനവും ഉസിലംപട്ടിയിലും സമീപ പ്രദേശങ്ങളിലുമാണ് നടക്കുന്നത്. എന്നാൽ കടുത്ത തണുപ്പിനെ തുടർന്ന് പൂക്കളുടെ വിളവ് കുറഞ്ഞതായാണ് കർഷകരുടെ വിശദീകരണം.

തമിഴ്‌നാടിനൊപ്പം കേരളത്തിലും മുല്ലപ്പൂവിന് പൊന്നുംവിലയാണ്. കൊച്ചിയിലെ വിപണികളിൽ കിലോഗ്രാമിന് 6,000 മുതൽ 7,000 രൂപ വരെയാണ് നിരക്ക്. മാലകളുടെ വിലയും കുത്തനെ ഉയർന്നിരിക്കുകയാണ്. ചെറിയ മുല്ലപ്പൂമാലയ്ക്ക് പോലും 100 രൂപയ്ക്ക് മുകളിലാണ് വില. ശനി, ഞായർ ദിവസങ്ങളിൽ ചില്ലറ വിപണിയിൽ വില ഇരട്ടിയാകുന്നതായും വ്യാപാരികൾ പറയുന്നു.

കോയമ്പത്തൂർ, മധുര, സത്യമംഗലം, മേട്ടുപ്പാളയം തുടങ്ങിയ കേന്ദ്രങ്ങളിൽ നിന്നുള്ള പൂക്കളുടെ വരവ് പകുതിയിലധികം കുറഞ്ഞതായാണ് മൊത്തവ്യാപാരികളുടെ വിലയിരുത്തൽ. കിലോഗ്രാമിന് 6,000 രൂപ കടന്നതോടെ നിരവധി വ്യാപാരികൾ മുല്ലപ്പൂ വ്യാപാരം താൽക്കാലികമായി നിർത്തിയിരിക്കുകയാണ്. വാങ്ങിയ പൂക്കൾ അന്നേ ദിവസം വിറ്റുപോയില്ലെങ്കിൽ വലിയ നഷ്ടം നേരിടേണ്ടിവരുമെന്നതാണ് പ്രധാന ആശങ്ക.

ഭൗമസൂചികാ പദവി നേടിയ മധുര മല്ലിപ്പൂവിന് ശക്തവും ദീർഘനേരം നിലനിൽക്കുന്ന സുഗന്ധവും നക്ഷത്രാകൃതിയിലുള്ള പൂക്കളുമാണ് പ്രത്യേകത. മുല്ലപ്പൂവിനൊപ്പം കനകാംബരം, പിച്ചി തുടങ്ങിയ മറ്റു പൂക്കളുടെ വിലയും ഉയർന്ന നിലയിലാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img