
തിരുവനന്തപുരം: കേരളം മുമ്പെങ്ങുമില്ലാത്ത വിധം കടുത്ത ചൂടിലൂടെ കടന്നുപോകുമ്പോൾ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡുകളും ഭേദിച്ച് കുതിക്കുകയാണ്. ഉപഭോഗം വർദ്ധിക്കുന്നതിനനുസരിച്ച് പുറത്തുനിന്ന് വൈദ്യുതി വാങ്ങാനായി കെ.എസ്.ഇ.ബിക്ക് ചിലവിടേണ്ടി വരുന്നത് കോടികളാണ്. 2024-25 സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം വൈദ്യുതി വാങ്ങാനായി മാത്രം ഏകദേശം 12,930.60 കോടി രൂപ ചിലവാക്കിയിരുന്നു. എന്നാൽ ഇത്തവണ ഈ തുക 13,000 കോടി കടക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
സംസ്ഥാനത്തിന് വലിയ തിരിച്ചടിയായത് 465 മെഗാവാട്ടിന്റെ നാല് ദീർഘകാല കരാറുകൾ റദ്ദായതാണ്. ഇതോടെ വലിയ വില നൽകി പുറത്തുനിന്ന് വൈദ്യുതി എത്തിക്കേണ്ട അവസ്ഥയിലാണ് കെ.എസ്.ഇ.ബി. സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനുകളിൽ നിന്നും എക്സ്ചേഞ്ചുകളിൽ നിന്നും ഹ്രസ്വകാല കരാറുകൾ വഴിയുമാണ് നിലവിൽ വൈദ്യുതി കണ്ടെത്തുന്നത്. വൈദ്യുതി എത്തിക്കാനുള്ള ട്രാൻസ്മിഷൻ ചാർജ് ഇനത്തിൽ മാത്രം 1260 കോടിയോളം രൂപ അധികമായി വരുന്നുണ്ട്. ഇതെല്ലാം ചേർത്താണ് വലിയൊരു സാമ്പത്തിക ബാധ്യത സംസ്ഥാനത്തിന് മേൽ വന്നുചേരുന്നത്.
വൈകുന്നേരം 6 മണി മുതൽ രാത്രി 10:30 വരെയുള്ള പീക്ക് സമയത്തെ വൈദ്യുതി ഉപയോഗമാണ് ഇപ്പോൾ ആശങ്കയുണ്ടാക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച പീക്ക് സമയത്തെ ഉപയോഗം 5836 മെഗാവാട്ട് എന്ന റെക്കോർഡിലെത്തി. 2024 മേയിൽ രേഖപ്പെടുത്തിയ 5797 മെഗാവാട്ട് എന്ന റെക്കോർഡാണ് ഇപ്പോൾ തിരുത്തപ്പെട്ടത്. വ്യാഴാഴ്ചത്തെ കണക്കനുസരിച്ച് സംസ്ഥാനത്തിന്റെ ആകെ ഉപയോഗം 109.10 ദശലക്ഷം യൂണിറ്റാണ്. ഇതിൽ കേരളത്തിലെ ആകെ ഉത്പാദനം വെറും 28.86 ദശലക്ഷം യൂണിറ്റ് മാത്രമാണെന്നത് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. ഇടുക്കി ഉൾപ്പെടെയുള്ള ജലവൈദ്യുത പദ്ധതികളിൽ നിന്ന് ലഭിക്കുന്നത് 26 ദശലക്ഷം യൂണിറ്റ് മാത്രമാണ്. ബാക്കി വരുന്ന 80 ദശലക്ഷം യൂണിറ്റും വലിയ വില കൊടുത്ത് പുറത്തുനിന്ന് വാങ്ങുകയാണ് ചെയ്യുന്നത്.
ഈ അധിക ബാധ്യത സാധാരണക്കാരായ ഉപഭോക്താക്കളുടെ ബില്ലിൽ സർചാർജ് ആയി പ്രതിഫലിക്കുമെന്നതാണ് ഏറ്റവും വലിയ ആശങ്ക. നേരത്തെ സർചാർജ് ഈടാക്കുന്നതിന് യൂണിറ്റിന് 10 പൈസ എന്ന പരിധി നിശ്ചയിച്ചിരുന്നു. എന്നാൽ സർക്കാർ നിർദ്ദേശപ്രകാരം റെഗുലേറ്ററി കമ്മീഷൻ ഈ പരിധി നീക്കം ചെയ്തതോടെ വരും മാസങ്ങളിൽ വൈദ്യുതി ബില്ലിൽ വലിയ വർദ്ധനവ് ഉണ്ടായേക്കാം. നിലവിൽ വൈദ്യുതി വിതരണത്തിൽ തടസ്സങ്ങളില്ലെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കുന്നുണ്ടെങ്കിലും, സാമ്പത്തിക ബാധ്യത കുറയ്ക്കാൻ പീക്ക് സമയത്തെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ടി വരും.











