
ന്യൂഡൽഹി: രാജ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് സർവീസുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടവുമായി തിരുവനന്തപുരം-മംഗളൂരു റൂട്ടിലെ ട്രെയിൻ. 2025-26 സാമ്പത്തിക വർഷത്തെ റെയിൽവേ ബോർഡിന്റെ കണക്കുകൾ പ്രകാരം 189.35 ശതമാനമാണ് ഈ സർവീസിന്റെ ഒക്യുപ്പൻസി. മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള മടക്ക സർവീസും 174.77 ശതമാനം ഒക്യുപ്പൻസി നേടി മികച്ച പ്രകടനം കാഴ്ചവച്ചു.
രാജ്യത്തെ വന്ദേ ഭാരത് ചെയർ കാർ ട്രെയിനുകളുടെ ശരാശരി ഒക്യുപ്പൻസി 99.10 ശതമാനമാണെന്നിരിക്കെയാണ് കേരളത്തിലെ സർവീസുകൾ ഈ നേട്ടം സ്വന്തമാക്കിയത്. സാധാരണയായി നൂറു ശതമാനത്തിൽ കൂടുതൽ ഒക്യുപ്പൻസി എന്നത് ട്രെയിനിലെ സീറ്റുകളേക്കാൾ കൂടുതൽ യാത്രക്കാർ ഒരേസമയം യാത്ര ചെയ്യുന്നു എന്ന അർഥത്തിലല്ല. റെയിൽവേ പിന്തുടരുന്ന സീറ്റ് റൊട്ടേഷൻ സംവിധാനമാണ് ഇതിന് പിന്നിൽ.
ഒരു യാത്രക്കാരൻ തിരുവനന്തപുരത്തുനിന്ന് എറണാകുളം വരെ ഒരു സീറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്താൽ, എറണാകുളത്ത് ഇറങ്ങുന്ന മുറയ്ക്ക് അതേ സീറ്റ് അടുത്ത യാത്രക്കാരന് കോഴിക്കോടുവരെ ഉപയോഗിക്കാം. അവിടെ നിന്ന് മറ്റൊരാൾക്ക് മംഗളൂരു വരെ യാത്ര ചെയ്യാനും സാധിക്കും. ഇങ്ങനെ ഒരേ സീറ്റ് വിവിധ ഘട്ടങ്ങളിലായി ഒന്നിലധികം യാത്രക്കാർ ഉപയോഗിക്കുന്നതാണ് ഒക്യുപ്പൻസി നിരക്ക് ഉയരാൻ കാരണം.
കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ നിന്നുള്ള യാത്രക്കാരുടെ വലിയ തിരക്കും ഈ റൂട്ടിന്റെ ഉയർന്ന ഒക്യുപ്പൻസിക്ക് കാരണമാകുന്നു. ആകെ സീറ്റുകളുടെ എണ്ണത്തേക്കാൾ ഏകദേശം 1.9 മടങ്ങ് യാത്രക്കാരെ ഒരു സർവീസിൽ ഉൾക്കൊള്ളിക്കാൻ കഴിയുന്നതിനാലാണ് നിരക്ക് 189.35 ശതമാനത്തിലെത്തുന്നത്.
യാത്രക്കാരുടെ എണ്ണത്തിൽ മാത്രമല്ല, വരുമാനത്തിലും കേരളത്തിലെ വന്ദേ ഭാരത് സർവീസുകൾ മികച്ച മുന്നേറ്റമാണ് നടത്തിയത്. 2025-26 സാമ്പത്തിക വർഷത്തിൽ കേരളത്തിലെ വന്ദേ ഭാരത് ട്രെയിനുകളുടെ ആകെ വരുമാനം 249.65 കോടി രൂപയായി. മുൻ സാമ്പത്തിക വർഷത്തെ 166.65 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 83 കോടി രൂപയുടെ വർധനയാണുണ്ടായത്.
തിരുവനന്തപുരം-മംഗളൂരു സർവീസ് മാത്രം 62.20 കോടി രൂപ വരുമാനം നേടി. മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള മടക്ക സർവീസിന്റെ വരുമാനം 59.10 കോടി രൂപയാണ്. 2024-25 സാമ്പത്തിക വർഷത്തിൽ ഈ മടക്ക സർവീസിൽ നിന്ന് ലഭിച്ച വരുമാനം 30.71 കോടി രൂപയായിരുന്നു.
ഒക്യുപ്പൻസിയുടെ കാര്യത്തിൽ ഉത്തരേന്ത്യയിലെ പ്രമുഖ വന്ദേ ഭാരത് റൂട്ടുകളെയും കേരളത്തിലെ സർവീസ് പിന്നിലാക്കി. ഡൽഹി-വാരാണസി വന്ദേ ഭാരത് ചെയർ കാർ സർവീസുകളുടെ ഒക്യുപ്പൻസി 114.05 മുതൽ 117.26 ശതമാനം വരെയാണ്. ഇന്ത്യയിലെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ സർവീസായ ഹൗറ-കാമാഖ്യ ട്രെയിനിൽ ഇത് 103.54 മുതൽ 127.66 ശതമാനം വരെയാണെന്നും റെയിൽവേ കണക്കുകൾ വ്യക്തമാക്കുന്നു.










