
ന്യൂഡൽഹി: തർക്കങ്ങൾ പരിഹരിക്കുന്നതിന് കോടതികളെ മാത്രം ആശ്രയിക്കാതെ മധ്യസ്ഥത എന്ന ആശയത്തെ സ്വീകരിക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഗവായ്. നിയമപരമായ പിന്തുണക്കപ്പുറം അനുരഞ്ജനമെന്നത് ഒരു സംസ്‌കാരമായി വളർന്നു വരേണ്ടതുണ്ടെന്നും ഗവായ് അഭിപ്രായപ്പെട്ടു.
നമ്മുടെ സ്വാതന്ത്ര്യ സമരകാലത്ത് പോലും നേതാക്കൾക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചകളിലൂടെയും കൂടിയാലോചനകളിലൂടെയുമാണ് പരിഹരിച്ചിരുന്നത്. ഓരോ പ്രദേശത്തെയും സമാധാനവും ഐക്യവും നിലനിർത്താൻ മധ്യസ്ഥതക്ക് സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനായി, ലീഗൽ സർവീസസ് അതോറിറ്റി മുൻകൈയ്യെടുക്കണമെന്നും സാധാരണക്കാർക്കായി ലളിതമായ പരിശീലന പരിപാടികൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
സമൂഹത്തിൽ സൗഹാർദ്ദം നിലനിർത്താൻ സംവാദങ്ങൾ അനിവാര്യമാണ്. തർക്കങ്ങളല്ല, മറിച്ച് മറ്റുള്ളവരെ കേൾക്കാനും അവരുടെ ഭാഗം മനസ്സിലാക്കാനുമുള്ള വൈമനസ്യമാണ് സമാധാന അന്തരീക്ഷം ഇല്ലാതാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











