
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതി സ്വകാര്യ ബസ് മേഖലയിലുണ്ടാക്കിയ വരുമാനനഷ്ടം പരിഹരിക്കുന്നതിനുള്ള നിർദേശങ്ങളുമായി വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു. പ്രിയദർശിനി സർവീസുകളുടെ ഷെഡ്യൂളിൽ മാറ്റം വരുത്തണമെന്നാണ് പ്രധാന ശുപാർശ. സ്വകാര്യ ബസുകളുടെ പ്രതിസന്ധി പരിഹരിക്കുന്നതിനായി നിരവധി നിർദേശങ്ങളും സമിതി മുന്നോട്ടുവച്ചിട്ടുണ്ട്.
മുൻ ഡിജിപി കെ. പത്മകുമാർ അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് തയാറാക്കിയത്. റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തി.
സ്വകാര്യ ബസുകൾ സർക്കാരിന് പാട്ടത്തിന് എടുക്കണമെന്നതാണ് സമിതിയുടെ ശ്രദ്ധേയമായ മറ്റൊരു നിർദേശം. ബസുകൾ പാട്ടത്തിന് നൽകാൻ തയാറാണെന്ന് നേരത്തെ ഉടമകൾ സർക്കാരിനെ അറിയിച്ചിരുന്നു. പാട്ടത്തിനെടുക്കുന്ന ബസുകൾക്ക് ഓരോ കിലോമീറ്ററിനും നിശ്ചിത നിരക്ക് നൽകുന്ന രീതിയിലുള്ള സംവിധാനമാണ് പരിഗണിക്കുന്നത്.
ജൂൺ 15ന് പ്രിയദർശിനി പദ്ധതി ആരംഭിച്ചതിന് പിന്നാലെ സ്വകാര്യ ബസ് മേഖലയിൽ വലിയ വരുമാനനഷ്ടമുണ്ടായെന്നാണ് ഉടമകളുടെ പരാതി. പദ്ധതിയുടെ ഭാഗമായി 500 ബസുകൾ പൂർണതോതിൽ സർവീസ് നടത്തിയിരുന്നു. സംസ്ഥാനത്തെ ഏകദേശം 11,000 സ്വകാര്യ ബസുകളിൽ പകുതിയോളം നിലവിൽ മുഴുവൻ സർവീസുകളും നടത്തുന്നില്ലെന്നാണ് കണക്ക്.
കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് പ്രതിസന്ധി രൂക്ഷം. സ്വകാര്യ ബസ് ഉടമകളുമായി നടത്തിയ ചർച്ചയിൽ ആറാഴ്ചയ്ക്കകം പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു.
മേഖലയിലെ നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് നൽകുന്നതിന് സമാനമായ സാമ്പത്തിക സഹായം വേണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് സ്വകാര്യ ബസ് ഉടമകൾ ഉന്നയിച്ചത്. മൂന്ന് കേന്ദ്രങ്ങളിൽ സിറ്റിങ് നടത്തി സമിതി ഉടമകളിൽനിന്ന് നിർദേശങ്ങളും പരാതികളും ശേഖരിച്ചിരുന്നു.











