02:19am 12 November 2025
NEWS
ടാറ്റാ ഗ്രൂപ്പിൽ കലാപം; പല്ലോൻജി, ടാറ്റാ കുടുംബങ്ങൾ കൊമ്പുകോർക്കുന്നു
01/11/2025  10:52 PM IST
സാജൻ മാത്യു
ടാറ്റാ ഗ്രൂപ്പിൽ കലാപം; പല്ലോൻജി, ടാറ്റാ കുടുംബങ്ങൾ കൊമ്പുകോർക്കുന്നു

രത്തൻ ടാറ്റയുടെ കാലശേഷം ടാറ്റാ ഗ്രൂപ്പിൽ ഉടലെടുത്ത മൂപ്പിളപ്പത്തർക്കം  പുതിയ തലങ്ങളിലേയ്ക്ക്. രത്തന്റെ നോമിനിയും ചെയർമാനുമായ നോയൽ ടാറ്റയും മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ സഹോദരൻ മെഹ്‌ളി മിസ്ത്രിയും  അധികാരത്തിന് വേണ്ടി നടത്തുന്ന ചരടുവലികൾ കോർപ്പറേറ്റ് ലോകത്ത് കോലാഹലങ്ങൾ സൃഷ്ടിക്കുകയാണ്. ടാറ്റാ ഗ്രൂപ്പിലെ മുപ്പതോളം ലിസ്റ്റഡ് കമ്പനികളുടെ ഹോൾഡിംഗ് കമ്പനിയായ ടാറ്റാ സൺസിൽ അറുപത്തിയാറ് ശതമാനം ഓഹരിയുള്ള ടാറ്റാ ട്രസ്റ്റിന്റെ നിയന്ത്രണത്തിനുവേണ്ടിയുള്ള ചേരിപ്പോരുകളാണ് 'വേദനിക്കുന്ന കോടീശ്വരന്മാ'ർ തമ്മിലുള്ള പോരാട്ടങ്ങൾക്ക് കാരണം. നോയൽ ടാറ്റ ക്യാമ്പിലുള്ള ടിവിഎസ് ഗ്രൂപ്പിന്റെ ചെയർമാൻ വേണു ശ്രീനിവാസനെ ടാറ്റ ട്രസ്റ്റിന്റെ ആജീവനാന്ത ട്രസ്റ്റിയായി നിയമിച്ച നടപടി മെഹ്‌ളി മിസ്ത്രിയും കൂട്ടരും എതിർത്തതോടെ വിവാദം ആളിപ്പടരുകയായിരുന്നു.

ടാറ്റാ വ്യവസായ ഗ്രൂപ്പിന്റെ സ്ഥാപകരിൽ  മിക്കവർക്കും മക്കളില്ലാതിരുന്നതിനാൽ ബന്ധുക്കളും പുറത്തുള്ളവരും ഓഹരിയുടമകളുമടങ്ങിയ  ട്രസ്റ്റുകൾക്ക് അധികാരം കയ്യാളാൻ കഴിയും വിധത്തിലാണ് കമ്പനികളുടെ ഘടന. രാഷ്ട്രീയപ്പാർട്ടികളിലെ ഗ്രൂപ്പുകൾ പോലെ രണ്ട് വിഭാഗങ്ങളാണ് ടാറ്റാ ഗ്രൂപ്പിൽ നിലവിലുള്ളത്. രത്തൻ ടാറ്റയുടെ അർദ്ധസഹോദരനും ചെയർമാനുമായ നോയൽ ടാറ്റ നേതൃത്വം നൽകുന്ന ഒരു വിഭാഗവും മുൻ ചെയർമാൻ അന്തരിച്ച സൈറസ് മിസ്ത്രിയുടെ ബന്ധുവുമായ മെഹ്‌ളി മിസ്ത്രി നേതൃത്വം നൽകുന്ന വിഭാഗവുമാണ് ടാറ്റാ ഗ്രൂപ്പിലുള്ളത്. മെഹ്‌ളി മിസ്ത്രി അംഗമായ ഷപൂർജി പല്ലോൻജി കുടുംബത്തിന് ടാറ്റാ സൺസിൽ പതിനെട്ട്  ശതമാനം ഓഹരിയുണ്ട്. വിവിധ ടാറ്റാ ട്രസ്റ്റുകളിലെ ട്രസ്റ്റിമാരും കമ്പനികളിലെ ഡയറക്ടർമാരുമൊക്കെ ഏതെങ്കിലും ഒരു ഗ്രൂപ്പിനോട് അനുഭാവം പുലർത്തിയാലെ നിലനിൽപ്പുള്ളു എന്നതാണ് സത്യം. ടാറ്റ ട്രസ്റ്റുകൾക്ക് കീഴിൽ ലിസ്റ്റ് ചെയ്ത സ്ഥാപനങ്ങളുൾപ്പെടെ ഏതാണ്ട് നാനൂറിലേറെ കമ്പനികളാണ് നിലവിലുള്ളത്. 

 ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിന് രൂപീകരിച്ച സ്ഥാപനമാണ് ടാറ്റാ ട്രസ്റ്റ്. കാലാവധി അവസാനിച്ച ടിവിഎസ് ഗ്രൂപ്പ് ചെയർമാനും ശതകോടീശ്വരനുമായ വേണു ശ്രീനിവാസന്റെ ടാറ്റാ ട്രസ്റ്റിലെ പുനർനിയമനവുമായി ബന്ധപ്പെട്ടാണ് ഇത്തവണ തർക്കങ്ങളുണ്ടായത്. നോയൽ ടാറ്റ വിഭാഗം വേണു ശ്രീനിവാസന് ആജീവനാന്ത ട്രസ്റ്റിയായി പുനർനിയമനം നൽകണമെന്ന് വാദിച്ചപ്പോൾ മെഹ്‌ളി മിസ്ത്രി ക്യാമ്പ് എതിർത്ത് ഇടങ്കോലിട്ട് രംഗത്ത് വരികയായിരുന്നു. ചെയർമാൻ നോയൽ ടാറ്റയുടെ അധികാരപരിധി , ഭരണത്തിലെ ട്രസ്റ്റുകളുടെ ഇടപെടൽ , ടാറ്റ സൺസിന്റെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ലിസ്റ്റിംഗ് എന്നവയെച്ചൊല്ലിയാണ് ഇപ്പോൾ അഭിപ്രായഭിന്നതകൾ രൂക്ഷമാകുന്നത്. മുൻകാലങ്ങളിൽ രത്തൻ ടാറ്റയുടെ വ്യക്തിപ്രഭാവത്തിൽ ഗ്രൂപ്പ് കളിക്കാൻ ട്രസ്റ്റ് അംഗങ്ങൾക്ക് ധൈര്യമുണ്ടായിരുന്നില്ല എന്നതാണ് സത്യം. പക്ഷേ പുതിയ ചെയർമാൻ നോയൽ ടാറ്റയ്ക്ക് ഗ്രൂപ്പിൽ നിയന്ത്രണമില്ല എന്ന് തെളിയിക്കുന്നതാണ് സമകാലീന സംഭവങ്ങൾ. 

പതിനഞ്ച് ലക്ഷം കോടി രൂപയുടെ ആസ്തി, പത്ത്  ലക്ഷത്തിലേറെ ജീവനക്കാർ, നൂറിലേറെ രാജ്യങ്ങളിൽ  പ്രവർത്തനം,  ഇങ്ങനെ നീളുന്നു  വ്യാപാരം ചെയ്ത് പണം കുന്നുകൂട്ടിയ ടാറ്റാ സാമ്രാജ്യത്തിന്റെ അമ്പരപ്പിക്കുന്ന കണക്കുകൾ.  ബ്രിട്ടീഷ്  ഇന്ത്യയിൽ വ്യവസായം തുടങ്ങി വിജയം നേടിയ രണ്ട് കുടുംബങ്ങളാണ് ടാറ്റയും പല്ലോൻജിയും. 1865 ൽ സ്ഥാപിതമായ പല്ലോൻജി ഗ്രൂപ്പ് കൺസ്ട്രക്ഷൻ രംഗത്ത്  ശ്രദ്ധപതിപ്പിച്ചപ്പോൾ മൊട്ടുസൂചി മുതൽ വിമാനഭാഗങ്ങൾ വരെ നിർമ്മിച്ച് ടാറ്റ ഇന്ത്യൻ വ്യവസായ മേഖലയിൽ മേധാവിത്വം നേടി.

ബാങ്കിംഗ് മേഖല ശക്തമല്ലാതിരുന്ന കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ ബ്രിട്ടീഷുകാർക്ക് പങ്കാളിത്തമുള്ള 'ഡിൻഷെ' എന്ന ഇൻവെസ്റ്റ്‌മെന്റ് സ്ഥാപനം  വ്യവസായികൾക്ക് വൻതോതിൽ പണം കടംകൊടുത്തിരുന്നു. 1926- ൽ പവ്വർ പ്ലാന്റിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ടാറ്റായ്ക്ക് കടം നൽകിയ ഒരുകോടി രൂപയ്ക്ക് പകരമായി ടാറ്റാ ഗ്രൂപ്പിന്റെ 12.5 ശതമാനം ഓഹരികൾ ഡിൻഷെ സ്വന്തമാക്കി. 1936 -ൽ  ഷപൂർജി പല്ലോൻജി ഡിൻഷേ എന്ന സ്ഥാപനം വിലയ്ക്ക്  വാങ്ങിയതോടെ ടാറ്റയുടെ 12.5 ശതമാനം ഓഹരി പല്ലോൻജി കുടുംബത്തിൽ വന്നുചേർന്നു. അക്കാലത്ത് തമ്മിൽതല്ലിയിരുന്ന ടാറ്റയുടെ സഹോദരങ്ങൾ ഒരു ബിൽഡർക്ക് പണയംവച്ച ആറ് ശതമാനം ഓഹരികൾ  ഉയർന്ന വില നൽകി ഏറ്റെടുത്തതോടെ ടാറ്റ ഗ്രൂപ്പിൽ പല്ലോൻജി കുടുംബത്തിന്റെ ഓഹരി 18.5 ശതമാനമായി ഉയർന്നു. ആ വർഷം തന്നെ ഷപൂർജി പല്ലോൻജി ടാറ്റാ സൺസിന്റെ ഡയറക്ടർ ബോർഡിലെത്തി.  തൊണ്ണൂറ് വർഷം മുമ്പ് ഏകദേശം മൂന്ന്  കോടിരൂപ മുടക്കി പല്ലോൻജി വാങ്ങിയ ഓഹരികൾക്ക് ഇന്ന് രണ്ടര ലക്ഷം കോടി രൂപയുടെ മൂല്യമുണ്ട്.  

ടാറ്റാ വ്യവസായ ഗ്രൂപ്പിന്റെ ചരിത്രം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ചരിത്രം കൂടിയാണ്. ടാറ്റാ സാമ്രാജ്യത്തിന്റെ സ്ഥാപകൻ  ജംഷഡ്ജി ടാറ്റയും ജെ. ആർ. ഡി ടാറ്റയും ഇന്ത്യയെ ആധുനികവത്കരിക്കുന്നതിൽ ഭരണകർത്താക്കളോടൊപ്പം നിർണ്ണായക പങ്കുവഹിച്ചു. ഗുജറാത്തിലെ നവസാരിയിൽ പഴയ കുപ്പികൾ വാങ്ങി മറിച്ചുവിൽക്കുന്ന പാഴ്‌സി കുടുംബത്തിൽ 1839 -ലാണ് ജംഷഡ്ജി  ജനിച്ചത്.  ഇന്ത്യയിൽ നിന്നും കറുപ്പ് ചൈനയിലേക്ക് കയറ്റി അയക്കുകയും ആ പണം കൊണ്ട്  തേയിലയും തുണിത്തരങ്ങളും വാങ്ങി ഇംഗ്ലണ്ടിൽ ഉയർന്ന വിലയ്ക്ക് വിറ്റ് ഈ കുടുംബം വലിയ പണക്കാരായി മാറി. പിതാവിൽ നിന്നും കച്ചവടതന്ത്രങ്ങൾ പഠിച്ച ജംഷഡ്ജി വ്യവസായിയുടെ  സാമർഥ്യവും, മാനേജ്‌മെന്റ് വിദഗ്ധന്റെ ചടുലതയും, പാവങ്ങളോടുള്ള സഹാനുഭൂതിയും ഒരേ സമയം പ്രകടിപ്പിച്ചിരുന്നു.   
      
ഇന്ത്യയിൽ  ഉരുക്കു നിർമ്മാണ ശാല സ്ഥാപിക്കുന്നതിനുള്ള ഒരു പ്രോജക്ടുമായി ജംഷഡ്ജി ബ്രിട്ടീഷുകാരെ സമീപിച്ചു. അവർ സഹകരിക്കാൻ തയ്യാറായില്ലെന്നു മാത്രമല്ല നിരുത്സാഹപ്പെടുത്തുക കൂടി ചെയ്തു . ഇന്ത്യക്കാർ ഇരുമ്പുണ്ടാക്കിയാൽ അത്  തിന്നുതീർക്കാമെന്നായിരുന്നു ഒരു ബ്രിട്ടീഷ് പ്രഭുവിന്റെ പരിഹാസം.  വെല്ലുവിളി ഏറ്റെടുത്ത ജംഷഡ്ജി ഉരുക്കു നിർമ്മാണ ശാലയുടെ നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ നടത്തി. എന്നാൽ പദ്ധതി പൂർത്തീകരിക്കുന്നതിന്  മുമ്പ് 1904 ൽ ജംഷഡ്ജി അന്തരിച്ചു. മൂന്ന് വർഷങ്ങൾക്കു ശേഷം 1907 ൽ ടിസ്‌കോ (ടാറ്റാ അയൺ ആൻഡ് സ്റ്റീൽ) ഇന്ത്യയിൽ മുന്തിയ ഇനം ഇരുമ്പ് ഉൽപ്പാദിപ്പിച്ചുകൊണ്ട് ചരിത്രം സൃഷ്ടിച്ചു. സ്വന്തമായി ആർജിച്ച സ്വത്തിന്റെ മൂന്നിലൊന്ന്  ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ദാനം ചെയ്യുന്നതായി ജംഷഡ്ജി എന്ന മനുഷ്യസ്‌നേഹി വിൽപ്പത്രം എഴുതിയിരുന്നു. പിന്നീട് ആ പണത്തിന്റെ ഒരുഭാഗം ഉപയോഗിച്ചാണ്  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബാംഗ്ലൂരിൽ സ്ഥാപിക്കപ്പെട്ടത്.
 
അൻപതിലേറെ വർഷങ്ങൾ ടാറ്റാ ഗ്രൂപ്പിനെ നയിച്ച്  ഇന്ത്യയുടെ വ്യവസായ ചരിത്രത്തിൽ  ഇടം  നേടിയ മഹാരഥനാണ് ജെ.ആർ.ഡി ടാറ്റാ . ഇന്ത്യയെ വികസനത്തിന്റെ പുത്തൻ പാതകളിലേക്ക് ആനയിച്ചതിന് രാഷ്ട്രം പരമോന്നത ബഹുമതിയായ ഭാരതരത്‌നം നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. റൈറ്റ് സഹോദരന്മാർ വിമാനം നിർമ്മിച്ച്  30 വർഷങ്ങൾ തികയും മുമ്പേ 1932 ൽ ടാറ്റാ ഏവിയേഷൻ സർവ്വീസ് എന്ന വാണിജ്യ വിമാനക്കമ്പനി അദ്ദേഹം ഇന്ത്യയിൽ സ്ഥാപിച്ചു. (ഇന്നത്തെ 'എയർ ഇന്ത്യ') ആ വർഷം  കറാച്ചിയിലെ ദർഗ്‌റോഡ് എയർഫീൽഡിൽ നിന്നും  ജെ.ആർ.ഡി പറത്തിയ വിമാനം മുംബൈയിൽ നിലം തൊട്ടതോടെ ഇന്ത്യയിൽ വാണിജ്യ വ്യോമയാന സർവ്വീസിന്റെ ചരിത്രം തുടങ്ങി.  34 -ാം വയസ്സിൽ ടാറ്റാ സൺസ് ചെയർമാനായി സ്ഥാനമേറ്റ അദ്ദേഹം ക്യാൻസർ രോഗികൾക്ക് ഒരു തരത്തിലുള്ള ചികിത്സയും ലഭ്യമല്ലാതിരുന്ന അക്കാലത്ത് ഏഷ്യയിലെ ആദ്യത്തെ ക്യാൻസർ ആശുപത്രിക്ക് 1941 ൽ മുംബൈയിൽ തുടക്കമിട്ടു. ഇന്ത്യൻ റെയിൽവേയ്ക്ക് വാഗണുകൾ നിർമ്മിക്കാനായി 1945 ൽ ആരംഭിച്ച ടെൽകോ (ടാറ്റാ മോട്ടേഴ്‌സ്) ആഗോളകമ്പനിയായി മാറി. ഇന്ത്യയിൽ ആണവോർജ്ജ പദ്ധതികൾക്ക് തുടക്കം കുറിച്ച് ഹോമി ഭാഭായുടെ സഹായത്തോടെ  ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസേർച്ച് എന്ന സ്ഥാപനത്തിനും അദ്ദേഹം രൂപം നൽകി. 

ഇന്ത്യയിലെ ജനസംഖ്യ 35 കോടി കടന്നപ്പോൾ ജനസംഖ്യാ വിസ്‌ഫോടനത്തിന്റെ അപകടം തിരിച്ചറിഞ്ഞ ജെആർഡി ഫാമിലി പ്ലാനിംഗ് രംഗത്ത് പ്രവർത്തിച്ചിരുന്ന നിരവധി സംഘടനകൾക്ക് ധനസഹായം നൽകി. പ്രോവിഡന്റ് ഫണ്ട്, അപകട നഷ്ടപരിഹാരം തുടങ്ങി ഇന്ന് നിലവിലുള്ള പല തൊഴിലാളി ക്ഷേമച്ചട്ടങ്ങളും ആദ്യം നടപ്പിലാക്കിയത് ജെ.ആർ.ഡി ആയിരുന്നു. ഗാന്ധിജി, നെഹ്രു, ജയപ്രകാശ് നാരായൺ തുടങ്ങി ദേശീയ നേതാക്കന്മാരുമായി അടുത്ത ബന്ധം  സൂക്ഷിച്ച  ജെ.ആർ.ഡി ടാറ്റ 1993 ൽ  അന്തരിച്ചു.  

നോയൽ ടാറ്റയും മെഹ്‌ളി മിസ്ത്രിയും കൊമ്പുകോർക്കുന്നതിനിടെ  ടാറ്റാ ഗ്രൂപ്പിന് മാനുഷികമൂല്യം നഷ്ടപ്പെട്ടു എന്ന ആരോപണം വിവിധ കോണുകളിൽ ഉയരുന്നുണ്ട്.  പക്ഷേ വിവാദം കൊഴുത്താലും പൂർവ്വികർ സ്ഥാപിച്ച  ട്രസ്റ്റുകളിലൂടെ വർഷം തോറും ആയിരക്കണക്കിന് കോടികൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ടാറ്റാ ഗ്രൂപ്പ് നൽകുന്നുണ്ട് എന്നാണ് സത്യം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img