11:38pm 24 June 2026
NEWS
അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർക്കെതിരെ വിമതനേതാവ് യത് നാൽ പ്രക്ഷോഭത്തിന്
22/02/2025  12:00 PM IST
വിഷ്ണുമംഗലം കുമാർ
അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർക്കെതിരെ വിമതനേതാവ് യത് നാൽ പ്രക്ഷോഭത്തിന്

കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിൽ ബിജെപി ദേശീയ നേതൃത്വത്തെ കൊണ്ടുചെന്നെത്തിച്ച കർണാടകത്തിൽ നിന്നുള്ള മുതിർന്ന നേതാവാണ് ബസനഗൗഡ പാട്ടീൽ യത് നാൽ. വാജ്പേയ് മന്ത്രിസഭയിൽ അംഗമായിരുന്ന യത് നാൽ നിലവിൽ ബിജാപ്പൂർ സിറ്റി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം എൽഎയാണ്. കർണാടകത്തിൽ ബിജെപിയെ വളർത്തിയെടുത്തതും അധികാരത്തിലെത്തിച്ചതും യഡിയൂരപ്പയാണ്. ഇപ്പോൾ അദ്ദേഹം ബിജെപി പാർലമെന്ററി ബോർഡ് അംഗമാണ്. യഡിയൂരപ്പ വളർത്തിക്കൊണ്ടുവന്ന നൂറുകണക്കിന് നേതാക്കളിൽ ഒരാൾ മാത്രമാണ് യത് നാൽ. കടുത്ത ഹിന്ദുത്വവാദിയായ അദ്ദേഹത്തിന് സംസ്ഥാനതലത്തിൽ കാര്യമായ സ്വാധീനമൊന്നുമില്ല. യത് നാളിന്റെ സ്വാധീനം വടക്കൻ കർണാടകത്തിലെ ചില ജില്ലകളിലെ പഞ്ചമശാലി(ലിങ്കായത്തിലെ ഒരു ഉപവിഭാഗം) കളിൽ ഒതുങ്ങുന്നു. ആലോചന കൂടാതെ അഭിപ്രായപ്രകടനം നടത്തുന്നതും വിവാദങ്ങളിൽ ചെന്നുചാടുന്നതും ഈ നേതാവിന്റെ പതിവാണ്. യഡിയൂരപ്പയെയും മക്കളെയും കണ്ടുകൂടാ എന്നതാണ് യത് നാളിന്റെ പ്രധാന പ്രശ്നം. യഡിയൂരപ്പ അഴിമതിക്കാരനും സ്വജനപക്ഷവാദിയുമാണെന്ന് യത് നാൽ ആരോപിക്കുന്നു. തന്റെ അഭിപ്രായം പരിഗണിക്കാതെ ദേശീയ നേതൃത്വം കഴിഞ്ഞവർഷം യഡിയൂരപ്പയുടെ മകൻ വിജയേന്ദ്രയെ സംസ്ഥാന അധ്യക്ഷനാക്കിയത് യത് നാളിനെ ഒട്ടൊന്നുമല്ല പ്രകോപിപ്പിച്ചത്. അന്നുമുതൽ സംസ്ഥാന അധ്യക്ഷനെതിരെ യത് നാൽ പരസ്യവിമർശനം തുടർന്നുപോരുന്നു. രമേഷ് ജാർക്കിഹോളി, കുമാർ ബംഗാരപ്പ, പ്രതാപ് സിംഹ തുടങ്ങിയ നേതാക്കളും ഈയിടെയായി യത് നാളിന്റെ കൂടെയുണ്ട്. ഔദ്യോഗിക സംവിധാനത്തോട് ചേരാതെ വഖഫിനെതിരെ യത് നാൽ നടത്തിയ സമരങ്ങളിൽ ഈ നേതാക്കളും ഒപ്പമുണ്ടായിയുന്നു. ഈ മാസം പത്തിനാണ് ബിജെപി ദേശീയ അച്ചടക്കസമിതി യത് നാളിന് മൂന്നാമത്തെ ഷോക്കോസ് നോട്ടിസ് നൽകിയത്. മൂന്നുദിവസത്തിനകം കൃത്യമായ മറുപടി ലഭിച്ചില്ലെങ്കിൽ ശക്തമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് നോട്ടീസിലുണ്ടായിരുന്നു. മറുപടി നൽകില്ല എന്തുനടപടി വേണമെങ്കിലും എടുത്തുകൊള്ളൂ എന്ന ധിക്കാരപരമായ നിലപാടാണ് യത് നാൽ സ്വീകരിച്ചത്. എന്നാൽ ആർ എസ് എസ്സ് ഇടപെട്ടതിനെ തുടർന്ന് എട്ടാം ദിവസം അദ്ദേഹം മറുപടി നൽകി. ആരോപണങ്ങളെല്ലാം നിഷേധിച്ച യത് നാൽ പാർട്ടിയിലെ എല്ലാവിഭാഗത്തിൽ പെട്ടവർക്കും സ്വീകാര്യനായ ഒരാളെ സംസ്ഥാന പ്രസിഡന്റ് ആക്കണമെന്ന ആവശ്യം ആവർത്തിക്കുകയും ചെയ്തു. ബംഗ്ലാദേശുകാരായ അനധികൃത കുടിയേറ്റക്കാർക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ഈ തീപ്പൊരി നേതാവ്. ബംഗ്ലാദേശുകാരായ നിരവധി അനധികൃത കുടിയേറ്റക്കാർ കർണാടകത്തിലുണ്ട്. അവരെയൊക്കെ തുരത്തണമെന്ന് യത് നാൽ ആഹ്വാനം ചെയ്യുന്നു. ഇതര വിമതനേതാക്കളും ഒപ്പമുണ്ട്. ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയും അംഗീകാരവും പിടിച്ചുപറ്റുകയാണ് യത് നാളിന്റെ ഉദ്ദേശ്യം. ഇദ്ദേഹത്തെ കേന്ദ്രനേതൃത്വത്തിലേക്ക് മാറ്റി കർണാടക ബിജെപിയിലെ ആന്തരിക സംഘർഷങ്ങൾക്ക് പരിഹാരം കാണണമെന്ന നിർദ്ദേശം ആർ എസ് എസ് മുന്നോട്ടുവെച്ചതായറിയുന്നു. എന്നാൽ സംസ്ഥാന അധ്യക്ഷ സ്ഥാനമോ അതുപോലുള്ള ഉയർന്ന പദവികളോ ആഗ്രഹിക്കുന്ന യത് നാൽ അതിന് വഴങ്ങുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img