റിയാലിറ്റി ഷോയിൽ ‘സെക്സ് പൊസിഷനെ’കുറിച്ച് ചർച്ച നടന്ന സംഭവം വിവാദമാകുന്നു

നടൻ അജാസ് ഖാൻ അവതാരകനായ റിയാലിറ്റി ഷോയിൽ ‘സെക്സ് പൊസിഷനെ’കുറിച്ച് ചർച്ച നടന്ന സംഭവം വിവാദമാകുന്നു. ‘ഉല്ലു’ ആപ് എന്ന ഒടിടി പ്ലാറ്റ്ഫോമിൽ, നടൻ അജാസ് ഖാൻ അവതരിപ്പിച്ച ‘ഹൗസ് അറസ്റ്റ്’ എന്ന റിയാലിറ്റി ഷോയിലെ ഉള്ളടക്കമാണ് വിവാദമാകുന്നത്. പ്രോഗ്രാമിനിടെ നടൻ കാമസൂത്രയെ കുറിച്ചും സെക്സ് പൊസിഷനുകളെ കുറിച്ചും മത്സരാർത്ഥികളുമായി സംസാരിക്കുകയായിരുന്നു.
റിയാലിറ്റി ഷോയിൽ കാമസൂത്രയിലെ വിവിധ സെക്സ് പൊസിഷനെ കുറിച്ചാണ് ഒരു മത്സരാർത്ഥിയോട് അജാസ് ഖാൻ ചോദിക്കുന്നത്. തുടർന്ന് മറ്റു മത്സരാർഥികളോട് ഈ പൊസിഷൻ കാണിക്കാൻ ആവശ്യപ്പെടുന്നുമുണ്ട്. ഇതിനെതിരെയാണ് വ്യാപക വിമർശനമുയരുന്നത്. ഇത്തരത്തിലുള്ള പരിപാടിയിൽ പങ്കെടുക്കുത്തതിന് നടൻ അജാസ് ഖാനെതിരെയും വിമർശനമുണ്ട്.
അശ്ലീല ഉള്ളടക്കം സ്ട്രീം ചെയ്ത ഒടിടി ആപ് നിരോധിക്കാത്തതിനെതിരെ ശിവസേന (ഉദ്ധവ്) എംപി പ്രിയങ്ക ചതുർവേദി ഉൾപ്പെടെയുള്ളവർ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. പിന്നാലെ സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ പറഞ്ഞു.











