
തൃശൂർ: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റേതെന്ന പേരിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ പുറത്തുവിട്ട ചിത്രം തെറ്റാണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. ചിത്രത്തിലുള്ളത് തൃശൂർ കരുമാത്ര സ്വദേശിയായ ദാമോദര മേനോനാണെന്ന് സഹോദരൻ സുരേന്ദ്ര മേനോൻ വ്യക്തമാക്കി. ദാമോദര മേനോനാണ് ചിത്രത്തിലുള്ളതെന്ന് നാട്ടുകാരും സ്ഥിരീകരിച്ചതായി ബന്ധുക്കൾ പറഞ്ഞു.
ചിത്രം എങ്ങനെ സുകുമാരക്കുറുപ്പിന്റേതെന്ന പേരിൽ പ്രചരിച്ചുവെന്ന് അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. സംഭവത്തിൽ നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും ബന്ധുക്കൾ അറിയിച്ചു. സുകുമാരക്കുറുപ്പിന്റെ ചിത്രമെന്ന പേരിൽ നേരത്തെയും പല ചിത്രങ്ങൾ പ്രചരിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ദാമോദര മേനോൻ ഏറെക്കാലം മുൻപാണ് മലേഷ്യയിലേക്ക് പോയത്. പുണെയിലായിരുന്നു വിദ്യാഭ്യാസം. എൻജിനീയറിങ് പഠനം പൂർത്തിയാക്കിയ ശേഷം ലണ്ടനിലേക്ക് പോയി. പിന്നീട് നാട്ടിൽ തിരിച്ചെത്തിയതിനു പിന്നാലെയാണ് മലേഷ്യയിലേക്ക് പോയത്. വിദേശത്തേക്ക് പോകുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ ശരിയാക്കിയത് താനാണെന്ന് സഹോദരൻ സുരേന്ദ്ര മേനോൻ പറഞ്ഞു.
പാലക്കാട് സ്വദേശിനിയെയാണ് ദാമോദര മേനോൻ വിവാഹം കഴിച്ചത്. രണ്ട് മക്കളുണ്ട്. ഏറെക്കാലമായി അദ്ദേഹം നാട്ടിലെത്തിയിട്ടില്ലെന്നും ബന്ധുക്കൾ പറഞ്ഞു. ഇതിനിടെ വീണ് പരുക്കേറ്റ് ഏറെനാൾ കിടപ്പിലായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി.
സുകുമാരക്കുറുപ്പ് വീണ്ടും വാർത്തകളിൽ
ഒളിവുജീവിതത്തിനിടെ സുകുമാരക്കുറുപ്പ് മരിച്ചെന്ന കേരള പൊലീസിന്റെ നിഗമനവും അദ്ദേഹം വിദേശത്ത് ജീവനോടെയുണ്ടെന്ന മുൻ അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലുമാണ് വർഷങ്ങൾക്കുശേഷം കേസ് വീണ്ടും ചർച്ചയാകാൻ കാരണം.
കടുത്ത ഹൃദ്രോഗബാധിതനായിരുന്ന സുകുമാരക്കുറുപ്പ് ഇത്രയും വർഷം ജീവിച്ചിരിക്കാൻ സാധ്യത കുറവാണെന്നാണ് നിലവിൽ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ വിലയിരുത്തൽ. 42 വർഷമായി തുടരുന്ന കേസിൽ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം അന്വേഷണം അവസാനിപ്പിക്കുന്നതിനുള്ള നീക്കങ്ങൾ പൊലീസ് നടത്തുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ ഉണ്ടായത്.
കേസിന്റെ അന്വേഷണസംഘത്തിൽ നേരത്തെ അംഗമായിരുന്ന റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ അലി അക്ബറാണ് സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവനോടെയുണ്ടെന്ന അവകാശവാദവുമായി രംഗത്തെത്തിയത്. നിർമാണമേഖലയിൽ ജോലി ചെയ്താണ് കുറുപ്പ് കഴിയുന്നതെന്നും വിദേശത്തുള്ള ഭാര്യയുമായും മറ്റ് ബന്ധുക്കളുമായും ബന്ധപ്പെടാറുണ്ടെന്നും അലി അക്ബർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
എന്നാൽ, ഇപ്പോൾ പ്രചരിച്ച ചിത്രം സുകുമാരക്കുറുപ്പിന്റേതല്ലെന്ന ബന്ധുക്കളുടെ വെളിപ്പെടുത്തൽ കേസിനെ വീണ്ടും പുതിയ ചർച്ചയിലേക്ക് നയിച്ചിരിക്കുകയാണ്.










