05:47am 07 September 2026
NEWS
ബിന്ദു പത്മനാഭനെ താനാണ് കൊലപ്പെടുത്തിയതെന്ന് സി എം സെബാസ്റ്റ്യൻ
25/09/2025  08:56 AM IST
nila
ബിന്ദു പത്മനാഭനെ താനാണ് കൊലപ്പെടുത്തിയതെന്ന് സി എം സെബാസ്റ്റ്യൻ

ചേർത്തല ബിന്ദു പത്മനാഭൻ കൊലക്കേസിൽ  സി എം സെബാസ്റ്റ്യൻ കുറ്റം സമ്മതം നടത്തി. ബിന്ദുവിനെ താനാണ് കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായ സെബാസ്റ്റ്യൻ മൊഴി നൽകിയതായി ക്രൈം ബ്രാഞ്ച് കോടതിയിൽ വ്യക്തമാക്കി. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് ബിന്ദു പത്മനാഭൻ കൊലക്കേസിൽ സെബാസ്റ്റ്യനെ പ്രതി ചേർത്തതെന്നും കസ്റ്റഡി അപേക്ഷയിൽ ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നു. 

നിലവിൽ ജൈനമ്മ കൊലപാതകക്കേസിൽ റിമാൻഡിലാണ് സെബാസ്റ്റ്യൻ. ജയിലിൽ കഴിയുന്ന സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ജയിലിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ബിന്ദുവിന്റെ തിരോധാന കേസിൽ സെബാസ്റ്റ്യൻ സംശയമുനയിൽ ആയിരുന്നു. എന്നാൽ, ഇയാൾക്കെതിരെ വ്യക്തമായ തെളിവുകൾ കണ്ടെത്താനായില്ല.

അതേസമയം, ബിന്ദു കൊലക്കേസിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. കോയമ്പത്തൂർ, കുടക്, ബാംഗ്ലൂർ എന്നിവിടങ്ങളിലും സെബാസ്റ്റ്യനുമായി തെളിവെടുപ്പ് നടത്തും. ഇവിടങ്ങളിൽ ബിന്ദുവുമായി സെബാസ്റ്റ്യൻ യാത്ര ചെയ്തിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിന് പുറത്തു വച്ചാണോ ബിന്ദു കൊല്ലപ്പെട്ടത് എന്നും സംശയമുണ്ടെന്ന് പൊലീസ് അറിയിച്ചു. ബിന്ദു പത്മനാഭനെ സെബാസ്റ്റ്യനും ഒരു സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയെന്ന് ശബ്ദരേഖ അടുത്തിടെ പുറത്തുവന്നിരുന്നു. ദല്ലാളായ സോഡാ പൊന്നപ്പൻ എന്നയാൾ അയൽവാസിയായ കടക്കരപ്പള്ളി സ്വദേശിനി ശശികലയോടാണ് കൊലപാതകവിവരം വെളിപ്പെടുത്തിയത്. നാല് വർഷം മുമ്പാണ് ശശികലയോട് സോഡ പൊന്നപ്പൻ സംസാരിച്ചത്.

2006 മുതലാണ് ബിന്ദുവിനെ കാണാതായത്. 2017 സെപ്തംബർ 17നാണ് ബിന്ദു പത്മനാഭന്റെ സഹോദരൻ പ്രവീൺകുമാർ ആഭ്യന്തര വകുപ്പിന് പരാതി നൽകിയത്. തിനിടെ ബിന്ദുവിൻറെ സ്ഥലം വ്യാജരേഖ ചമച്ച് വിൽപ്പന നടത്തിയതിന് സെബാസ്റ്റ്യൻ അറസ്റ്റിലായിരുന്നു. ഇയാളുമായി ബിന്ദുവിന് അടുത്ത ബന്ധം ഉണ്ടായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.