11:51am 02 May 2026
NEWS
കനത്തമഴയിൽ തകർന്ന പുസ്തകശാലയ്ക്ക് സഹായഹസ്തവുമായി വായനക്കാർ.
02/05/2026  10:51 AM IST
വിഷ്ണുമംഗലം കുമാർ
കനത്തമഴയിൽ തകർന്ന പുസ്തകശാലയ്ക്ക് സഹായഹസ്തവുമായി വായനക്കാർ

 ബംഗളുരുവിലെ പ്രസിദ്ധമായ എം ജി റോഡിന് സമാന്തരമായി കിടക്കുന്ന ചർച്ച് സ്ട്രീറ്റ് ചരിത്രസ്മരണകൾ ഉറങ്ങുന്ന ഒരു നഗരത്തെരുവാണ്. ന്യൂ ജെൻ ബിയർ പബ്ബുകളും എന്റർടൈൻമെന്റ് സങ്കേതങ്ങളും ധാരാളമുള്ള ചർച്ച് സ്ട്രീറ്റ് ഗൗരവമായ വായനയെ സ്നേഹിക്കുന്ന പഴയ തലമുറയെയും പുതിയ തലമുറയെയും ഒരുപോലെ ആകർഷിക്കുന്ന പ്രിയസങ്കേതം കൂടിയാണ്. അപൂർവ്വ ജനുസ്സിൽ പെട്ട പുസ്തകങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന പേരെടുത്ത സ്ഥാപനങ്ങൾ ചർച്ച് സ്ട്രീറ്റിലുണ്ട്. ദശകങ്ങളായി തുടരുന്ന സവിശേഷതയാണിത്. ചർച്ച് സ്ട്രീറ്റിലെ പുസ്തകശാലകളായ ബ്ലോസമും ബുക്ക്‌ വേമും വായനപ്രിയർക്ക് ഏറെ ഇഷ്ടപ്പെട്ട താവളങ്ങളാണ്. പുസ്തകവായനയെ പുറംതള്ളുന്ന പുത്തൻ സംസ്കാരം നഗരത്തെ വിഴുങ്ങുമ്പോഴും സാഹിത്യത്തെ, എഴുത്തിനെ, അക്ഷരങ്ങളെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്ക് ആശ്വാസമായാണ് ബ്ലോസമും ബുക്ക്‌ വേമും തലയുയർത്തിനിൽക്കുന്നത്. നൂറുകണക്കിന് പുസ്തകപ്രേമികളെ ദിവസവും ഇവിടെ കാണാം. നഗരകേന്ദ്രങ്ങളിൽ നിന്ന് പുസ്തകശാലകളും ബുക്ക്‌ ഷോപ്പുകളും ഓരോന്നായി അപ്രത്യക്ഷമായിക്കൊണ്ടിരിക്കെയാണ് ബ്ലോസമും ബുക്ക്‌ വേമുമൊക്കെ മഴയെയും വെയിലിനെയും സാമ്പത്തിക അധീശത്വത്തെയും അതിജീവിച്ചുകൊണ്ട് നിലകൊണ്ടത്. എന്നാൽ അകാലത്തിൽ അപ്രതീക്ഷിതമായി കോരിച്ചൊരിഞ്ഞ കനത്ത മഴ ശിവാജിനഗറിലെ പ്രശസ്തമായ ബൗറിങ് ഹോസ്പിറ്റലിന്റെ ചുറ്റുമതിൽ തകർത്ത് കേരളത്തിൽ നിന്ന് നഗര സന്ദർശനത്തിനെത്തിയ രണ്ട് കുടുംബശ്രീ അംഗങ്ങളുൾപ്പെടെ ഏഴുപേരുടെ വിലപ്പെട്ട ജീവനുകളാണ് കവർന്നെടുത്തത്. അതേ സമയത്ത് മറ്റൊരു സംഭവം കൂടി നടന്നു. ശിവാജിനഗറിൽ നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റർ അകലെ ചർച്ച് സ്ട്രീറ്റിലെ ബുക്ക്‌ വേമിൽ കനത്ത മഴയിൽ വെള്ളം ഇടിച്ചുകയറി നൂറുകണക്കിന് പുസ്തകങ്ങൾ നനഞ്ഞുകുതിർന്നു. പുസ്തകശാലയിൽ ഒരടിയോളം ഉയരത്തിൽ കെട്ടിക്കിടന്ന മഴവെള്ളത്തിൽ കുതിർന്ന് ആയിരക്കണക്കിന് പുസ്തകങ്ങളാണ് നശിച്ചത്. ആദ്യമായാണ് ഇത്തരം ഒരു അനിഷ്ടസംഭവമുണ്ടാകുന്നത്. പ്രളയസമാനമായി നഗരം വെള്ളത്തിൽ മുങ്ങിപ്പോയ നാളുകളിൽ പോലും ചർച്ച് സ്ട്രീറ്റിലെ പുസ്തകശാലകൾ സുരക്ഷിതമായിരുന്നു. സകലതും തകർത്തെറിഞ്ഞ പേമാരിയിൽ പതിനാല് ലക്ഷത്തോളം രൂപ വിലവരുന്ന പുസ്തകങ്ങൾ നശിച്ചതായി ബുക്ക്‌ വേം ഉടമ കൃഷ്ണഗൗഡ പറഞ്ഞു. അത്യപൂർവ്വമായ പല പുസ്തകങ്ങളും നശിച്ചിട്ടുണ്ട്. ബുക്ക്‌ വേമിന് സംഭവിച്ച ദുരന്തം വായനക്കാരെയും വേദനിപ്പിച്ചു. പുസ്തകശാല വീണ്ടും കെട്ടിപ്പടുക്കുന്നതിനായി സഹായഹസ്തവുമായി നൂറുകണക്കിന് വായനക്കാർ മുന്നോട്ടുവന്നു. സോഷ്യൽ മീഡിയയിലൂടെ വലിയ ക്യാമ്പയിനാണ് ബുക്ക്‌ വേമിന് വേണ്ടി നടക്കുന്നത്. വായനക്കാരിൽ നിന്നുണ്ടായ പ്രതികരണം അമ്പരപ്പിക്കുന്നതാണെന്ന് കൃഷ്ണഗൗഡ പറഞ്ഞു. ജനപ്രിയ പുസ്തകശാല ചർച്ച് സ്ട്രീറ്റിൽ വീണ്ടും പുനർജനിക്കുന്ന കാഴ്ച കൗതുകകരമാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img