11:31pm 04 September 2026
NEWS
നോവൽ വായിച്ച് ദിവസവും 725 രൂപ സമ്പാദിക്കാമെന്ന് വാ​ഗ്ദാനം; തട്ടിയെടുത്തത് 1.25 കോടി രൂപ
04/09/2026  08:28 PM IST
nila
നോവൽ വായിച്ച് ദിവസവും 725 രൂപ സമ്പാദിക്കാമെന്ന് വാ​ഗ്ദാനം; തട്ടിയെടുത്തത് 1.25 കോടി രൂപ

തിരുവനന്തപുരം ∙ ഇംഗ്ലിഷ് നോവലുകൾ വായിച്ച് ദിവസവും പണം നേടാമെന്ന് വാഗ്ദാനം ചെയ്ത് മൊബൈൽ ആപ്പ് വഴി നടത്തിയ മണി ചെയിൻ മാതൃകയിലുള്ള തട്ടിപ്പിൽ 106 പേർക്ക് 1.25 കോടി രൂപ നഷ്ടമായതായി പരാതി. സംഭവത്തിൽ വിതുര പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുന്നു. 106 പേരിൽ നിന്ന് ആകെ 1,25,73,402 രൂപ തട്ടിയെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.

കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. ജില്ലാ ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി മുകേഷിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിക്കും. സൈബർ സ്റ്റേഷൻ എസ്എച്ച്ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും. തട്ടിപ്പിന്റെ സ്വഭാവം കണക്കിലെടുത്ത് സൈബർ പൊലീസിന്റെ സഹായവും അന്വേഷണത്തിനുണ്ടാകും.

തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചവർ ഇന്ത്യയിൽനിന്നുള്ളവരാണോ വിദേശരാജ്യങ്ങൾ കേന്ദ്രീകരിച്ചാണോ ആപ്പ് പ്രവർത്തിപ്പിച്ചതെന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്. പരാതിക്കാരുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച് പണമിടപാടുകളുടെ വ്യാപ്തിയും പൊലീസ് സ്ഥിരീകരിക്കും. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ആദ്യം പണം നൽകി, പിന്നാലെ ടാസ്‌കുകൾ

എൻടിഎൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതായി പറയുന്ന എൻടിഎൽ ആപ്പിലൂടെയായിരുന്നു തട്ടിപ്പ്. വിതുര, നെടുമങ്ങാട്, വലിയമല, ആര്യനാട്, പാലോട് പൊലീസ് സ്റ്റേഷൻ പരിധികളിലുള്ള സാധാരണക്കാരാണ് പ്രധാനമായും തട്ടിപ്പിനിരയായത്. ആദ്യം 1,800 രൂപ അടച്ച് ആപ്പിൽ അംഗമാകണം. തുടർന്ന് ആപ്പിൽ പുസ്തകങ്ങൾ ലഭ്യമാക്കുകയും ഓരോ പുസ്തകവും വായിക്കുന്നതിന് 25 രൂപ വീതം പ്രതിഫലം നൽകുകയും ചെയ്തു. ആദ്യഘട്ടത്തിൽ നിക്ഷേപിച്ച തുകയേക്കാൾ കൂടുതൽ പണം പലർക്കും തിരികെ ലഭിച്ചു. ഇതോടെ ആപ്പിനെക്കുറിച്ചുള്ള വിശ്വാസം വർധിക്കുകയും കൂടുതൽ ആളുകളെ പദ്ധതിയിലേക്ക് എത്തിക്കുകയും ചെയ്തു.

പിന്നീട് കൂടുതൽ തുക നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. വിവിധ ഘട്ടങ്ങളിൽ നിക്ഷേപിച്ച പണം ലാഭത്തോടൊപ്പം തിരികെ ലഭിച്ചതോടെ പലരും കൂടുതൽ തുക നിക്ഷേപിച്ചു. എന്നാൽ ആറാം ഘട്ടം കഴിഞ്ഞതോടെ സ്ഥിതി മാറി. ഏഴാം ഘട്ടത്തിലെത്തിയതോടെ നിക്ഷേപിച്ച പണം തിരികെ ലഭിക്കാതാവുകയായിരുന്നു.

ദിവസവും 725 രൂപ ലഭിക്കുമെന്ന് വാഗ്ദാനം

21,025 രൂപ നിക്ഷേപിച്ചാൽ 25 ടാസ്‌കുകൾ ലഭിക്കുമെന്നും ഓരോ ദിവസവും 725 രൂപ വരെ നേടാമെന്നുമായിരുന്നു വാഗ്ദാനം. ഇന്ത്യയുൾപ്പെടെ 21 രാജ്യങ്ങളിലായി 1,500 കമ്പനികളുമായി പങ്കാളിത്തമുണ്ടെന്നും തട്ടിപ്പുകാർ അവകാശപ്പെട്ടിരുന്നു.

പദ്ധതിയിൽ ചേർന്നവരിൽ പലർക്കും തുടക്കത്തിൽ പണം ലഭിച്ചതോടെ ഇവർ പരിചയക്കാരെയും ബന്ധുക്കളെയും പദ്ധതിയിലേക്ക് കൊണ്ടുവന്നു. പുതിയ ആളുകളെ ചേർത്തതിന് കമ്മിഷനും ലഭിച്ചിരുന്നു. ഇതോടെയാണ് പദ്ധതി മണി ചെയിൻ മാതൃകയിലേക്ക് മാറിയത്.

കൂടുതൽ ആളുകൾ ചേർന്നതോടെ നോവലുകളും ടാസ്‌കുകളും അപ്രത്യക്ഷമായി. പിന്നാലെ ആപ്പിൽ പ്രവേശിക്കാനും സാധിക്കാതായി. ഇതോടെയാണ് നിക്ഷേപകർ തട്ടിപ്പിനിരയായതായി തിരിച്ചറിഞ്ഞത്.

12 ലക്ഷം രൂപ വരെ നഷ്ടം

തട്ടിപ്പിൽ ചിലർക്ക് 12 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടതായാണ് വിവരം. പരാതി നൽകിയ തൊളിക്കോട് സ്വദേശിക്ക് 21,025 രൂപ നഷ്ടമായി. 69,000 രൂപ വരെ നഷ്ടമായവരും പരാതിക്കാരിലുണ്ട്. ശസ്ത്രക്രിയയ്ക്കായി മാറ്റിവച്ച പണവും മക്കളുടെ ആഭരണങ്ങൾ പണയംവച്ച് ലഭിച്ച തുകയും ഉൾപ്പെടെ പദ്ധതിയിൽ നിക്ഷേപിച്ചവരുണ്ട്. കുടുംബാംഗങ്ങൾ അറിയാതെയാണ് പലരും അമിതലാഭം പ്രതീക്ഷിച്ച് പണം നിക്ഷേപിച്ചതെന്നും പൊലീസ് പറയുന്നു.

ഏഴാം ഘട്ടത്തിൽ കൂട്ടത്തട്ടിപ്പ്

106 പേരെയും ഏതാണ്ട് ഒരേ സമയത്ത് ഏഴാം ഘട്ട ടാസ്‌കിന്റെ ഭാഗമായി പണം നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലാണ് ആപ്പ് സംവിധാനം ചെയ്തിരുന്നതെന്നാണ് പൊലീസിന്റെ സംശയം. തുക നിക്ഷേപിച്ചതിന് പിന്നാലെ ആപ്പിൽ പ്രവേശിക്കാൻ കഴിയാതായി. തുടർന്ന് തട്ടിപ്പിനിരയായവരിൽ ചിലർ ചേർന്ന് വാട്‌സാപ് ഗ്രൂപ്പ് രൂപീകരിക്കുകയും സംഭവത്തെക്കുറിച്ച് പരസ്പരം വിവരങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. ഈ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് തൊളിക്കോട് സ്വദേശി വിതുര പൊലീസിൽ പരാതി നൽകിയത്.

സംഭവത്തിൽ ആപ്പിനെ പരിചയപ്പെടുത്തുകയും ഇടനിലക്കാരായി പ്രവർത്തിക്കുകയും ചെയ്ത ആറുപേർക്കെതിരെയാണ് നിലവിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. തൊളിക്കോട് സ്വദേശി സനോഫറിന്റെ നിർദേശപ്രകാരമാണ് ആപ്പിൽ ചേർന്നതെന്ന് വിതുര മേഖലയിലുള്ള ചിലർ മൊഴി നൽകിയിട്ടുണ്ട്. അതേസമയം, ആപ്പുമായി ബന്ധപ്പെട്ടവർ തെറ്റിദ്ധരിപ്പിച്ചാണ് തന്നെ പദ്ധതിയുടെ ഭാഗമാക്കിയതെന്ന് ചൂണ്ടിക്കാട്ടി സനോഫറും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

നെടുമങ്ങാട് ഡിവൈഎസ്പി സമർപ്പിച്ച റിപ്പോർട്ടിൽ തട്ടിപ്പിന് വിദേശ-ഉത്തരേന്ത്യൻ ബന്ധമുണ്ടാകാമെന്ന നിഗമനവും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബാങ്ക് ഇടപാടുകളും ആപ്പിന്റെ സാങ്കേതിക വിവരങ്ങളും പരിശോധിക്കുന്നതോടെ തട്ടിപ്പിന്റെ യഥാർഥ ഉറവിടവും പണമൊഴുക്കും വ്യക്തമാകുമെന്നാണ് പൊലീസ് വിലയിരുത്തൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img