
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതോടെ കോൺഗ്രസിന് വലിയ വെല്ലുവിളി ഉയർത്തി മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കോൺഗ്രസ് പ്രവർത്തക സമിതിയിൽ നിന്നും രാജിവെച്ച ശേഷം കണ്ണൂരിൽ സ്വതന്ത്രനായി മത്സരിക്കുന്നത് സംബന്ധിച്ച് സുധാകരൻ ആലോചിക്കുന്നു എന്നാണ് റിപ്പോർട്ട്. തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാൻ ഇന്ന് ഉച്ചക്ക് 12 മണിക്ക് സുധാകരൻ വാർത്താസമ്മേളനം നടത്തുമെന്നും സൂചനയുണ്ട്. പ്രകോപിതരാകരുതെന്നും കുറച്ചുസമയം കൂടി കാത്തിരിക്കണം എന്നുമാണ് സുധാകരൻ തന്റെ അടുത്ത അനുയായികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
എഐസിസിയുടെ തീരുമാനം കടുത്ത വഞ്ചനയും അപമാനിക്കലുമാണെന്ന് സുധാകരൻ പറഞ്ഞുവെന്നും റിപ്പോർട്ടുണ്ട്. അതേസമയം, ബിജെപി കേന്ദ്ര നേതൃത്വം സുധാകരന്റെ അടുത്ത ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചെന്നാണ് വിവരം. കെ സുധാകരൻ ബിജെപിയുടെ ഭാഗമാകുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.
എംപിമാർ മത്സരിക്കേണ്ടെന്ന് ഹൈക്കമാൻഡ് നിലപാട് കടുപ്പിച്ചതോടെയാണ് സുധാകരന് സീറ്റ് ലഭിക്കാതിരുന്നത്. ലോക്സഭയിൽ കോൺഗ്രസ് എംപിമാരുടെ എണ്ണം കുറയുന്നതിൽ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. സമ്മർദം ശക്തമാക്കിയതിന് പിന്നാലെ സുധാകരൻ തന്നെ കണ്ണൂരിൽ സ്ഥാനാർഥിയായേക്കുമെന്ന തരത്തിൽ വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇന്നലെ പുലർച്ചെ വരെ നീണ്ട ചർച്ചകൾക്കൊടുവിൽ എംപിമാർ മത്സരിക്കേണ്ട എന്ന നിലപാടിൽ നേതൃത്വം ഉറച്ചു നിന്നതാണ് സുധാകരന് വിനയായത്. കണ്ണൂരിൽ മുൻ മേയർ ടി.ഒ.മോഹനൻ സ്ഥാനാർഥിയായേക്കും. കോന്നി സീറ്റ് ആവശ്യപ്പെട്ട അടൂർപ്രകാശിനും നേതൃത്വം സീറ്റ് നിഷേധിച്ചു. കോന്നിയിൽ സതീഷ് കൊച്ചുപറമ്പിൽ സ്ഥാനാർഥിയായേക്കും.











