09:27am 23 October 2025
NEWS
​ആർ.സി.സിയിൽ മരുന്ന് മാറിനൽകി: ഗുജറാത്ത് കമ്പനിക്കെതിരെ കേസ്; നൂറുകണക്കിന് രോഗികൾ ആശങ്കയിൽ
10/10/2025  07:09 AM IST
സുരേഷ് വണ്ടന്നൂർ
​ആർ.സി.സിയിൽ മരുന്ന് മാറിനൽകി: ഗുജറാത്ത് കമ്പനിക്കെതിരെ കേസ്; നൂറുകണക്കിന് രോഗികൾ ആശങ്കയിൽ

​തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ (ആർ.സി.സി.) കാൻസർ മരുന്നുകൾ മാറി നൽകിയത് വലിയ ആശങ്കയ്ക്കിടയാക്കി. തലച്ചോറിലെ കാൻസറിനുള്ള ടെമോസോളോമൈഡ് എന്ന മരുന്നിന്റെ ബോക്സിനുള്ളിൽ ശ്വാസകോശ കാൻസറിനുള്ള എറ്റോപോസൈഡ് എത്തിയതാണ് പ്രശ്നമായത്. ഗുജറാത്തിലെ ഒരു കമ്പനിയിൽ നിന്ന് പാക്ക് ചെയ്ത് അയച്ചപ്പോഴുള്ള പിഴവാണ് ഇതിന് കാരണമെന്ന് അധികൃതർ അറിയിച്ചു.

​മരുന്നുകൾ മാറിയതായി കണ്ടെത്തിയതോടെ ആർ.സി.സി അധികൃതർ സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്ക് പരാതി നൽകി. തുടർന്ന് കേസെടുത്ത ഡ്രഗ്സ് കൺട്രോൾ വിഭാഗം ഉദ്യോഗസ്ഥർ ആർ.സി.സിയിലെത്തി പരിശോധന നടത്തി മരുന്ന് മാറിയതായി സ്ഥിരീകരിച്ചു. ടെമോസോളോമൈഡ് എന്ന പേരുണ്ടായിരുന്ന നാല് ബോക്സുകൾ അധികൃതർ പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കി. മരുന്ന് മാറി അയച്ചതിന് ഉത്തരവാദികളായ ഗുജറാത്ത് കമ്പനിയെ ആർ.സി.സി കരിമ്പട്ടികയിൽപ്പെടുത്തി.

​രോഗികളുടെ വിവരങ്ങൾ ശേഖരിക്കുന്നു

​പത്തിലധികം ബോക്സുകളിലാണ് ടെമോസോളോമൈഡ് എത്തിയത്. ഇതിൽ അവസാന നാല് ബോക്സുകൾ ശേഷിക്കേയാണ് പിഴവ് കണ്ടെത്തി വിതരണം പൂർണമായി നിർത്തിയത്. എന്നാൽ, നേരത്തെ വിതരണം ചെയ്ത ബോക്സുകളിലും മരുന്നുകൾ മാറിയിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ലാത്തത് വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇത് കണ്ടെത്താനായി ഫാർമസിയിൽ നിന്ന് ഒരു മാസത്തിനിടെ ടെമോസോളോമൈഡ് വാങ്ങിയ രോഗികളുടെ വിവരങ്ങൾ ശേഖരിച്ച് പരിശോധിച്ചു വരികയാണ് ആർ.സി.സി അധികൃതർ. മരുന്ന് മാറിയിട്ടുണ്ടെങ്കിൽ നൂറുകണക്കിന് രോഗികൾ മാറി കഴിച്ചിരിക്കാൻ സാധ്യതയുണ്ട്.

​ഒന്നിലധികം ഡോസുകൾ അപകടകരം?

​ടെമോസോളോമൈഡിന് പകരം എറ്റോപോസൈഡ് കഴിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും അധികൃതർ ആശങ്കയിലാണ്. ഭൂരിഭാഗം കാൻസർ മരുന്നുകളുടെയും ഘടകങ്ങൾ തമ്മിൽ സാമ്യമുള്ളതിനാൽ ഒരു ഡോസ് മാറിയാൽ വലിയ അപകടമുണ്ടാകാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ, ഒന്നിലധികം ഡോസ് കഴിച്ചാൽ സ്ഥിതി ഗുരുതരമാകാൻ സാധ്യതയുണ്ടെന്നും സൂചനയുണ്ട്.
​വിഷയത്തിൽ ആർ.സി.സി ഡയറക്ടർ ഡോ. രജനീഷ് പ്രതികരിച്ചു. "മരുന്ന് മാറിയത് ഉടൻ കണ്ടെത്തി ഡ്രഗ്സ് കൺട്രോളർക്ക് പരാതി നൽകി. രോഗികൾക്ക് മരുന്ന് മാറി നൽകിയതായി ഇതുവരെ കണ്ടെത്തിയിട്ടില്ല," അദ്ദേഹം വ്യക്തമാക്കി. ടെണ്ടറിൽ ഒന്നാം സ്ഥാനത്ത് എത്തിയ കമ്പനിയാണ് ആർ.സി.സിക്ക് മരുന്ന് എത്തിച്ചിരുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
HEALTH
img