
ബംഗളുരു: വിജയാഹ്ലാദ പരിപാടിയെ പറ്റി ആർ സി ബി (റോയൽ ചാലഞ്ചേഴ്സ് ബംഗളുരു) സോഷ്യൽ മീഡിയയിലൂടെ നിരന്തരം പോസ്റ്റുകൾ ഷെയർ ചെയ്തതിനാലാണ് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് ആളുകൾ ഒഴുകിയെത്താൻ ഇടയാക്കിയതെന്ന് കർണാടക ഗവണ്മെന്റ് ഹൈക്കോടതിയെ ധരിപ്പിച്ചു. അറസ്റ്റ് റദ്ദാക്കാൻ ആർ സി ബിയും ഡി എൻ എ എന്ന ഇവന്റ് മാനേജ്മെന്റ് സ്ഥാപനവും സമർപ്പിച്ച ഹരജികൾ പരിഗണിക്കവെയാണ് എ ജി (അഡ്വക്കേറ്റ് ജനറൽ) ശശികിരൺ ഷെട്ടി ഗവണ്മെന്റ് നിലപാട് കോടതിയെ ധരിപ്പിച്ചത്."ആർ സി ബിയ്ക്ക് സോഷ്യൽ മീഡിയയിൽ പതിമൂന്ന് കോടിയോളം ഫോളോവേഴ്സുണ്ട്. ആരാധരെ വിക്ടറി പരേഡിലേക്കും സ്വീകരണപരിപാടിയിലേക്കും ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്റുകൾ ആർ സി ബി യും അവർ ചുമതലപ്പെടുത്തിയവരും ആവർത്തിച്ച് ഷെയർ ചെയ്തു. സൗജന്യ പാസ്സുകൾ വെബ്സൈറ്റിൽ നിന്ന് ഡൌൺ ലോഡ് ചെയ്തെടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. പരിധിയിലേറെ ആളുകളെ പരിപാടിയിലേക്ക് ക്ഷണിക്കുന്ന കാര്യം ഗവണ്മെന്റിനെ അറിയിച്ചിരുന്നില്ല. ആളുകളുടെ സുരക്ഷയെപ്പറ്റി അവർക്ക് തെല്ലും ഉത്കണ്ഠ യുണ്ടായിരുന്നില്ല " എ ജി വിശദീകരിച്ചു. " മുഖ്യമന്ത്രി തന്നെ പരിപാടിയിലേക്ക് ആളുകളെ ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്റ് എക്‌സിൽ ഷെയർ ചെയ്തിരുന്നു. അതേ ഞങ്ങളും ചെയ്തിട്ടുള്ളു. ദുരന്തം ഉണ്ടായതിന് ഉത്തരവാദി ഞങ്ങളല്ല. ആവശ്യമായ സുരക്ഷ ഏർപ്പാടാക്കാൻ ഗവണ്മെന്റിന് കഴിയാതെ പോയതാണ് പ്രശ്നമായത് " ആർ സി ബി, അവരുടെ ഇവന്റ് മാനേജ് മെന്റ് ഏജൻസിയായ ഡി എൻ എ എന്നിവർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സി വി നാഗേഷ് വാദിച്ചു. ഈ മാസം പന്ത്രണ്ട് വരെ അറസ്റ്റുപോലുള്ള കടുത്ത നടപടികൾ സ്വീകരിക്കരുതെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് എസ് ആർ കൃഷ്ണകുമാർ ഉത്തരവിട്ടു. ആർസിബി വൈസ് പ്രസിഡന്റ് നിഖിൽ സൂസലെയെ മിനിഞ്ഞാന്ന് രാവിലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ മറ്റുമൂന്നു പേരോടൊപ്പം അയാളും റിമാൻഡിലാണ്. " ഭാര്യയോടും രണ്ടുവയസ്സുള്ള കുഞ്ഞിനോടുമൊപ്പം യാത്ര പുറപ്പെടാനൊരുങ്ങുമ്പോഴാണ് അതിരാവിലെ വിമാനത്താവളത്തിൽ വെച്ച് നിഖിൽ സൂസലെയെ അറസ്റ്റ് ചെയ്തതെന്നും ദുരന്തത്തിൽ പങ്കില്ലാത്ത അദ്ദേഹത്തിന്റെ അറസ്റ്റ് അന്യായമാണെന്നും നാഗേഷ് കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. കേസ് ഇന്ന് വീണ്ടും പരിഗണിക്കും. സങ്കീർണ്ണമായ നിയമക്കുരുക്കിലേക്ക് നീങ്ങുകയാണ് ക്രിക്കറ്റ് ദുരന്തം. മുഖ്യമന്ത്രിയെയും ഉപ മുഖ്യമന്ത്രിയെയും കോൺഗ്രസ്സ് ഹൈക്കമാണ്ട് ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.











