മുൻ പങ്കാളിയെ വ്യാജ ബലാത്സംഗ കേസിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ച യുവതി അറസ്റ്റിൽ

മുൻ പങ്കാളിയെ വ്യാജ ബലാത്സംഗ കേസിൽ കുടുക്കി ഒരു കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ബാങ്ക് ജീവനക്കാരിയായ യുവതി അറസ്റ്റിൽ. ആർബിഎൽ ബാങ്ക് ജീവനക്കാരിയായ ഡോളി കൊട്ടക്ക് എന്ന യുവതിയാണ് അറസ്റ്റിലായത്. മുൻ പങ്കാളിയുടെ സാമ്പത്തിക വിവരങ്ങൾ നിയമവിരുദ്ധമായി കൈക്കലാക്കി, വ്യാജക്കേസിൽ കുടുക്കി അയാളെ ജയിലിലടച്ചു, ജോലി ഉപേക്ഷിക്കാൻ നിർബന്ധിച്ചു എന്നീ കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഐടി പ്രൊഫഷണലായ യുവാവുമായി ഡോളി പ്രണയത്തിലായിരുന്നു. എന്നാൽ, പിന്നീട് ഇവർ വേർപിരിഞ്ഞു. ഇതോടെയാണ് വ്യാജ ബലാത്സംഗ പരാതി നൽകി യുവതി ഇയാളെ കുടുക്കിയത്. അറസ്റ്റിലായ യുവാവിന്റെ ജാമ്യത്തിനുള്ള എൻഒസിക്ക് പകരമായി അയാളുടെ സഹോദരിയോട് കോടതിയിൽവെച്ച് ഡോളി ഒരു കോടി രൂപ ആവശ്യപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. പണം നൽകിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഡോളി ഭീഷണിപ്പെടുത്തിയതായി യുവതി പറയുന്നു. മുൻപങ്കാളി പണം നൽകില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിന്നതോടെ ഡോളി നിരന്തരമായി ഫോണിലൂടെ ഭീഷണി തുടർന്നു.
ഒടുവിൽ, തന്റെ അഭിഭാഷകന്റെ ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിലും ഒരു കോടി രൂപ വേണമെന്ന ആവശ്യം ഡോളി ആവർത്തിച്ചതായി മുൻപങ്കാളി പറയുന്നു. ജോലി ചെയ്തിരുന്ന ബാങ്കിലെ ജീവനക്കാരുടെ സഹായത്തോടെ മുൻ കാമുകന്റെെയും ഭാര്യയുടെയും വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങൾ ഡോളി നിയമവിരുദ്ധമായി കൈക്കലാക്കിയതായും ആരോപണമുണ്ട്.
മുൻപങ്കാളിയുടെ ബാങ്ക് അക്കൗണ്ടുമായും ഗൂഗിളുമായും ബന്ധിപ്പിച്ചിരുന്ന മൊബൈൽ നമ്പർ ഡോളി നീക്കം ചെയ്യുകയും പകരം സ്വന്തം നമ്പർ ചേർക്കുകയും ചെയ്തു. ഇതോടെ, അയാളുടെ ഓൺലൈൻ ബാങ്കിംഗ് വിവരങ്ങൾ, ജിപിഎസ് ലൊക്കേഷൻ ഹിസ്റ്ററി, സ്വകാര്യ ഫോട്ടോകൾ, മറ്റ് ലൊക്കേഷൻ വിവരങ്ങൾ എന്നിവ ഡോളിക്ക് ലഭിച്ചു തുടങ്ങി. പിന്നാലെ,ഡോളി തന്റെ മുൻ കാമുകൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ എച്ച്ആർ വിഭാഗത്തിന് ഇ-മെയിൽ അയച്ചതോടെ ഇയാൾക്ക് ജോലി രാജിവെക്കേണ്ടി വന്നു. 2024 മെയ് മാസത്തിൽ, ഐടി പ്രൊഫഷണലിന് ഡോളിയുടെ നമ്പറിൽനിന്ന് ഒരു ഭീഷണി സന്ദേശം ലഭിച്ചു. 'നീ ഒരിക്കലും ജയിക്കില്ല, വേദനയോടെ മരിക്കും. പണം തരിക, അല്ലെങ്കിൽ ജയിലിൽ കിടന്ന് മരിക്കുക...' എന്നായിരുന്നു സന്ദേശം. നിരന്തരമായ പീഡനത്തെ തുടർന്നും പൊലീസിൽനിന്ന് നടപടിയൊന്നും ഉണ്ടാകാത്തതിനാലും ഐടി പ്രൊഫഷണൽ ബോറിവലി മജിസ്ട്രേറ്റിനെ സമീപിച്ചു.
തുടർന്ന് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (ബിഎൻഎസ്എസ്) 175 (3) വകുപ്പ് പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ മജിസ്ട്രേറ്റ് ചാർകോപ്പ് പോലീസിനോട് ഉത്തരവിട്ടു. ഈ കേസിൽ ഡോളിയേയും മറ്റ് രണ്ടുപേരെയും പ്രതികളാക്കി പോലീസ് കേസെടുത്തിട്ടുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക് ജീവനക്കാരിയായ പ്രമീള വാസ്, സാഗർ കൊട്ടക്ക് എന്നിവരാണ് മറ്റ് പ്രതികൾ.











